- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിൽ ഒരു തവണ പോലും കാണാത്ത കാമുകൻ പ്രമുഖ ബാങ്കിൽ ജോലി ഉള്ള അരുൺ എന്ന് മൊഴി; ഫെയ്സ് ബുക്ക് കാമുകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ് പൊലീസ്; ആത്മഹത്യ ചെയ്യാൻ ആര്യയെ പ്രേരിപ്പിച്ചത് സത്യം അറിയാമെന്ന കുറ്റബോധമോ? രേഷ്മയെ വീണ്ടും ചോദ്യം ചെയ്യും; കല്ലുവാതുക്കലിൽ ആർക്കും ക്ലൂ ഇല്ല
ചാത്തന്നൂർ : പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫയ്സ്ബുക്ക് കാമുകനെ കണ്ടെത്തിയതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ചാത്തന്നൂർ എ.സി.പി. വൈ.നിസ്സാമുദ്ദീൻ. ചിലരുടെ ഫേസ്‌ബുക്ക് ഐ.ഡി.കൾ പരോശധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ആര്യ മരിച്ചതോടെ നവജാതശിശുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ സുപ്രധാന സാക്ഷികളിൽ ഒരാളാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് കരുതുന്നു.
രേഷ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചതിനെത്തുടർന്നു കാണാതാകുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത യുവതികളുമായുള്ള ഇടപാടുകളെക്കുറിച്ചു പൊലീസ് കൂടുതൽ വിവരങ്ങൾ തേടും. രേഷ്മ ഇപ്പോൾ കോവിഡ് ബാധിതയാണ്.
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന ഇവരെ കോവിഡ് നെഗറ്റീവ് ആയാലുടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെയാണ് ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയും ഗ്രീഷ്മ സഹോദരിയുടെ മകളുമാണ്.
രേഷ്മയുടെ ഭർത്താവ് വിഷ്ണു അബുദാബിയിൽ നിന്നു നാട്ടിലെത്തിയ ശേഷം ക്വാറന്റീനിലാണ്. ക്വാറന്റൈൻ കഴിയുന്ന മുറയ്ക്ക് വിഷ്ണുവിൽ നിന്നും മൊഴിയെടുക്കും. ആര്യയുടെ മൊബൈൽ ഫോൺ രേഷ്മ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതശരീരം കണ്ടെത്തുമ്പോൾ ഗ്രീഷ്മയുടെ ശരീരത്തിനൊപ്പം ലഭിച്ച ബാഗിൽ 2000 രൂപ, സാനിറ്റൈസർ എന്നിവ ഉണ്ടായിരുന്നു. അന്വേഷണത്തിന് ഏറെ സഹായകമാകുന്ന ഫോൺ ആറ്റിൽ ഉപേക്ഷിച്ചതാകാനാണു സാധ്യത. ഇതോടെ ആ തെളിവും നഷ്ടമായി എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന് വേണ്ടിയായിരുന്നു ആത്മഹത്യയെന്ന സംശയവും പൊലീസിനുണ്ട്.
ഇതിനിടെ യുവതികൾ തന്നെ വ്യാജ ഫേസ്‌ബുക് അക്കൗണ്ടിലുടെ കാമുകനെന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്‌തെന്ന അഭ്യൂഹം പരന്നെങ്കിലും പൊലീസ് നിഷേധിച്ചു. നേരിൽ ഒരു തവണ പോലും കാണാത്ത കാമുകൻ പ്രമുഖ ബാങ്കിൽ ജോലി ഉള്ള അരുൺ എന്ന പേരുള്ള യുവാവാണെന്നു രേഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു കാമുകൻ ഉണ്ടോയെന്നു പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കണ്ടിട്ടില്ലാത്ത കാമുകൻ സങ്കല്പസൃഷ്ടിയാണോയെന്ന സംശയവും ശക്തമാണ്.
മറ്റാരെയോ സംരക്ഷിക്കാനുള്ള കെട്ടുകഥയാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണത്തിനായി പൊലീസ് രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പിടിച്ചെടുത്തിരുന്നു. നിരന്തരമുള്ള ഫോൺ ഉപയോഗത്തെത്തുടർന്ന് ഭർത്താവ് വിഷ്ണു, രേഷ്മയുടെ ഫോൺ എറിഞ്ഞുടയ്ക്കുകയും സിം കാർഡ് നശിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു. അതിനുശേഷം മാതാപിതാക്കളുടെ ഫോണായിരുന്നു രേഷ്മ ഉപയോഗിച്ചത്.
ഈ രണ്ട് ഫോണുകളിലും ഇന്റർനെറ്റ് സംവിധാനമില്ല. ഇതും ഫേസ്‌ബുക്കിലെ കണ്ടിട്ടില്ലാത്ത കാമുകൻ എന്ന കഥയിൽ സംശയം ഉയർത്തുന്നു. രേഷ്മയ്ക്ക് മറ്റാരുമായോ അടുപ്പമുണ്ടെന്നാണ് സൂചന. ആത്മഹത്യചെയ്ത ആര്യയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത കുറിപ്പിൽ രേഷ്മയെ വഞ്ചകിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആര്യയ്ക്ക് എല്ലാം അറിയാമായിരുന്നു എന്ന സംശയവും പൊലീസിനുണ്ട്. മരിച്ച യുവതികളുടെ ഫോണും സിമ്മും രേഷ്മ ഉപയോഗിച്ചിരുന്നു.
രേഷ്മ അറസ്റ്റിലായതോടെ ഇരുവരും മാനസിക സമ്മർദത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. രേഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. കോവിഡ് പോസിറ്റീവായ രേഷ്മയെ ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങുന്നതും ബുദ്ധിമുട്ടാണ്. ആരെങ്കിലും വ്യാജ ഐ.ഡി.ചമച്ച് രേഷ്മയുടെ കാമുകനായി അഭിനയിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ