തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിയായ എം ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശങ്ങളിൽ ഉൾപ്പെട്ടു എന്നതിന്റെ പേരിൽ എൻഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടതിന്റെ പേരിൽ റെസി ഉണ്ണി കേരളത്തിലെ മാധ്യമങ്ങളുടെ ഇരയാകുകയായിരുന്നു. വളരെ പ്ര​ഗത്ഭയായ ഒരു സയന്റിസ്റ്റായ റെസി ജോർജ്ജിന് സ്വർണക്കടത്തുമായോ മറ്റെന്തെങ്കിലും ഇടപാടുകളുമായോ യാതൊരു ബന്ധവുംഇല്ല എന്നതാണ് വാസ്തവം. ഭരണ രം​ഗത്ത് കഴിവു തെളിയിച്ച എം ശിവശങ്കർ കഴിവുള്ള ഉ​ദ്യോ​ഗസ്ഥരെ തന്റെ ടീമിൽ പ്രവർത്തിക്കാൻ തെരഞ്ഞെടുക്കുന്നതിന്റെ ഭാ​ഗമായുള്ള ബന്ധത്തിനപ്പുറം കേരളം ചർച്ച ചെയ്യുകയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയും ചെയ്യുന്ന സ്വർണക്കടത്ത് കേസുമായും യുവ സയന്റിസ്റ്റിനുള്ള പുരസ്കാരത്തിന് അർഹയായ റസി ജോർജ്ജിന് ബന്ധമില്ല എന്നതാണ് വസ്തുത. അന്വേഷണ ഏജൻസികളും ഇത് സംബന്ധിച്ച് ഇവരെ ഇതുവരെയും പ്രതി ചേർത്തിട്ടുമില്ല.

എം. ശിവശങ്കറിനെതിരായ ഇ.ഡി. കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടു എന്നത് മാത്രമാണ് " റെസി ഉണ്ണി" എന്ന റെസി ജോർജ്ജിനെതിരെയുള്ള ഏക ആരോപണം. ശിവശങ്കറിന്റെ വാട്ട്‌സ്‌ആപ്പ്‌ സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ്‌ റെസി ഉണ്ണി എന്ന പേരു കണ്ടെത്തിയത്‌.‌ വി എസ്‌. സർക്കാരിന്റെ കാലത്ത്‌ ആസൂത്രണ ബോർഡ്‌ അംഗമായിരുന്ന പി.വി. ഉണ്ണിക്കൃഷ്‌ണന്റെ പത്നിയാണ് റെസി. ബി.ടെക്‌ ബിരുദധാരിയായ ഇവർ അനെർട്ടിൽ പബ്ലിസിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. ശിവശങ്കർ ഊർജവകുപ്പ്‌ സെക്രട്ടറിയായിരിക്കെ റെസിയുമായും ഭർത്താവ്‌ ഉണ്ണിക്കൃഷ്‌ണനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധമാണ്‌ ലൈഫ്‌ മിഷനിലേക്കുള്ള വരവിനു പിന്നിലെന്നു കരുതുന്നു.

അനെർട്ടിൽനിന്ന്‌ വർക്കിങ്‌ അറേഞ്ച്‌മെന്റിൽ ലൈഫ്‌ മിഷന്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ പദവിയിലെത്തിയ റെസി ജോർജ്‌. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ ശിവശങ്കർ പിടിക്കപ്പെട്ടതോടെ വിവാ​ദങ്ങൾ ഉയർന്നതോടെ അവർ അനെർട്ടിലേക്കു മടങ്ങി. തുടർന്ന്‌, മകളുടെ പ്രസവസംബന്ധമായ ആവശ്യത്തിനായി അവധിയെടുത്ത്‌ ഹൈദരാബാദിലേക്കു പോകുകയായിരുന്നു.

ഉണ്ണിക്കൃഷ്‌ണനെ ടോട്ടൽ എനർജി സെക്യൂരിറ്റി മിഷന്റെ തലപ്പത്തെത്തിച്ചതു ശിവശങ്കറായിരുന്നു. അക്കാലത്ത്‌ അനെർട്ടിനെ മുന്നിൽ നിർത്തി 50 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്ന്‌ ഉണ്ണിക്കൃഷ്‌ണന്‌ എതിരേ ആരോപണമുയർന്നു. വൈദ്യുതി ലൈനുകളുടെ രൂപരേഖ തയാറാക്കാനായി നടത്തിയ പവർ ലൈൻ മാപ്പിങ്‌, ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ സാധ്യതാപഠനം എന്നിവയുടെ പേരിൽ സർക്കാരിനു കോടികളുടെ ബാധ്യതയുണ്ടായി. കോടിക്കണക്കിനു രൂപയുടെ പർച്ചേസിങ്ങും അനധികൃത നിയമനവും നടന്നെന്നു വാർത്തകൾ വന്നതോടെ ഉണ്ണിക്കൃഷ്‌ണന്‌ എതിരേ വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുന്നോട്ടുപോയില്ല.