തിരുവനന്തപുരം: ഓൺലൈൻ ക്ലാസ് പഠനത്തിന് വീട്ടിൽ ടിവി ഇല്ലാത്തതിനാൽ വിദ്യാർത്ഥിനി സ്വയം ജീവനൊടുക്കിയ സംഭവം കേരളത്തെ ഈ അടുത്തകാലത്ത് ഞെട്ടിച്ചിരുന്നു. ജീവിതത്തേ നേരിടാനാകാതെ തളർന്നുവീഴുന്ന ചെറുപ്പക്കാരെ കുറിച്ച് അന്ന് മലയാളികളാകെ ആകുലപ്പെടുകയും ചെയ്തു. എല്ലാവരും ഒരുപോലെ അല്ലല്ലോ. പ്രശ്‌നങ്ങളെ നേരിടുന്നതിൽ കരളുറപ്പ് ഓരോരുത്തർക്കും വേറിട്ടതാണ് താനും.

എക്‌സൈസ് ഇൻസ്പക്ടർ തസ്‌കികയിലേക്കുള്ള പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് തിരുവനന്തപുരം കാരക്കോണം സ്വദേശി അനു ജീവനൊടുക്കിയ വാർത്ത കേട്ട് ഞെട്ടിയാണ് ഉത്രാട നാളിൽ എല്ലാവരും ഉണർന്നത്. റദ്ദാക്കിയ റാങ്ക് ലിസ്റ്റിൽ എഴുപത്തി ആറാമത് റാങ്കുകാരനായിരുന്നു അനു. ഈ ലിസ്റ്റിൽ നിന്ന് ആകെ 72 പേർക്ക് മാത്രമേ നിയമനം ലഭിച്ചുള്ളൂ. 8 വേക്കൻസികൾ കൂടി ഉണ്ടായിരുന്നതായി പറയുന്നു. പക്ഷേ അവ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. ജൂൺ വരെ നീട്ടിയെങ്കിലും ഒരു നിയമനവും പിന്നീട് നടന്നില്ല. വാർത്ത അറിഞ്ഞതിന് പിന്നാലെ സർക്കാരിനും പിഎസ്‌സിക്കും എതിരെ വിമർശനങ്ങൾ ഉയർന്നു. പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചോദ്യങ്ങൾ ഒഴിവാക്കി. ഇതിനെല്ലാമിടയിലാണ് പ്ലേബോയ് മോഡലും, ഇടതുപക്ഷാനുഭാവിയും, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ രശ്മി ആർ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായത്.

'28 വയസായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ്. വെറുതെ എന്തിനാണ് പാഴാക്കുന്നത്', ഇങ്ങനെയായിരുന്നു രശ്മി ഫേസ്‌ബുക്കിൽ കുറിച്ചത്. നിരവധി പേർ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഫേസ്‌ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്.

എന്നാൽ, പിന്നീട് തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി രശ്മി ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. പ്രസ്താവന നടത്തിയ ഫേസ്്ബുക്ക് പോസ്റ്റ് മാസ് റിപ്പോർട്ട് ചെയ്ത് റിമൂവ് ചെയ്തു എന്നതിനർഥം ഞാൻ ആ പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോയി എന്നതല്ല. എന്റെ പൊതുവിഷയത്തിൽ ഉള്ള അഭിപ്രായങ്ങൾ പൂർണമായും വ്യക്തിപരമാണ്. അതിൽ ഏതെങ്കിലും രാഷ്ട്രീയ സംഘടനയ്‌ക്കോ പാർട്ടിക്കോ സ്ഥാനമില്ല. ഞാൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു-രശ്മി.ആർ.നായരുടെ കുറിപ്പിൽ പറയുന്നു.

ഇടുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്ന വ്യക്തിയാണ് രശ്മി നായർ. ഇടക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമായിരുന്നു പ്രൊഫൈൽ പിക്. ബിജെപിയെയും, കോൺഗ്രസിനെയും വിമർശിക്കുന്നതിൽ അല്പം പോലും പിശുക്കും കാട്ടാറില്ല. ഏതായാലും രശ്മിയുടെ പോസ്റ്റിനെ എതിർത്തും, വാഴ്‌ത്തിയും കമന്റുകളുടെ പെരുമഴയാണ്.

'തൊഴിലെടുക്കാൻ മടിയായിട്ടാണോ അതോ വേറൊന്നിലും ശ്രദ്ധിക്കാതെ പഠിച്ചാൽ മാത്രം എത്തിചേരാൻ കഴിയുന്ന സ്ഥലമായിട്ടാണോ അയാൾ ുരെ ക്ക് വേണ്ടി പഠിച്ചത് എന്ന് കൂടി നിങ്ങൾ ആലോചിക്കണം'- എന്ന് ഒരാൾ കുറിച്ചപ്പോൾ ഉറച്ച നിലപാട് എന്ന് മറ്റൊരാൾ പ്രശംസിച്ചു. നിലപാട് എന്തായാലും, യുവാവ് മരമണമടഞ്ഞ നാൾ തന്നെ പരിഹസിച്ച് ഇത്തരം പോസ്റ്റിടുന്നത് എന്തുതരം ജനാധിപത്യമര്യാദയാണ് എന്ന ചോദ്യവും ഉയരുന്നു. ഏതായാലും രശ്മി നായർ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.