ബെംഗളൂരു: ദലിത് കുടുംബത്തെ സന്ദർശിക്കാനെത്തിയ കർണാടക ബിജെപി അധ്യക്ഷനും മുന്മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ വിവാദത്തിലായി. കുടുംബം തയ്യാറാക്കി നൽകിയ ഭക്ഷണം കഴിക്കാതെ ഹോട്ടലിൽനിന്ന് ഇഡ്ഡലി വരുത്തി കഴിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കർണാടകയിലെ തുംകൂർ ജില്ലയിലെ ചിത്രദുർഗയിലാണു സംഭവമുണ്ടായത്. യെഡിയൂരപ്പ തൊട്ടുകൂടായ്മയാണു കാണിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ദലിത് കുടുംബാഗം പൊലീസിൽ പരാതി നൽകി.

അതേസമയം, വിവാദം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി വിഷയത്തിൽ പ്രതികരിച്ചത്. ദലിത് ഉന്നമന്നത്തിനുവേണ്ടി ബിജെപി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നു പാർട്ടി നേതാവ് എസ്. പ്രകാശ് ചൂണ്ടിക്കാട്ടി. കർണാടകയിൽ കോൺഗ്രസിന്റെയും ജനതാദളിന്റെയും അടിത്തറയിളകിക്കൊണ്ടിരിക്കുകയാണ്. ഇതു മറയ്ക്കാനാണ് യെഡിയൂരപ്പയ്‌ക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.

അതേസമയം യെഡ്ഡിയൂരപ്പ ഭക്ഷണം ഹോട്ടലിൽനിന്നു വാങ്ങിയതാണെന്നു സമ്മതിച്ച സംസ്ഥാന ബിജെപിയുടെ മാധ്യമ വിഭാഗം മേധാവി ദാഗെ ശിവപ്രകാശ് പക്ഷേ, യെഡിയൂരപ്പയ്ക്ക് ഇഡ്ഡലിയും വടയും ഇഷ്ടമായതിനാലാണ് ഹോട്ടലിൽനിന്നു വരുത്തിയതെന്നും അറിയിച്ചു. ദലിത് കുടുംബത്തിൽനിന്നും പുലാവു കഴിച്ചശേഷമാണ് യെഡിയൂരപ്പ മടങ്ങിയതെന്നും ശിവപ്രകാശ് വ്യക്തമാക്കി.

അതേസമയം, യെഡിയൂരപ്പയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത്തരം നാട്യങ്ങൾ കാണിക്കാൻ ഒരു രാഷ്ട്രീയക്കാരനും ദലിത് കുടുംബത്തിലേക്കു പോകരുതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. ദലിത് ഉന്നമന്നത്തെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ അതിനായി നയരൂപീകരണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.