കണ്ണൂർ: മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറാൻ തയ്യാറെന്ന് ഫേസ്‌ബുക്കിൽ കുറിച്ച യുവതിക്ക് നേരെ ഭീഷണിയെന്ന് പരാതി. തന്നെ മല ചവിട്ടാൻ സമ്മതിക്കിലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. ഒരു വിശ്വാസി എന്ന നിലയിൽ മലകയറാൻ തയാറാകുന്നവരെ എതിർത്താൽ വിശ്വാസസമൂഹം അതിനെതിരെ മുന്നോട്ട് വരുമെന്നും രേഷ്മ പറഞ്ഞു.കണ്ണൂർ സ്വദേശിനിയായ രേഷ്മ നിഷാന്ത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് രേഷ്മയ്‌ക്കെതിരെ പ്രതിഷേധം തുടങ്ങിയതും.

മദ്യലഹരിയിലായിരുന്നു എല്ലാവരുമെന്നും രേഷ്മ പറയുന്നു. രേഷ്മയുടെ വാക്കുകൾ ഇങ്ങനെ: അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആൾക്കൂട്ടം മദ്യലഹരിയിൽ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിലുണ്ടായിരുന്നു. അവർ മുക്കാൽ മണിക്കൂറോളം വീടിന്റെ മുന്നിൽ തുടർന്നു. സാഹചര്യം അത്ര പന്തിയല്ലെന്ന് മനസിലായതോടെ പൊലീസിനനെ അറിയിച്ചു. പെലീസെത്തി അവരോട് സംസാരിച്ചു. ഒരു പെണ്ണ് മാലയിട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പ്രതിഷേധത്തിലാണ് അവർ അവിടെ നിൽക്കുന്നതെന്നാണ് പൊലീസിനോട് വീടിന്റെ മുന്നിൽ നിന്നവർ പറഞ്ഞത്. തന്നെ ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവർ മുഴക്കിയിട്ടുണ്ട്.

വിശ്വാസികളായ ആരെങ്കിലും ശബരിമലയിലെത്താൻ ശ്രമിച്ചാൽ അവർക്ക് വേണ്ട സുരക്ഷയൊരുക്കുമെന്ന സർക്കാർ ഉറപ്പ് വിശ്വാസിച്ചാണ് ഞാൻ യാത്രയ്ക്കൊരുങ്ങിയത്. അതുകൊണ്ട് തന്നെ തനിക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഒപ്പമുണ്ടെന്ന് വിശ്വാസിക്കുന്നുണ്ട്.പെണ്ണ് മല കയറാൻ മാലയിട്ടതിന്റെ പേരിലാണ് തനിക്കെതിരെ പ്രതിഷേധമുണ്ടായത്. ഒരുകാരണവശാലും മല ചവിട്ടിക്കില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്. വന്നവർ തന്റെ നാട്ടിലുള്ളവർ ആയിരുന്നില്ല. എല്ലാവരും മദ്യലഹരിയിലാണെന്ന് തോന്നിച്ചു. ഇതിന് പുറമെ ഫേസ്‌ബുക്ക്, ഫോൺ വഴിയും ഭീഷണിയുണ്ടായതായി ഇവർ പറയുന്നു. അതേസമയം, താൻ ഒറ്റയ്ക്കല്ല ശബരിമലയിൽ പോകാൻ തീരുമാനിച്ചതെന്നും തനിക്കൊപ്പം നാലോളം യുവതികൾ ഉണ്ടെന്നും രേഷ്മ വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ അവരുടെ പേരുകൾ ഇപ്പോൾ പറയാനില്ലെന്നും രേഷ്മ വ്യക്തമാക്കി.

അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെ കാണാൻ അതിയായ ആ?ഗ്രഹമുണ്ടെന്നും രേഷ്മ പറയുന്നു.മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലയ്ക്ക് പോകും. ആർത്തവത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് അത് മലമൂത്രവിസർജ്യവും വിയർപ്പും പോലെ ശരീരത്തിൽ ആവശ്യമില്ലാത്തത് പുറംതള്ളൽ മാത്രമാണെന്നും രേഷ്മ പറയുന്നു.

കണ്ണൂർ കോളേജിലെ അദ്ധ്യാപികയായ രേഷ്മ എന്ന യുവതിയാണ് താൻ 41 ദിവസത്തെ വ്രതമെടുത്ത് മലകയറാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ അഭ്യാർത്ഥിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തത്. കറുത്ത വസ്ത്രം ധരിച്ച് മാലയിട്ടു നിൽക്കുന്ന ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു കൊണ്ടാണ് രേഷ്മ നിലപാട് വ്യക്തമാക്കിയത്. വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ലെന്നും തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രഖ്യാപിക്കുന്ന രേഷ്മ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും പിന്തുണയും അഭ്യർത്ഥിക്കുന്നുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അവർ പറയുന്നു. കണ്ണൂരിലെ ഒരു കോളേജിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയാണ് രേഷ്മ. ഭർത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.

രേഷ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ്....

വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്...

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
#break_the_barrier