- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധ സഹോദരന്റെ മകളെ പ്രണയിച്ച അരുൺ; കൊച്ചച്ഛന്റേത് അതിമോഹമെന്ന് പ്ലസ് ടുക്കാരി പ്രതികരിച്ചത് പ്രകോപനമായി? എപ്പോഴും കൈയിൽ ഉളിയുമായി നടക്കുന്ന മരപ്പണിക്കാരൻ; ഹൃദയത്തിലേക്ക് തുളച്ചു കയറിയ ഒറ്റക്കുത്ത് ഈറ്റക്കാട്ടിൽ രേഷ്മയുടെ ജീവനെടുത്തു; അരുൺ ഇപ്പോഴും കാണാമറയത്ത്
രാജകുമാരി: പള്ളിവാസൽ പവർഹൗസിനു സമീപം ഈറ്റക്കാട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധു ഒളിവിൽ തന്നെ. ഹൃദയം തുളച്ചുകയറിയ കുത്ത് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വണ്ടിപ്പാറയിൽ രാജേഷിന്റെയും ജെസിയുടെയും മകൾ രേഷ്മ(17)യെ വെള്ളിയാഴ്ച രാത്രി 9.30നാണു നെഞ്ചിനും കഴുത്തിനും കൈക്കും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പവർഹൗസിൽ വാടകയ്ക്കു താമസിക്കുകയാണ് ഇവർ.
രേഷ്മയുടെ അപ്പൂപ്പന്റെ രണ്ടാം ഭാര്യയിലുള്ള മകൻ നേര്യമംഗലം നീണ്ടപാറ വണ്ടിപ്പാറയിൽ അരുണിനെയാണ് പൊലീസ് തെരയുന്നത്. പ്രണകുട്ടിയുമായി അരുണിന് പ്രണയ ബന്ധം ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. എന്നാൽ ഇത് രേഷ്മ അംഗീകരിച്ചിരുന്നില്ല. തന്റെ കൊച്ചച്ഛനാണ് അരുണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചുണ്ടായ തർക്കമാകാം കൊലപാതകത്തിലേക്കു വഴിവച്ചതെന്നാണു പൊലീസിന്റെ നിഗമനം. ഹൃദയം തുളച്ചുകയറിയ ഒറ്റക്കുത്തിൽ രേഷ്മയുടെ മരണം സംഭവിച്ചെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ ഫൊറൻസിക് സർജൻ ഡോ. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രേഷ്മയുടെ മൃതദേഹത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന രേഷ്മ വെള്ളിയാഴ്ച സ്‌കൂളിൽ നിന്നു വരാൻ വൈകിയതോടെ ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. രേഷ്മയും അരുണും വൈകിട്ട് നാലരയോടെ പവർഹൗസിനു സമീപം റോഡിലൂടെ നടന്നുവരുന്നതു നാട്ടുകാർ കണ്ടിരുന്നു. ഇവർ ഒരുമിച്ചു നടക്കുന്ന ദൃശ്യങ്ങൾ റോഡരികിലുള്ള റിസോർട്ടിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു. ഈ റോഡിനു താഴെ കാടുപിടിച്ചു കിടന്ന സ്ഥലത്താണു രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടതു നെഞ്ചിലും കഴുത്തിലും ഇടതുകയ്യിലും ഉളി പോലുള്ള ആയുധം കൊണ്ടു കുത്തേറ്റിട്ടുണ്ട്. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്‌ഐമാരായ സി.വി.ഉലഹന്നാൻ, സജി.എൻ.പോൾ, റോബിൻസൺ എന്നിവരുടെ നേതൃത്വത്തിലാണു കേസന്വേഷണം നടക്കുന്നത്. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തി. പുഴയോരത്തു നിന്നു രേഷ്മയുടെ ബാഗ് കണ്ടെത്തി. സ്ഥലത്തു നിന്നു കിട്ടിയ മൊബൈൽ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും അരുണിന്റേതാണെന്നു പൊലീസ് കരുതുന്നു.
പുഴയുടെ സമീപത്തെ മണൽത്തിട്ടയിൽ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. രാജകുമാരിയിലെ ഫർണിച്ചർ കടയിൽ മര ഉരുപ്പടികൾ നിർമ്മിക്കുന്ന ജോലിയാണ് അരുണിന്. വീട്ടിൽ നിന്നു മാറി സുഹൃത്തിനൊപ്പമാണ് അരുൺ താമസിക്കുന്നത്. അരുണിനെ സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്. ഇയാൾ എപ്പോഴും കൈയിൽ ഉളി കൊണ്ടുനടക്കാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കത്തിപോലുള്ള ആയുധങ്ങൾ സംഭവസ്ഥലത്തുനിന്ന് ലഭിക്കാത്തതിനാൽ ഉളി ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പ്രതി ജില്ല വിടാതിരിക്കാനായി രാത്രി തന്നെ പൊലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു.
കോതമംഗലം വടാട്ടുപാറ സ്വദേശിയായ രാജേഷ് വർഷങ്ങളായി കുടുംബസമേതം പവർഹൗസിന് സമീപമാണ് താമസിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് അരുൺ ഇവിടെ വന്നു താമസിച്ചിരുന്നതായി രാജേഷ് പറഞ്ഞു. രേഷ്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വടാട്ടുപാറയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മരണ ശേഷം നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ കോവിഡ് മാനദണ്ഡം അനുസരിച്ചാണ് സംസ്‌കാരം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ