തായ്ലൻഡിലെ പ്രശസ്തമായ റിസോർട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിദേശ സഞ്ചാരിയായ സ്ത്രീയാണ് മരിച്ചിരിക്കുന്നത്. പരുക്കേറ്റ 9 ടൂറിസ്റ്റുകളിൽ രണ്ടുപേർ ബ്രിട്ടീഷുകാരാണെന്നും റിപ്പോർട്ടുണ്ട്. തായ്ലൻഡ് കാണാനെത്തുന്ന വിദേശ സഞ്ചാരികൾക്ക് പ്രിയപ്പെട്ട റിസോർട്ടായ ഹുവാ ഹിൻ റിസോർട്ടിലാണ് ഇന്നലെ രാവിലെ സ്ഫോടനം നടന്നിരിക്കുന്നത്. തുടർന്ന് രാത്രി 10.20ന് സമീപത്തുള്ള ഒരുബാറിലും സ്ഫോടനം നടന്നിരുന്നു. ഇതിൽ തായ്ലൻഡുകാരിയായ സ്ത്രീ മരിക്കുകയും എട്ട് വിദേശികൾക്കും ഒരു തായ്ലൻഡുകാരനും പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ സമീപത്തെ ഹോസ്പിറ്റലിൽ ചികിത്സിക്കുന്നുണ്ട്.

പരുക്കേറ്റവരിൽ ഒരാൾ ഡച്ച് സ്വദേശിയും മറ്റൊരാൾ ജർമൻ കാരിയുമാണെന്നും സൂചനയുണ്ട്. ആദ്യ ബോംബ് പൊട്ടിയ റിസോർട്ടിൽ നിന്നും 55 യാർഡുകൾ മാറിയുള്ള ബാറിലാണ് രണ്ടാമത് ബോംബ് പൊട്ടിയിരിക്കുന്നത്.ആക്രമണത്തിന്റെ ലക്ഷ്യവും ആരാണ് ഇതിന് പുറകിലെന്നും ഇതു വരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്.വ്യാഴാഴ്ച രാവിലെ മറ്റൊരു സംഭവത്തിൽ ട്രാൻഗ് പ്രവിശ്യയിലെ ഒരു മാർക്കറ്റിൽ ബോംബ് പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരുക്കേറ്റിരുന്നു.പ്രാദേശികമായ തർക്കത്തെ തുടർന്നാണ് വ്യാഴാഴ്ചത്തെ സ്ഫോടനമുണ്ടായിരിക്കുന്നതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

സ്ഫോടനത്തിൽ പരുക്കേറ്റ വിദേശികളിൽ വിദേശ ദമ്പതികൾക്കും കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ വെളിപ്പെടുത്തുന്നത്.ഇവരുടെ കാലിന്റെ എല്ലൊടിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഹുവാഹിന്നിലെ സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് പറയുന്നത്. തായ്ലൻഡിൽ 2004 മുതൽ നടക്കുന്ന കലാപത്തിന്റെ ഫലമായി ബുദ്ധസന്യാസിമാർ, ടീച്ചർമാർ, സൈനികർ എന്നിവരടക്കമുള്ള 6500 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ തായ്ലൻഡിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഈ പ്രശ്നങ്ങൾ കാര്യമായി ബാധിച്ചിരുന്നില്ല.സ്ഥോടനം നടന്ന ഇടങ്ങളിൽ പൊലീസ് ഫോറൻസിക് അന്വേഷണങ്ങൾ നടത്തി വരുകയാണ്.