- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞങ്ങളെ എതിർക്കുന്നവരാരും ഇവിടെ വേണ്ട'; കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്നും ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പുറത്ത്; പുനഃസംഘടനയിൽ നേട്ടമുണ്ടാക്കി നെഹ്റു കുടുംബത്തിന്റെ വിശ്വസ്തർ; അംബിക സോണി, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവർക്കും കസേരകൾ നഷ്ടമായി; കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ നേതാക്കളെയും പരിഗണിച്ചില്ല; പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്ന പുനഃസംഘടനയുമായി എഐസിസി
ന്യൂഡൽഹി: കോൺഗ്രസിലെ വിമത ശബ്ദങ്ങളെ ഒതുക്കാൻ തീവ്ര ശ്രമം. നേതൃമാറ്റം ആവശ്യപ്പെട്ട മുതിർന്ന നേതാക്കൾക്ക് സ്ഥാനചലനം. കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലാണ് മുതിർന്ന നേതാക്കളെ തഴഞ്ഞത്. ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ പിന്തുണയ്ക്കുന്ന കൂടുതൽ നേതാക്കളെ പ്രവർത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ കത്തെഴുതിയതിനെ തുടർന്നുണ്ടായ കോൺഗ്രസിലെ ഭിന്നത ഇതോടെ കൂടുതൽ രൂക്ഷമാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
ഹരിയാനയുടെ ചുമതല വഹിച്ചിരുന്ന ഗുലാം നബി ആസാദിന് പകരമായി വിവേക് ബൻസലിനെ നിയമിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ ഉപദേശിക്കുന്ന ആറ് അംഗ ഹൈ-പവർ പാനലിൽ ഉൾപ്പെടുത്തിയ രാഹുൽ ഗാന്ധി വിശ്വസ്തനായ രൺദീപ് സുർജേവാലയാണ് പുന സംഘടനയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഒപ്പിട്ടയാളാണെങ്കിലും ജിതിൻ പ്രസാദിന് സ്ഥാനക്കയറ്റം ലഭിച്ചു. പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലക്കാരനായാണ് പ്രസാദിനെ നിയമിച്ചത്.
ഗുലാംനബി ആസാദിന് പുറമെ അംബിക സോണി, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവരെയും എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്. സംഘടനാ കാര്യങ്ങളിൽ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയിൽ അംബിക സോണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പുതിയ അംഗങ്ങൾ - ദിഗ്വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച് കെ പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര.
കേരളത്തിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി. മുകുൾ വാസ്നികിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ പ്രവർത്തക സമിതിയിൽ തുടരും. കെസി വേണുഗോപാൽ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാൽ തുടരും. ആന്ധ്രാപ്രദേശിന്റെ ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും. അതേസമയം ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.
പ്രിയങ്ക ഗാന്ധി വാദ്ര ഉത്തർപ്രദേശിന്റെ ചുമതലയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ മാണികം ടാഗോർ തെലങ്കാനയുടെ ചുമതലയുള്ള പുതിയ സെക്രട്ടറിയായി ചുമതല വഹിക്കും. പവൻ കുമാർ ബൻസൽ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള സെക്രട്ടറിയായിരിക്കും, പഞ്ചാബ് ജനറൽ സെക്രട്ടറിയായി ഹരീഷ് റാവത്ത്, അസമിൽ ജിതേന്ദ്ര സിങ്എന്നിവർ ചുമതലയേൽക്കും.
കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിലെ തീരുമാന പ്രകാരം കോൺഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറംഗസമിതിയും രൂപീകരിച്ചു. ആന്റണി, വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സുർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവർത്തക സമിതിയിലേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമായി.
കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയക്കുകയും തുടർന്ന് ഈ കത്തിന്റെ പേരിൽ പാർട്ടിക്കകത്ത് തർക്കങ്ങൾ ഉർന്നുവരികയും ചെയ്തിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിൽ പാർട്ടിക്കകത്തു തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയക്കുന്നത്.
ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള 23 നേതാക്കളാണ് കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്യ ഇതിന് പിന്നാലെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടത്. കത്തയച്ച സമയത്തെ ചോദ്യം ചെയ്ത രാഹുൽ, കത്ത് ബിജെപിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന ഗുരുതര വിമർശനവും ഉന്നയിച്ചിരുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ വിമത നീക്കങ്ങളിൽ പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോഴും സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ എന്തിനാണ് കത്ത് അയച്ചത്? ബിജെപിയുമായുള്ള രഹസ്യധാരണയിലൂടെയാണ് കത്ത് തയ്യാറാക്കിയത് എന്നായിരുന്നു കത്തിനെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ രൂക്ഷമായ തർക്കങ്ങളാണ് ഉയർന്നത്.
മറുനാടന് ഡെസ്ക്