- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചെന്ന പേരിൽ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തി; ഫേസ്‌ബുക്കിലൂടെ അധിക്ഷേപിച്ചു: എം വി ജയരാജനും കാരായി രാജനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും കാരായി രാജനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ച കേസിൽ അറസ്റ്റിലായ രേഷ്മ. എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും ഫേസ്‌ബുക്കിലൂടെ അധിക്ഷേപം നടത്തിയെന്നാണ് പരാതി. എം വി ജയരാജൻ അശ്ലീല പരാമർശം നടത്തിയെന്നും തന്റേത് സിപിഎം അനുഭാവി കുടുംബമാണെന്നും പരാതിയിൽ പറയുന്നു.
രേഷ്മ സിപിഎം അനുഭാവിയാണെന്ന വാർത്തകൾ നിഷേധിച്ച് നേരത്തെ എം വി ജയരാജനും കാരായി രാജനും രംഗത്തുവന്നിരുന്നു. രേഷ്മയും ഭർത്താവും ആർഎസ്എസ് ആണെന്നായിരുന്നു ഇരുവരും ആരോപിച്ചത്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രധാന പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയതിന് രേഷ്മയെ അറസ്റ്റ് ചെയ്തിരുന്നു.
കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചെന്ന പേരിൽ സൈബർ ആക്രമണം ശക്തമായതോടെയാണ് രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനെതിരെയാണ് പരാതി. എം വി ജയരാജൻ അശ്ലീല പ്രയോഗം നടത്തിയെന്നാണ് രേഷ്മയുടെ ആരോപണം.
ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെ രേഷ്മയ്‌ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്. സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.
പിണറായി പാണ്ട്യാല മുക്കിലെ മയിൽ പീലി വീട്ടിൽ ഏഴ് ദിവസമാണ് നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത്. വീട് നൽകിയതും പുറത്ത് നിന്ന് പൂട്ടിയ വീട്ടിൽ ഒളിച്ച് കഴിഞ്ഞ നിജിലിന് ഭക്ഷണം എത്തിച്ച് നൽകിയതും സുഹൃത്ത് രേഷ്മയാണെന്ന് പൊലീസ് പറയുന്നു. പ്രതിയെ സഹായിച്ചതിന് രേഷ്മ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ രേഷ്മയുടെ ചിത്രം ഉപയോഗിച്ച് അപകീർത്തി പോസ്റ്റുകൾ നിറയുകയാണ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം ഇടത് ഗ്രൂപ്പുകളിലും വ്യാപകം. സൈബർ ആക്രമണങ്ങളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ എംവി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിനെ നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ് പറയുന്നത്.
അദ്ധ്യാപികയ്‌ക്കെതിരെയുള്ള അപവാദ പ്രചാരണം ഉടൻ അവസാനിപ്പിക്കണമെന്നും സൈബർ ആക്രമണം തുടർന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. കേസിൽ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ രേഷ്മ തത്കാലം മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നാണ് അറിയിച്ചത്.
കൊലക്കേസിൽ പൊലീസ് തിരയുന്ന പ്രതിയാണ് നിജിൽ ദാസെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഒളിവിൽ കഴിയാൻ വീട് ഒരുക്കി നൽകിയതെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ഒരു വർഷത്തെ പരിചയം ഉണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നും പൊലീസ് പറയുന്നു. രേഷ്മയെ ജയിലിൽ നിന്ന് ഇറക്കാനെത്തിയ ബിജെപി പ്രവർത്തകരെ ചൂണ്ടിക്കാട്ടിയ എം വി ജയരാജൻ രേഷ്മയും ഭർത്താവും ബിജെപി ബന്ധമുള്ളവരാണെന്ന് ആരോപിക്കുന്നു.
പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റം ചുമത്തി പതിഞ്ചാം പ്രതിയാക്കിയാണ് അണ്ടല്ലൂർ സ്വദേശി പി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അദ്ധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിലിനെ ഒളിവിൽ പാർപ്പിച്ചത്. നിജിൽ ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് രേഷ്മ മൊഴി നൽകിയിട്ടുണ്ടെന്നും കൊലക്കേസിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ച് ഇനിയും അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറയുന്നു.
സിപിഎം ശക്തികേന്ദ്രത്തിൽ പ്രതിയെ താമസിപ്പിച്ചതിൽ പിണറായി പ്രദേശത്ത് വൻ ജനരോഷം ഉണ്ടെന്നും പുറത്തിറങ്ങിയാൽ രേഷ്മയുടെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന് ഭയക്കുന്നതിൽ ജാമ്യം നൽകരുത് എന്നുകൂടി റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതി ചേർക്കും മുൻപാണ് സുഹൃത്തായ നിജിലിന് താമസ സൗകര്യം ഒരുക്കിയതെന്നും ഭർത്താവിന്റെ പേരിലുള്ള വീട്ടിൽ നിജിൽ താമസിച്ചതിന് രേഷമയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്നുമാണ് രേഷ്മയുടെ അഭിഭാഷകന്റെ വാദം.
പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്നും രേഷ്മയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണ്. രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസിൽ റിമാൻഡ് പാടില്ല. നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇന്നലെ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങുന്ന സമയത്ത് രേഷ്മയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി അജേഷിനെ ചൂണ്ടിക്കാട്ടി രേഷ്മയും ഭർത്താവും ബിജെപി അനുഭാവികളാണെന്ന് സിപിഎം ആരോപണം ആവർത്തിച്ചു. സിപിഎം അനുഭാവമുള്ള കുടുംബമാണ് തങ്ങളുടെന്നാണ് രേഷ്മയുടെ മാതാപിതാക്കൾ പറയുന്നത്. ഹരിദാസന്റെ കൊലപാതകം ബിജെപിയുടെ മേലിൽ കെട്ടിവയ്ക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീട് വിട്ടുനൽകിയ രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത് ബിജെപി തലശേരി മണ്ഡലം ജനറൽ സെക്രട്ടറിയാണ്. രേഷ്മയ്ക്കുവേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആർഎസ്എസ് ബന്ധത്തിന് ഇതിൽ കൂടുതൽ തെളിവു വേണ്ട. രേഷ്മ പൊലീസിനു നൽകിയ മൊഴിയിലും ബിജെപി ബന്ധം വ്യക്തമാണ്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് നിജിൽ ദാസിന് താമസിക്കാൻ സ്ഥലം നൽകിയതെന്നും ജയരാജൻ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ