- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതയുടെ കവർഗേളാക്കി അശ്ലീലം പറഞ്ഞു പ്രചരണങ്ങൾ; സഖാക്കളായിട്ടും സൈബർ ആക്രമണം നയിക്കുന്നത് പാർട്ടി ഗ്രൂപ്പുകൾ; രേഷ്മയുടെ മകളെയും വെറുതേ വിടുന്നില്ല; ജീവനൊടുക്കേണ്ട അവസ്ഥയെന്ന് കുടുംബം; പാർട്ടി വേദിയിൽ പറയുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത് അയൽക്കാരനായ മുഖ്യമന്ത്രിയെ വിശ്വസിച്ച്
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വാടക വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന രേഷ്മയ്ക്ക് നേരെ സൈബർ ആക്രമണം തുടരുകയാണ്. സഭ്യതയുടെ സീമകൾ എല്ലാം ലംഘിക്കുന്ന വിധത്തിൽ അശ്ലീല പ്രചരണം കൊഴുപ്പിക്കുകയാണ് സൈബർ സഖാക്കൾ. പാർട്ടിക്ക് അറിയില്ലെന്ന് പറയുമ്പോഴും പാർട്ടി സൈബർ ഗ്രൂപ്പുകളും നേതാക്കളും തന്നെയാണ് ക്രൂരമായ സൈബർ ആക്രമണം നടത്തുന്നതും.
സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്നാണ് രേഷ്മയുടെ കുടുംബം പറയുന്നത്. ഇത്രയേറെ ദ്രോഹിച്ചിട്ടും പാർട്ടിയിൽ വിശ്വസിച്ചിരിക്കയാണ് ഈ കുടുംബം. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അയൽക്കാരൻ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങൾക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നൽകിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. അച്ചടക്കമുള്ള പാർട്ടിക്കാരെന്ന നിലയിലാണ് പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദിയിൽ പറയാനും ഈ കുടുംബം ഒരുങ്ങുന്നത്.
രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സിപിഎം നേതാവ് കാരായി രാജൻ അടക്കമുള്ളവരുടെ ഫേസ്‌ബുക് പോസ്റ്റുകളുടെ പകർപ്പു കൂടി ഉൾപ്പെടുത്തി കുടുംബാംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ നടത്തിയ അധിക്ഷേപ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം വിജയരാജൻ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികാര ബുദ്ധിയോടെ പൊലീസ് പെരുമാറ്റം
ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പ്രതികാര ബുദ്ധിയോടെയാണ് പൊലീസ് രേഷ്മയോട് പെരുമാറിയത്. ഇതിന് പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടോ എന്നത് അടക്കം കുടുംബം സംശയിക്കുന്നുണ്ട്. പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയിൽ പറയുന്നു.
എസ്ഐ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും മോശം ഭാഷയിൽ അധിക്ഷേപിച്ചു എന്നും പരാതിയിൽ പറയുന്നു. സിപിഎം നേതാക്കളായ എം വി ജയരാജനും കാരായി രാജനും അടക്കമുള്ളവർ സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിയിലുണ്ട്. ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തനിക്കെതിരെ മനുഷ്യാവകാശലംഘനം നടന്നതായാണ് രേഷ്മയുടെ ആക്ഷേപം. ഇരുപത്തിരണ്ടാം തീയതി പുലർച്ചെ 4.30 ന്ന് വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെയാണ് പൊലീസ് സംഘം വീട്ടിലെത്തി തന്റെയും മകളുടേയും ഫോണുകൾ കൈക്കലാക്കിയത്. ഒമ്പത് മണി മുതൽ രാത്രി വരെ പൊലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചു. ശൗചാലയം ഉപയോഗിക്കാൻ അനുവദിച്ചില്ല.
വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബിനുമോഹൻ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകൾ ചില പ്രാദേശിക മാധ്യമങ്ങൾ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.
പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന വകുപ്പുകൾ ആയിട്ട് പോലും അർദ്ധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. കേസിൽ നിരപരാധിയാണ് എന്ന് വ്യക്തമാക്കുന്ന രേഷ്മ താനും ഭർത്താവും സിപിഎം അനുഭാവികൾ ആണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വാർത്താ സമ്മേളനത്തിൽ എം വി ജയരാജൻ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും തന്റെയും കുടുംബത്തിന്റെയും ഫോട്ടോകൾ പരസ്യപ്പെടുത്തുകയും ചെയ്തു. ഫോട്ടോകൾ ചോർത്തി നൽകിയത് പൊലീസ് ആണെന്ന് സംശയിക്കുന്നതായും രേഷ്മ വ്യക്തമാക്കുന്നു.
അതേസമയം രേഷ്മയുടെ വീടിന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അണ്ടല്ലൂരിലെ വീട്ടിലും പരിസരത്തുമായി പത്തോളം ഉദ്യോഗസ്ഥരെയാണ് ചുമതല പ്പെടുത്തിയിട്ടുള്ളത്. രേഷ്മയെ അപായപ്പെടുത്താനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്. ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അദ്ധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്. നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ