ബംഗളൂരു: 61കാരനായ പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബംഗളുരുവിലെ ഭാരതി നഗറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റിട്ടയേർഡ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ അമർനാഥാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ 26കാരനായ മകൻ മനാങ്കാണ് കുത്തിക്കൊലപ്പെടുത്തിയ ശേഷം ദേഹത്ത് തിളച്ചവെള്ളം ഒഴിക്കുകയും ചെയ്തത്.

ഭാര്യയുമായി ദീർഘനാളായി പിരിഞ്ഞു കഴിയുകയായിരുന്നു അമർനാഥ്. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ തുടർന്ന് മകൻ പിതാവുമായി പലപ്പോഴായി വഴക്കിട്ടിരുന്നു. പിതാവിന്റെ സ്വത്തെല്ലാം കാമുകിക്ക് നൽകുമോ എന്ന ഭയമായിരുന്നു മനങ്കിന്. ഇതേ തുടർന്നാണ് ഇയാൾ പിതാവുമായി കലഹം ആരംഭിച്ചത്.

സ്വത്ത് മുഴുവൻ തന്റെ പേരിൽ ആക്കണമെന്ന് പറഞ്ഞ് മകൻ സമ്മർദ്ദം ചെലുത്തിയിരുന്നു. നീണ്ടകാലത്തെ മുംബൈ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് ബംഗളൂരുവിൽ ശേഷിക്കുന്ന കാലം ജീവിക്കാനായി എത്തിയത്. വർഷങ്ങളോളം മഹാരാഷ്ട്രയിലെ മുംബൈയിൽ താമസിച്ച അദ്ദേഹം കർണാടകയുടെ തലസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. നഗരത്തിലെ റിസർവ് ബാങ്ക് സ്റ്റാഫ് ക്വാർട്ടേഴ്സിൽ അദ്ദേഹത്തിന്റെ വീട് നിർമ്മാണത്തിലാണ്.

മൂന്ന് ദിവസം മുൻപാണ് 27 കാരനായ മകൻ മുംബൈയിൽ നിന്ന് ബംഗളൂരുവിൽ എത്തിയത്. മയക്കുമരുന്നിന് അടിമയായ യുവാവിന് മറ്റൊരു സ്ത്രീയുമായുള്ള അച്ഛന്റെ ബന്ധം ഇഷ്ടമായിരുന്നില്ല. കൂടാതെ പിതാവിന്റെ സ്വത്ത് എത്രയും വേഗം കൈവശപ്പെടുത്താൻ ആഗ്രഹിക്കുയും ചെയ്തിരുന്നു. സ്വത്ത് തന്റെ പേരിൽ എഴുതി തന്നിട്ടില്ലെങ്കിൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് കൗൺസിലിങിനിടെ മകൻ പറഞ്ഞകാര്യം കൗൺസിലർ പിതാവിനെ അറിയിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ, അമർ‌നാഥും മനങ്കും തമ്മിൽ പ്രണയവും സ്വത്ത് പ്രശ്നങ്ങളും പറഞ്ഞ് രൂക്ഷമായ തർക്കം ഉണ്ടായി. പ്രകോപിതനായ മനങ്ക്, തർക്കത്തിനിടെ അമർനാഥിനെ കുത്തുകയും ചൂടുവെള്ളം ഒഴിക്കുകയുമായിരുന്നു. ഇതേ തുടർന്ന് രക്തം വാർന്നാണ് അമർനാഥ് മരിച്ചത്. മനങ്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നു.