- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതിലിനോട് ചേർത്ത് അയൽക്കാരന്റെ അനധികൃത നിർമ്മാണപ്രവർത്തനം; ഇടിച്ചുമാറ്റാൻ കോടതി വിധി ഉണ്ടായിട്ടും നടപ്പാക്കാതെ അധികൃതർ; തലസ്ഥാനത്ത് റിട്ട.പൊലീസ് ഉദ്യോഗസ്ഥന് എതിരെ പക തീർക്കാൻ സിപിഎം കൗൺസിലറും; ഫയൽ പൂഴ്ത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെടൽ
തിരുവനന്തപുരം: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് സ്വദേശിയുടെ പരാതിയിൽ കോടതിവിധി നടപ്പാക്കാതെ അധികൃതർ. കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് സുരേന്ദ്രന്റെ ചുറ്റുമതിലിനോട് ചേർത്ത് അയൽക്കാരൻ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ പൊളിച്ചുമാറ്റാൻ കോടതി വിധി ഉണ്ടായിട്ടും വിധി നടപ്പിലാക്കാതിരിക്കാൻ അധികൃതർ ഒത്തുകളിക്കുന്നുവെന്നാണ് മെഡിക്കൽ കോളേജ് കുമാരപുരം സുഭഗത്തിൽ സുരേന്ദ്രന്റെ പരാതി. കൗൺസിലർ അടക്കമുള്ള അധികൃതർ നിയമവിരുദ്ധനിർമ്മാണത്തിന് അനുകൂല നിലപാടാണെന്നാണ് അദ്ദേഹം പറയുന്നത്.
സുരേന്ദ്രന്റെ അയൽക്കാരനായ എൽ അരുൺകുമാർ 2006ലാണ് സുരേന്ദ്രന്റെ മതിലിനോട് ചേർത്തും മതിലിന് പുറത്തുമായി നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. 21 അടി നീളത്തിലും ആറര അടി വീതിയിലും ഏഴടി പൊക്കത്തിലും വർക്ക് ഏരിയ, കക്കൂസ്, കുളിമുറി എന്നിവയാണ് നിർമ്മിച്ചിരിക്കുന്നത്. വാർത്ത മേൽക്കൂരയിലേയ്ക്ക് കയറാൻ പടിക്കെട്ടുകളും നിർമ്മിച്ചിട്ടുണ്ട്. ഇത് സുരേന്ദ്രന്റെ വീടിന്റെയും പുരയിടത്തിന്റെയും സുരക്ഷയ്ക്കും ഭീഷണിയാണ്.
ആർക്ക് വേണമെങ്കിലും ഈ പടിയിലൂടെ കയറി സുരേന്ദ്രന്റെ പുരയിടത്തിലേയ്ക്ക് എളുപ്പത്തിൽ കയറാമെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനെന്നവിധം മേൽക്കൂരയിലേയ്ക്ക് വീഴുന്ന വെള്ളം ഷീറ്റിട്ട് സുരേന്ദ്രന്റെ സ്ഥലത്തേയ്ക്കാണ് ഒഴുക്കുന്നത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നിർമ്മാണ പ്രവർത്തനത്തിനെതിരെ സുരേന്ദ്രൻ തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. സ്ഥലം സന്ദർശിക്കുകയും ഇരുകക്ഷികളുടെയും മൊഴി കേൾക്കുകയും ചെയ്ത കോർപ്പറേഷൻ അധികൃതർ 2011 ൽ നിർമ്മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് മതിലിനോട് ചേർത്ത് നിർമ്മിച്ച കക്കൂസ് ഇടിച്ചുമാറ്റാനായി കോർപ്പറേഷൻ സെക്രട്ടറി ഉത്തരവിട്ടു. ഇതിനെതിരെ എതിർകക്ഷിയായ അരുൺകുമാർ ഓബുഡ്മാനെയും ട്രിബ്യൂണലിനെയും കണ്ട് സ്റ്റേ വാങ്ങുകയായിരുന്നു.
സ്റ്റേ കാലാവധി കഴിഞ്ഞ ശേഷം 2012 ൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. എന്നാൽ ഒമ്പത് വർഷങ്ങൾക്ക് ശേഷം സ്റ്റേ റദ്ദാക്കിയ കോടതി കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ് ശരി വച്ചു. ഇനിയെങ്കിലും നീതി ലഭിക്കുമെന്ന് കരുതി സുരേന്ദ്രൻ സന്തോഷിച്ചെങ്കിലും നാല് മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
കോടതി സ്റ്റേ റദ്ദാക്കിയതോടെ വീണ്ടും പ്രാബല്യത്തിൽവന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നടപടിയെടുക്കുന്നതിനായി കോർപ്പറേഷനിൽ നിന്നും മെഡിക്കൽ കോളേജ് വാർഡ് ഓവർസീയർക്ക് ഫയൽ അയച്ചുകൊടുത്തിട്ട് രണ്ട് മാസത്തോളമായി. എന്നാൽ ആ ഫയൽ ഓവർസീയറുടെ ഓഫീസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് അടിയന്തരസ്വഭാവത്തോടെ വിളിപ്പിക്കുകയായിരുന്നു. നിയമവിരുദ്ധ നിർമ്മാണം ഇടിച്ചുമാറ്റാനുള്ള നടപടിക്രമങ്ങളെല്ലാം ഏറെക്കുറെ പൂർത്തിയായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ഫയൽ അയയ്ക്കാൻ രണ്ടാഴ്ച്ച മുമ്പ് ഓവർസീയർക്ക് നിർദ്ദേശമുണ്ടായത്. അടിയന്തര സ്വഭാവത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വിളിപ്പിച്ച ഫയലിൽ രണ്ടാഴ്ച്ചയായിട്ടും നടപടിയൊന്നും ഉണ്ടാകാത്തത് ആ നടപടിയുടെ ദുരുദ്ദേശം വെളിവാക്കുന്നതാണ്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മെഡിക്കൽ കോളേജ് കൗൺസിലർ ഡി.ആർ അനിൽ നടത്തുന്ന ഇടപെടലുകളാണ് നീതി വൈകിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു. സെക്രട്ടറിയുടെ ഉത്തരവ് കോർപ്പറേഷനിൽ പൂഴ്ത്തി വയ്ക്കാനായി സിപിഎം നേതാവായിരുന്ന ഡി.ആർ അനിൽ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫായ ബന്ധുവിനെ കൊണ്ട് അനിലാണ് ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചതെന്നാണ് സുരേന്ദ്രൻ പറയുന്നത്. കാനഡയിൽ മകന്റെ അടുത്തേയ്ക്ക് പോകാനൊരുങ്ങുകയാണ് സുരേന്ദ്രൻ. അതുവരെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പൂഴ്ത്തിവയ്ക്കാനാണ് ശ്രമമെന്ന് സുരേന്ദ്രൻ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്.
സിപിഎം പ്രവർത്തകനായ സുരേന്ദ്രൻ സിപിഎം നേതാവ് ഡോ. എ. സമ്പത്തിന്റെ അടുത്ത ബന്ധു കൂടിയാണ്. കോൺഗ്രസ് പ്രവർത്തകനും കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവ് ജോൺസൺ ജോസഫിന്റെ ബന്ധുവുമായ അരുൺ കുമാർ കഴിഞ്ഞ ഇലക്ഷന് ഡി.ആർ അനിലിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അതിന്റെ നന്ദിയാണ് അനിൽ കാണിക്കുന്നതെന്നാണ് സുരേന്ദ്രന്റെ ആരോപണം. അതിനൊപ്പം സുരേന്ദ്രനോടുള്ള മുൻകാല വ്യക്തിവൈരാഗ്യം കൂടിയായപ്പോൾ നിയമവിരുദ്ധനിർമ്മാണം സംരക്ഷിക്കാൻ അനിൽ കച്ചകെട്ടി ഇറങ്ങുകയായിരുന്നു.