- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോപ്പുകവറിലെ രക്തക്കറയെ ആർത്തവ രക്തമാക്കി പ്രസവ പരിശോധന ഒഴിവാക്കി തെളിവ് നശീകരണത്തിന് കൂടുതൽ സമയം സംഘടിപ്പിച്ചു; ഡിഎൻഎ പരിശോധനാഫലം വന്നപ്പോൾ കുരുക്ക് മുറുകിയെങ്കിലും പ്രതിസന്ധിയിലായത് അന്വേഷകർ; കുറ്റസമ്മതം നടത്തിയിട്ടും കാമുകനില്ല; കല്ലുവാതുക്കൽ രേഷ്മ ചില്ലറക്കാരിയല്ല
ചാത്തന്നൂർ : കല്ലുവാതുക്കൽ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതി രേഷ്മ തുടക്കം മുതൽ പറഞ്ഞതെല്ലാം പച്ചക്കള്ളം. കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസം മുതൽ തന്നെ കേസിൽ നിന്ന് രക്ഷപ്പെടാൻ രേഷ്മ കള്ളക്കളി തുടങ്ങി. നവജാത ശിശുവിനെ കണ്ടെത്തിയ സ്ഥലത്തു നിന്ന് കണ്ടെടുത്ത സോപ്പുകവറിലെ രക്തക്കറ തന്റെ ആർത്തവരക്തമാണെന്ന് പൊലീസിനോടു പറഞ്ഞതിൽ തുടങ്ങിയതാണ് രേഷ്മയുടെ കേസ് അട്ടിമറി.
ആർത്തവ സമയത്താണ് താനെന്ന് വരുത്തി പ്രസവസംബന്ധമായ പരിശോധനയിൽ നിന്ന് തന്നെ രക്ഷപ്പെടാനായിരുന്നു രേഷ്മയുടെ ശ്രമം. ഇത് ഏറെ കുറെ വിജയിക്കുകയും ചെയ്തു. സ്ഥലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരടക്കം എത്തിയിരുന്നു. എന്നാൽ കുഞ്ഞിനെ കാണപ്പെട്ട പുരയിടത്തോടു ചേർന്ന കുടുംബത്തിലെ സ്ത്രീകളെന്നനിലയിൽ രേഷ്മയെ അടക്കം ആദ്യദിവസങ്ങളിൽത്തന്നെ വൈദ്യപരിശോധന നടത്തിയില്ല. ഇതും പ്രതിയെ കണ്ടെത്തുന്നതിൽ താമസമുണ്ടാക്കി.
കുഞ്ഞിനെ കാണപ്പെട്ടയിടത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയടക്കം എത്തിച്ച് പരിശോധന നടത്തിയിട്ടും ഇത്തരമൊരു പരിശോധനയുടെ സാധ്യത പൊലീസ് ആരാഞ്ഞില്ല. രേഷ്മയെയും രേഷ്മയുടെ അമ്മയെയും ആദ്യംമുതൽത്തന്നെ പൊലീസിനു സംശയമുണ്ടിയിരുന്നതായാണ് പറയുന്നത്. രണ്ടാഴ്ചയ്ക്കുശേഷമാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.
ഇത് തെളിവുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെടാൻ കാരണമായി. കോടതിയുടെ അനുമതിയോടെ എട്ടോളംപേരുടെ ഡി.എൻ.എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭർത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്. അങ്ങനെ മാസങ്ങൾ വേണ്ടി വന്നു പ്രതിയെ പിടിക്കാൻ. ഇതോടെ തെളിവുകളും നശിപ്പിക്കാൻ പ്രതിക്ക് സാഹചര്യം ഏറെ കിട്ടി.
പ്രതിയുടെ ബന്ധുക്കളായ രണ്ടു യുവതികളുടെ മരണംകൂടിയായതോടെ അന്വേഷണം കൂടുതൽ പ്രതിസന്ധിയിലായി. രേഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കുരുക്കുകൾ അഴിയുന്നില്ല. രണ്ട് യുവതികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണവും കണ്ടെത്തേണ്ടതുണ്ട്. തന്റെ കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിന് അറിയില്ലായിരുന്നെന്നുമാണ് രേഷ്മയുടെ മൊഴി. രണ്ടു ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽനിന്നാണ് കാമുകനുമായി ചാറ്റ് ചെയ്തതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. ഈ രണ്ട് അക്കൗണ്ടുകളും പരിശോധിച്ച് ഇതിനുപിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്.
രേഷ്മ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഉടമയായ ആര്യയെ ഇക്കാര്യം ചോദിച്ചറിയാനാണ് വിളിപ്പിച്ചിരുന്നത്. എന്നാൽ ചോദ്യംചെയ്യലിനെത്താതെ ബന്ധുവായ ഗ്രീഷ്മയെയുംകൂട്ടി ആര്യ ആത്മഹത്യചെയ്തതോടെ ദുരൂഹതയേറി. ഈ സിം കാർഡ് ഉപയോഗിച്ചുള്ള രണ്ട് ഫേസ്‌ബുക്ക് അക്കൗണ്ടുകളായിരുന്നു രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ച് അറിവുള്ളവരായിരുന്നു ആത്മഹത്യചെയ്ത ആര്യയും ഗ്രീഷ്മയുമെന്നാണ് വിവരം.
അതിനിടെ രേഷ്മയുടെ ഫേസ്‌ബുക്ക് കാമുകനെ കണ്ടെത്തിയതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ചാത്തന്നൂർ എ.സി.പി. വൈ.നിസ്സാമുദ്ദീൻ പറഞ്ഞു. ചിലരുടെ ഫേസ്‌ബുക്ക് ഐ.ഡി.കൾ പരോശധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ആര്യ മരിച്ചതോടെ നവജാതശിശുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ സുപ്രധാന സാക്ഷികളിൽ ഒരാളാണ് നഷ്ടപ്പെട്ടതെന്ന് എ.സി.പി.പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ