ന്യൂഡൽഹി: ജീവനക്കാരെ വീട്ടുജോലിക്കാരാക്കുന്ന റെയിൽവെയിലെ മേലാളന്മാരുടെ പതിവ് ഒറ്റയടിക്ക് നിർത്തലാക്കി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ. റെയിൽവേ സംവിധാനത്തിൽ നിലനിൽക്കുന്ന 'വിഐപി സംസ്‌കാര'ത്തിന് തടയിടാൻ കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് മന്ത്രി പിയുഷ് ഗോയലും റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയും. അത്യാഢംബര കോച്ചുകളിൽ യാത്ര ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ പതിവും സമ്മതിക്കില്ല. എക്‌സിക്യൂട്ടിവ് ക്ലാസ് ഒഴിവാക്കി എല്ലാവരും സ്ലീപ്പർ, എസി ത്രീ ടയർ ക്ലാസുകളിൽ യാത്ര ചെയ്യാനാണ് നിർദ്ദേശം.

റെയിൽവേ ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ എത്രയും വേഗം മന്ത്രാലയത്തിൽ ഡ്യൂട്ടിക്കു ഹാജരാകാനും അധികൃതർ നിർദ്ദേശം നൽകി. കഴിഞ്ഞ 36 വർഷമായി തുടർന്നുവരുന്ന പതിവ് ഇല്ലാതാക്കിയാണ് അടിമുടി പരിഷ്‌കരണം. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന 1981ലെ സർക്കുലറിലെ പ്രോട്ടോക്കോൾ സംബന്ധമായ നിർദ്ദേശവും അസാധുവാക്കിയിട്ടുണ്ട്.

റെയിൽവേ ബോർഡ് ചെയർമാനും മറ്റു ബോർഡ് അംഗങ്ങളും സോണൽ സന്ദർശനങ്ങൾക്കെത്തുമ്പോഴും മടങ്ങുമ്പോഴും ജനറൽ മാനേജർമാർ ഹാജരായിരിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. ഉദ്യോഗസ്ഥർക്ക് ബൊക്കെകളും സമ്മാനങ്ങളും നൽകി സ്വീകരിക്കുന്ന പതിവും ഇനി ഉണ്ടാവില്ല. വിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ സക്ഷ്യമിടുന്ന ഈ ഉത്തരവ് സെപ്റ്റംബർ 28നാണ് പുറപ്പെടുവിച്ചത്.

ബോർഡ് ചെയർമാനും ബോർഡ് അംഗങ്ങളും സന്ദർശനത്തിനെത്തുമ്പോൾ സ്വീകരിക്കാനായി വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അതാത് സോണിന്റെ ചുതലയുള്ള ജനറൽ മാനേജർമാർ എത്തണമെന്നായിരുന്നു ഇതുവരെ നിബന്ധന. മടങ്ങുമ്പോൾ യാത്രയാക്കാനും ജനറൽ മാനേജർമാർ എത്തണമായിരുന്നു. ഈ നിർദ്ദേശം അടിയന്തരമായി പിൻവലിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ വീട്ടുജോലിക്കും മറ്റുമായി നിയോഗിച്ചിരിക്കുന്ന ജീവനക്കാരെ തിരികെ റെയിൽവേ മന്ത്രാലയത്തിലേക്ക് അയയ്ക്കാനാണ് നിർദ്ദേശം. ഇതോടെ കൊളോണിയൽ കാലത്തെപ്പോലെ അടിമപ്പണി ചെയ്യിക്കുന്ന വിധത്തിൽ ജോലി ചെയ്തിരുന്ന 30,000ത്തിൽപരം ജീവനക്കാർക്ക് ഇനി റെയിൽവെയിലെ പണി ചെയ്താൽ മതി. ട്രാക്ക്മാൻ വിഭാഗത്തിൽപ്പെട്ട ജീവനക്കാരെയാണ് മിക്കയിടങ്ങളിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യിക്കാനായി നിയോഗിച്ചുവന്നിരുന്നത്. പുതിയ ഉത്തരവ് വന്നതോടെ ഏഴായിരത്തോളം ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.