തലശേരി:പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി ആർ.എസ്. എസ് നേതാവ് നിജിൻ ദാസിന് ഒളിവിൽ താമസിക്കാൻ വീട് വിട്ടു നൽകിയ അദ്ധ്യാപികയുടെ വീടിന് നേരെ ബോംബേറ്. ഇവരെ വെള്ളിയാഴ്‌ച്ച രാത്രി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ പിണറായി പാണ്ട്യാല മുക്കിലെ വീടിനു നേരെ ബോംബേറുണ്ടായത്

വെള്ളിയാഴ്ച പുലർച്ചെ നിജൻ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. ചകൃത്ത് മുക്ക് സ്വദേശിനായ രേഷ്മ പ്രതിക്ക് വീട് വിട്ടു നൽകിയതുകൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ഒളിച്ചു താമസിക്കാൻ വീട് വിട്ടു നൽകണമെന്ന് വിഷുവിന് ശേഷമാണ് നിജിൻ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. രേഷ്മയുടെ ഭർത്താവ് പ്രശാന്ത് പ്രവാസിയാണ്. രേഷ്മയും മക്കളും അണ്ടലൂർ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വർഷം മുമ്പ് നിർമ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിൻ ദാസിനെ കസ്റ്റഡിയിൽ എടുത്തത്. ഭർത്താവിന്റെ അറിവോടെയാണ് വീട് വാടകയ്ക്ക് നൽകിയതെന്നും സൂചനയുണ്ട്.

സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആർഎസ്എസ് തലശ്ശേരി ഗണ്ട് കാര്യവാഹകായ നിജിൻ ദാസ് ഒളിവിൽ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ. ഹരിദാസ് വധകേസിൽ പ്രതിയായതിനെ തുടർത്ത് നിജിൽ ദാസ് ഉൾപ്പെടെയുള്ള 13 പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജി തലശേരി കോടതി തള്ളിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ് നിജിൻ ദാസ് ഒളിവിൽ താമസിച്ചത്. അതുകൊണ്ടാണ് പൊലീസ് പരിശോധനകൾ ഉണ്ടാകില്ലെന്ന് കരുതി ഇവിടെ ഒളിത്താവളമാക്കിയത്.

നിജിൻ ഒളിവിൽ താമസിച്ച വീടിന് നേരെ ബോംബ് ആക്രമണം ഉണ്ടായ സംഭവത്തിൽ പിണറായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.. ബോംബേറിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. സിപിഎം പാർട്ടി കേന്ദ്രമായ പിണറായിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14ാം പ്രതിയാണു നിഖിൽ. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ട്.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരു്‌നനു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിൽ കൊലയാളികൾക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പൻ മട്ടിലായിരുന്നു. ആദ്യഘട്ടത്തിൽ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.

കൊലയാളി സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന നിജിൽ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.