- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മുകാരനെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ച കോൺഗ്രസ് നേതാവാണ് ദിവാകരൻ; ഇപിയുടെ മകന്റെ റിസോർട്ട് ഉദ്ഘാടനത്തിന് ആ മമ്പറത്തെ ക്ഷണിച്ചത് എന്തുകൊണ്ട്? കൊളങ്ങരത്ത് രാഘവനെ കുറിച്ച് ഇനിയൊരക്ഷരം മിണ്ടാൻ സിപിഎമ്മിന് അർഹതയില്ല; റിസോർട്ട് ഉദ്ഘാടത്തിൽ സിപിഎം-കോൺഗ്രസ് നേതൃത്വങ്ങൾ മറുപടി പറയണമെന്ന് ബിജെപി
കണ്ണൂർ: മന്ത്രി ഇ.പി. ജയരാജന്റെ മകന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊറോഴയിലെ ആഡംബര റിസോർട്ട് ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ പങ്കെടുത്ത സംഭവത്തിൽ കോൺഗ്രസിലും സിപിഎമ്മിനുമെതിരെ ബിജെപി. സിപിഎ-കോൺഗ്രസ് നേതൃത്വങ്ങൾ മറുപടി പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുന്നിടിച്ച് സർവ്വ നിയമങ്ങളും ലംഘിച്ചാണ് പ്രസ്തുത റിസോർട്ട് നിർമ്മിച്ചിട്ടുള്ളത്. സിപിഎം പ്രവർത്തകനായിരുന്ന കൊളങ്ങരത്ത് രാഘവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി ജയിൽ ശിക്ഷയനുഭവിച്ച കോൺഗ്രസ് നേതാവാണ് ദിവാകരൻ. ഇയാളാണ് റിസോർട്ടിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നടത്തിയത്. കൊളങ്ങരത്ത് രാഘവനെ കുറിച്ച് ഇനിയൊരക്ഷരം മിണ്ടാൻ സിപിഎമ്മിന് അർഹതയില്ലെന്ന് എൻ ഹരിദാസ് പറഞ്ഞു.
മമ്പറം ദിവാകരൻ സഹകാരിയാണെന്ന് പറയുന്ന സിപിഎം രഹസ്യമായി നടന്ന ഉദ്ഘാടന ചടങ്ങിൽ ദിവാകരനെന്ന സഹകാരിയെ മാത്രം ക്ഷണിച്ചതെന്തിനാണെന്ന് വ്യക്തമാക്കണം. പി. ജയരാനും എം വി ജയരാനുമടക്കമുള്ള നേതാക്കൾ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണം.കെ.സുധാകരൻ എംപിയും ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയടക്കമുള്ള കോൺഗ്രസ് നേതാക്കളും സിപിഎമ്മുമായി കോൺഗ്രസിനുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തണം. രണ്ട് കൂട്ടരും കാലങ്ങളായി ജനങ്ങളെ പറ്റിക്കുകയായിരുന്നു.
രഹസ്യമായാണ് റിസോർട്ട് ഉദ്ഘാടനം ചെയ്തത്. സിപിഎം പ്രവർത്തകനായ കൊളങ്ങരേത്ത് രാഘവനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയെന്നു പറയുന്ന മമ്പറം ദിവാകരനെയും കൂട്ടിയാണ് 'ഇ പി ജയരാജൻ റിസോർട്ട് ഉദ്ഘാടനം നടത്തിയത്. കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള അന്തർ ധാര ഇതിലൂടെ വ്യക്തമാണ്. മഞ്ചേശ്വരത്ത് സിപിഎമ്മിന്റെ പിൻതുണ സ്വീകരിക്കുമെന്ന് പറയുന്ന കെപിസിസി അധ്യക്ഷൻ കൃപേഷിനേയും ശരത് ലാലിനെയും മറയ്ക്കുകയാണ്. സമയത്തിലും രാശിയിലും വിശ്വാസമില്ലെന്ന് പറയുന്ന സിപിഎം നേതാക്കൾ ജ്യോത്സ്യനെ കൊണ്ടു സമയം നോക്കിച്ചാണ് റിസോർട്ടിന്റെ ഉദ്ഘാടനം നടത്തിയത്.
സഹകരണ മെന്ന ഓമന പേരിട്ടാൽ ഏതു കള്ള പണവും വെളുപ്പിക്കാമെന്നതാണ് ഇന്നത്തെ അവസ്ഥ. അല്ലെങ്കിൽ റിസോർട്ടിന്റെ ഷെയർ ഹോൾഡേഴ്സ് ആരെല്ലാമാണെന്ന് സിപിഎം വ്യക്തമാക്കണം. രക്തസാക്ഷികളുടെ പേര് പറഞ്ഞ് കോൺഗ്രസ് വെറുതെ അണികളെ പറ്റിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളുടെ മറവിൽ കള്ള പണം വെളുപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കോൺഗ്രസ് നേതാവിനെ റിസോർട്ട് ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ അമർഷമുള്ള സിപിഎം അണികളാണ് ജയരാജന്റേയും ദിവാകരന്റെയും ഒന്നിച്ചുള്ള പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാർ, ബിജുഏളക്കുഴി, ട്രഷറർ യു.ടി. ജയന്തൻ എന്നിവരും പങ്കെടുത്തു.
കെപിസിസി എക്സിക്യൂട്ടിവ് അംഗമായ മമ്പറം ദിവാകരൻ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തതിൽ വിമർശനവുമായി കെ സുധാകര പക്ഷവും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ കടുത്ത പ്രതിഷേധമുയർത്തിയ വിവാദ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പാർട്ടിനേതാവ് തന്നെ പങ്കെടുത്തതാണ് ജില്ലയിലെ സുധാകരവിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചത്. മമ്പറം ദിവാകരനെതിരെ കെപിസിസിക്കും നടപടിയുണ്ടായില്ലെങ്കിൽ എ ഐ സി സി ക്കും പരാതി നൽകാനാണ് ഇവരുടെ തീരുമാനമെന്നറിയുന്നു.
വിവാദമായ മൊറാഴ ഉടുപ്പ കുന്നിടിച്ച് നിരത്തി നിർമ്മിച്ച റിസോർട്ടിന്റെ ചടങ്ങിലാണ് മമ്പറം ദിവാകരൻ പങ്കെടുത്തത്. 10 ഏക്കർ വിസ്തൃതിയിൽ കുന്നിടിച്ച് ജയരാജന്റെ മകൻ പുതുശേരി കോറോത്ത് ജയ്സൺ ഡയരക്ടർ ബോർഡ് അംഗമായ സ്വകാര്യ കമ്പനി റിസോർട്ട് പണിയുകയായിരുന്നു. ഇതിനെതിരേ റിസോർട്ട് നിർമ്മാണ സമയത്ത് തന്നെ ഇടതു അനുകൂല സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്തും കോൺഗ്രസ ടക്കമുള്ള പ്രതിപക്ഷ സംഘടനകളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വന പാരിസ്ഥിതിയാഘാതം ഉണ്ടാക്കുന്ന നിർമ്മാണ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു പരിഷത്ത് നേതാക്കളുടെ പരാതി. ആയുർവേദ റിസോർട്ടും ആശുപത്രിയുമായിരുന്നു കമ്പനിയുടെ പ്രൊജക്ട്.
ജയരാജന്റെ മകനൊപ്പം വൻ വ്യവസായികളും ചേർന്നാണ് റിസോർട്ട് നിർമ്മിച്ചതെന്നായിരുന്നു അന്ന് കോൺഗ്രസ് ഉയർത്തിയ ആരോപണം. സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയാണ് നിർമ്മാണത്തിന് അനുമതി നൽകിയത്. ആന്തൂർ നഗരസഭയിൽ മൊറാഴക്ക് സമീപം പത്തേക്കറോളം വരുന്ന കുന്നിടിച്ചാണ് റിസോർട്ടും ആശുപത്രി സമുച്ചയവും നിർമ്മിച്ചത്. മൂന്നു കോടി രൂപ മുതൽ മുടക്കിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട് നിർമ്മാണം പൂർത്തിയാക്കിയത്. ജയ്സണും വ്യവസായിയായ കളത്തിൽ പാറയിൽ രമേഷ്കുമാറും ചേർന്നാണ് കമ്പനി രൂപീകരിച്ചത്. ജയരാജന്റെ മകൻ ചെയർമാനും രമേഷ്കുമാർ മാനേജിങ് ഡയരക്ടറുമാണെന്നും കമ്പനിയുടെ മെമോറാണ്ടം ഓഫ് അസോസിയേഷനിൽ വ്യക്തമാക്കുന്നു.
2500 ഷെയറുകൾ ഉൾപ്പെടെ 25 ലക്ഷം രൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മകൻ പങ്കാളിയായ കമ്പനിയുടെ ഡയരക്ടർമാരിലൊരാളാണ്. നിലവിൽ വൻ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയരക്ടർമാരായിട്ടുള്ളത്. 2016 ഒക്ടോബർ 27നാണ് പ്രതിപക്ഷം ഇല്ലാത്ത ആന്തൂർ നഗരസഭ ബിൽഡിങ് പെർമിറ്റിന് അനുമതി നൽകിയത്. പുതുതായി നഗരസഭ രൂപീകരിച്ച് ഒരാഴ്ചക്കകമാണ് അന്ന് അനുമതി കൊടുത്തത്.നേരത്തെ ബക്കളത്ത് പാർത്ഥാസ് കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പാറയിൽ സാജനെന്ന പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയമായ നഗരസഭയാണ് ആന്തൂർ.
ഏറെപരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിനെ പൂർണമായും ഇല്ലാതാക്കിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനത്തിലെ പാരിസ്ഥിതികാഘാതം പഠിക്കണമെന്ന് പരിഷത്ത് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ അന്ന് പറഞ്ഞിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് രണ്ട് വൻ കിണറുകളും രണ്ട് കുഴൽക്കിണറുകളും റിസോർട്ടിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ തളിപ്പറമ്പ് തഹസിൽദാരോട് റിപോർട്ട് ആവശ്യപ്പെടുകയും റിപോർട്ടിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതികാഘാതം പഠിക്കാൻ ജിയോളജി വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല. ഈ വിവാദ റിസോർട്ടാണ് പ്രചരണം നൽകാതെ ഞായറാഴ്ച മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തത്.