റിയാദ്: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 62 ആക്കി ഉയർത്തുന്നതു സംബന്ധിച്ച് ഷൂര കൗൺസിലിൽ ചൂടുപിടിച്ച വാദങ്ങൾ അരങ്ങേറി. റിട്ടയർമെന്റ്  പ്രായം ഉയർത്തണമെന്ന് ചിലർ വാദിച്ചപ്പോൾ അതിനെ എതിർത്താണ് ചില ഷൂര അംഗങ്ങൾ സംസാരിച്ചത്.

റിട്ടയർമെന്റ് സംബന്ധിച്ച സിവിൽ സർവീസ് റിട്ടർമെന്റ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ചർച്ചയ്ക്ക് തുടക്കമിട്ടത് ഷൂര കൗൺസിൽ പ്രസിഡന്റ് ഷേക്ക് അബ്ദുള്ള അൽ അഷേക്ക് ആണ്. ഇതിനെ പിന്തുണച്ചു കൊണ്ട് മിക്ക അംഗങ്ങളും സംസാരിച്ചുവെങ്കിലും ചില അംഗങ്ങൾ എതിർത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു.

റിട്ടയർമെന്റ് പ്രായം ഉയർത്തുന്നത് ചെറുപ്പക്കാർക്ക് അവസരം നിഷേധിക്കലാണെന്നും യൂണിവേഴ്‌സിറ്റി ബിരുദധാരികളുേയും സ്‌കോളർഷിപ്പ് വിദ്യാർത്ഥികളുടേയും എണ്ണം വർധിച്ചു വരുന്ന അവസരത്തിൽ ഇത് ദോഷകരമായി സംഭവിക്കുമെന്നും ഇവർ വാദിച്ചു.

തൊഴിലില്ലായ്മയെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുള്ള സർക്കാർ നടപടിക്ക് നേരെ എതിരാണ് പെൻഷൻ പ്രായം വർധിപ്പിക്കുന്ന നടപടിയെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. അഭ്യസ്തവിദ്യാരായ ചെറുപ്പക്കാരായ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിൽ സാധ്യത വർധിപ്പിക്കുകയാണ് വേണ്ടതെന്നും അതുകൊണ്ടു തന്നെ പെൻഷൻപ്രായം വർധിപ്പിക്കാൻ പാടില്ലെന്നും ചില അംഗങ്ങൾ പറഞ്ഞു.