കുവൈറ്റിൽ പ്രവാസികളുടെ ഇഖാമയും പാസ്‌പോർട്ട് കാലാവധിയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം 2016 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതോടെ ഇഖാമയുടെ കാലാവധിയും അവസാനിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്‌സ് വ്യക്തമാക്കി.

1959 ലെ നമ്പർ 17 ആയി പാസ്സാക്കിയ താമസ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് നിയമം നടപ്പിലാക്കി തുടങ്ങുക. ഈ നിയമ പ്രകാരം വിദേശികളുടെ റസിഡന്റ് വിസയുടെ കാലാവധി പ്രസ്തുത വ്യക്തിയുടെ കാലാവധിയെക്കാൾ കൂടുതലാകാൻ പാടില്ല. പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്ന ദിവസം തന്നെ റസിഡന്റ് വിസയുടെ സാധുത ഇല്ലാതാക്കണമെന്ന് നിയമം അനുശാസിക്കുന്നു.1959 ലെ ഈ നിയമം കർശനമായി നടപ്പിലാക്കി തുടങ്ങുന്നതോടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ വിദേശികൾക്ക് പാസ്‌പോർട്ട് പുതുക്കുന്നത് വരെ പുതിയ റസിഡന്റ് വിസക്ക് അർഹത ഉണ്ടാകില്ല.

പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി മന്ത്രാലയം വിദേശ എംബസ്സികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമെന്ന് ജനറൽ ഡയരക്ടറേറ്റ് ഡയരക്ടർ മേജർ ജനറൽ തലാൽ മറാഫി വ്യക്തമാക്കി.

നിയമം പ്രാബല്യത്തിൽവരുന്നതോടെ പാസ്‌പോർട്ട് കാലാവധിക്ക് അനുസൃതമായി മാത്രമേ ഇഖാമ ഇഷ്യു ചെയ്യുകയുള്ളൂ. ഉദാഹരണത്തിന് ഇഖാമ ഇഷ്യു ചെയ്യുന്ന സമയത്ത് പാസ്‌പോർട്ടിന് മൂന്ന് മാസം കൂടി മാത്രമേ കാലാവധിയുള്ളൂവെങ്കിൽ അത്ര കാലത്തേക്ക് മാത്രമേ ഇഖാമയടിക്കുകയുള്ളൂ. നിലവിൽ ഇഖാമാ കാലാവധിയും പാസ്‌പോർട്ട് കാലാവധിയും ബന്ധപ്പെടുത്താറില്ല. ഇഖാമയിൽ കാലാവധി അവശേഷിക്കുന്നവരുടെ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിച്ചാൽ പാസ്‌പോർട്ട് പുതുക്കിയശേഷം ഇഖാമ വിവരങ്ങൾ ചേർക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, പലരും പുതുക്കിയ പാസ്‌പോർട്ടിൽ ഇഖാമാ വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കാറില്ല.

പുതുക്കിയ പാസ്‌പോർട്ടിൽ ഇഖാമ വിവരം ഇല്ലാത്തതിനാൽ പലർക്കും വിമാനത്താവളത്തി ലത്തെിയശേഷം യാത്ര ചെയ്യാനാവാത്ത സാഹചര്യം വരെയുണ്ടാകാറുണ്ട്. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് പാസ്‌പോർട്ട്, ഇഖാമ കാലാവധികൾ ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനുമുന്നോടിയായി പുതുക്കിയ പാസ്‌പോർട്ടിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഇഖാമ വിവരങ്ങൾ ചേർക്കാത്തവർക്ക് പിഴ ഏർപ്പെടുത്തി ത്തുടങ്ങിയിരുന്നു. ഒരുദിവസം വൈകിയാൽ രണ്ടുദീനാറിൽ തുടങ്ങി പരമാവധി 600 ദീനാർ വരെയാണ് അത്തരക്കാരിൽനിന്ന് പിഴ ഈടാക്കിയിരുന്നത്.