ഗോവ അനുഭവം ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ; വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കോൺഗ്രസ്; ഗോവ, ഉത്തരാഖണ്ഡ് എംഎൽഎമാരെ 'സുരക്ഷിതരാക്കും'; ചാക്കിട്ടുപിടുത്തം ഒഴിവാക്കാൻ രണ്ടും കൽപ്പിച്ച് നേതൃത്വം

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ജനവിധിയിൽ ജയിച്ചെത്തുന്ന പ്രതിനിധികളെ 'സുരക്ഷിതരാക്കാൻ' വീണ്ടും 'റിസോർട്ട് രാഷ്ട്രീയ'ത്തിന് കോപ്പുകൂട്ടി കോൺഗ്രസ് നേതൃത്വം. എല്ലാ സംസ്ഥാനങ്ങളിലെയും, പ്രത്യേകിച്ച് ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 'പുതിയ എംഎ‍ൽഎ'മാരുടെ മേൽ കരുതൽ തുടരാനാണ് നേതൃത്വത്തിന്റെ നീക്കം. മാർച്ച് പത്തിന് വേട്ടെണ്ണാനിരിക്കെയാണ് കോൺഗ്രസ് നേതൃത്വം 'പഴയ തന്ത്രം' പൊടി തട്ടിയെടുത്തിരിക്കുന്നത്.

മാർച്ച് പത്തിന് ഫലം വരുന്നതോടെ കോൺഗ്രസിന് സർക്കാരുണ്ടാക്കാനുള്ള ശ്രമത്തേക്കാൾ കഠിനകരം എംഎ‍ൽഎമാർ ചാടിപ്പോവാതെ നോക്കലാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

2017ൽ ഗോവയിൽ നടന്നതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കോൺഗ്രസ് എംഎ‍ൽഎമാരെ റിസോർട്ടിലെത്തിക്കുന്നതുമായി മുന്നോട്ട് പോവുന്നത്. 2017ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാനാവാതെ പോയത് എംഎ‍ൽഎമാർ മറുകണ്ടം ചാടിയതോടെയാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂറുമാറില്ല എന്ന് എംഎ‍ൽഎ സ്ഥാനാർത്ഥികളെക്കൊണ്ട് കോൺഗ്രസ് സത്യം ചെയ്യിച്ചിരുന്നു. എന്നാൽ അവർ ചെയ്ത സത്യത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ് മുന്നോട്ട് പോവുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുണ്ടു റാവുവും ഗോവയുടെ ചുമതലയുള്ള പി. ചിദംബരവും ഞായറാഴ്ച മുതൽ തന്നെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

'ഇത്തവണ തീരുമാനങ്ങൾ പെട്ടന്ന് തന്നെ എടുക്കും. ഞങ്ങൾ എല്ലാ സ്ഥാനാർത്ഥികളെയും ചെന്ന് കാണുകയും അവർ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടാവുകയാണെങ്കിൽ ഞങ്ങളുടെ എംഎ‍ൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി എത്തുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ ഒരു സാഹചര്യം ഉടലെടുത്താൽ എംഎ‍ൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും,' ഗുണ്ടു റാവു പാർട്ടിയുടെ തന്ത്രങ്ങൾ വെളിപ്പെടുത്തി.

സംസ്ഥാനത്ത് നിന്നും ബിജെപിയെ താഴെയിറക്കാൻ മറ്റുപാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളുമായി സഖ്യത്തിന് തയ്യാറാണെന്ന് കോൺഗ്രസ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടിയും മറ്റ് സ്വതന്ത്രസ്ഥാനാർത്ഥികളും ഫലം വന്നതിന് ശേഷം പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും റാവു കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥകൾ വിലയിരുത്താനും പോസ്റ്റ് പോൾ തന്ത്രങ്ങൾ മെനയാനും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു. 'ഞങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്. അഥവാ ചെറിയ സീറ്റുകൾക്ക് ഭൂരിപക്ഷം നഷ്ടമാവുകയാണെങ്കിൽ ബിജെപി ഇതര പാർട്ടിയുമായി കൈകോർക്കാനും ഞങ്ങൾ തയ്യാറാണ്,' ഗോവ കോൺഗ്രസ് അധ്യക്ഷനായ ഗിരീഷ് ചൗദാങ്കർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഇതേ സ്ഥിതിവിശേഷം ഉത്തരാഖണ്ഡിലുമുണ്ടാവുകയാണെങ്കിൽ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ് എംഎ‍ൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി നിയോഗിച്ചിരിക്കുന്നത്.