- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ഫോണിനും ഇ-മൊബിലിറ്റിക്കും പിന്നിൽ റെസി ഉണ്ണി! രണ്ട് പദ്ധതിക്കും വേണ്ടി പഠനം നടത്തിയത് ശിവശങ്കറിന്റെ ചാറ്റുകളിൽ ഇഡി കണ്ടെത്തിയ ഫ്രണ്ടിന്റെ ഭർത്താവ്; സിഡിറ്റ് അഴിമതിയിൽ നിന്ന് പി വി ഉണ്ണികൃഷ്ണനെ ഐടി സെക്രട്ടറിയായിരിക്കെ ശിവശങ്കര ബുദ്ധി രക്ഷിച്ചതും അട്ടിമറിയെന്ന് വ്യക്തം
പത്തനംതിട്ട : വിവാദ പദ്ധതികളായ കെ-ഫോൺ, ഇ-മൊബിലിറ്റി എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചതു വിജിലൻസ് അന്വേഷണത്തിൽനിന്ന് എം. ശിവശങ്കർ രക്ഷപ്പെടുത്തിയ സി-ഡിറ്റ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.വി. ഉണ്ണിക്കൃഷ്ണൻ എന്ന് റിപ്പോർട്ട്. സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണവും മാധ്യമവാർത്തകളും സംബന്ധിച്ച്, പി.വി. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ റെസി ജോർജുമായി (റെസി ഉണ്ണി) എം.ശിവശങ്കർ വാട്സാപ്പിലൂടെ ചാറ്റിങ് നടത്തിയത് നേരത്തെ വിവാദമായിരുന്നു.
അതിവേഗ ഇന്റർനെറ്റ് സംവിധാനമൊരുക്കുന്ന കെ. ഫോൺ പദ്ധതിയെപ്പറ്റിയും വൈദ്യുതി വാഹനങ്ങളുമായി ബന്ധപ്പെട്ട ഇ-മൊബിലിറ്റി പദ്ധതിയെപ്പറ്റിയും പഠനം നടത്തിയത് പി.വി. ഉണ്ണിക്കൃഷ്ണനാണ്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു പദ്ധതി നടത്തിപ്പിനായി ഉണ്ണിക്കൃഷ്ണൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാൻ കഴിഞ്ഞില്ല. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ ഫൈബർ ഒപ്റ്റിക് നെറ്റ് വർക്കിലൂടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയും ഇ -മൊബിലിറ്റി പദ്ധതിയും ശിവശങ്കർ മുഖേന സർക്കാരിനു മുന്നിൽ അവതരിപ്പിക്കാൻ പി.വി. ഉണ്ണിക്കൃഷ്ണന് കഴിഞ്ഞുവെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ പദ്ധതികൾ കൂടുതൽ വിവാദത്തിലാകുന്നു. ഉണ്ണികൃഷ്ണനെ വിജിലൻസ് കേസിൽ നിന്ന് ശിവശങ്കർ രക്ഷപ്പെടുത്തിയത് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണന്റെ ഇടപെടലുകൾ ചർച്ചയാകുന്നത്. കെഫോൺ, ഇ മൊബിലിറ്റി എന്നീ പദ്ധതികൾക്കും നേതൃത്വം നൽകിയതും പദ്ധതികൾക്കായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കൺസൾട്ടൻസി കരാർ നൽകിയതിന് പിന്നിൽ പ്രവർത്തിച്ചതും ശിവശങ്കറായിരുന്നു. ഇതു സംബന്ധിച്ച് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് പദ്ധതികൾ വിവാദമായത്. പിന്നീട് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ സർക്കാർ ഇ-മൊബിലിറ്റിയുടെ കൺസൾട്ടൻസി കരാറിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. സി.ഡിറ്റ് എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന പി.വി. ഉണ്ണിക്കൃഷ്ണനെതിരേ കഴിഞ്ഞ എട്ടു വർഷമായി നടന്നുവന്ന വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത് എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നു.
സി-ഡിറ്റിനുവേണ്ടി കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ നൽകിയ 10 ലക്ഷം രൂപ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതോടെയാണു കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഉണ്ണിക്കൃഷ്ണനെതിരേ വിജിലൻസ് അന്വേഷണം നിർദ്ദേശിച്ചത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി. സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ താത്പര്യപ്രകാരമാണ് ഉണ്ണിക്കൃഷ്ണൻ സി.ഡിറ്റിന്റെ തലപ്പത്തെത്തിയത്.
അന്ന് സി-ഡിറ്റിനുവേണ്ടി 37 ലക്ഷം രൂപ മുടക്കി പുസ്തകങ്ങളും സോഫ്റ്റ്‌വേറുകളും സർക്കാർ അംഗീകാരമില്ലാതെ വാങ്ങിയെന്ന ആരോപണവും ഉയർന്നിരുന്നു. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗിക്കാൻ സർക്കാരെടുത്ത തീരുമാനം അട്ടിമറിച്ച് വൻ തുക മുടക്കി മൈക്രോസോഫ്റ്റിൽനിന്നു സോഫ്റ്റ്‌വേറുകൾ വാങ്ങിയെന്നും പരാതിയുണ്ടെന്നും റിപ്പോർട്ടുകളെത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ