മസ്‌കത്ത്: വിദേശികൾക്കും ഏറെ ആശ്വാസകരമാകുന്ന ഒരു നിയമം ഒമാനിൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെ റെസിഡന്റ് കാർഡ് പുതുക്കാൻ അപേക്ഷകൻ നേരിട്ട് ഹാജരാവണമെന്ന നിയമം മാറ്റിയതോടെയാണ് പ്രവാസികൾക്കും ഏറെ ഗുണകരാകുന്നത്. ഈ മാസം 16 മുതലാണ് കമ്പനി ഉടമക്കോ കമ്പനി നിയമിക്കുന്നവർക്കോ റെസിഡന്റ് കാർഡ് പുതുക്കാൻ കഴിയുമെന്ന നിയമം നിലവിൽ വന്നത്.

ഇങ്ങനെ കമ്പനി നിയമിക്കുന്നവർക്ക് ഒന്നോ അതിലധികമോ പേരുടെ റെസിഡന്റ് കാർഡ് വേണമെങ്കിലും പുതുക്കാനാവും. പഴയ റെസിഡന്റ് കാർഡും മറ്റ് രേഖകളും കമ്പനി അധികാരപ്പെടുത്തിയ വ്യക്തി ഹാജരാക്കണം. എന്നാൽ ആദ്യമായി റെസിഡന്റ് കാർഡ് എടുക്കുന്നവർ സിവിൽ സ്റ്റാറ്റസ് ഓഫിസിൽ നേരിട്ട് ഹാജരാവുകയും വിരലടയാളവും ഫോട്ടോയും മറ്റ് രേഖകളും നൽകുകയും വേണം.

റെസിഡന്റ് കാർഡ് പുതുക്കൽ സനദ് സെന്ററുകൾ വഴി ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുന്നത് കമ്പനികൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.