കൊല്ലം: കുണ്ടറ കടപുഴ പാലത്തിൽനിന്ന് കല്ലടയാറ്റിലേക്കു ചാടിയ യുവതി മരിച്ചതിന് പിന്നിലും സ്ത്രീധന പീഡനമെന്ന് ആരോപണം. പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിളവീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതി കൃഷ്ണൻ (23) ആണ് മരിച്ചത്. രേവതിയുടെ ഭർത്താവ് സൈജു വിദേശത്താണ്. സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽനിന്നുള്ള മാനസികപീഡനമാണ് ആത്മഹത്യക്കുപിന്നിലെന്ന് ബന്ധുക്കൾ പറയുന്നു.

വിസ്മയയുടെ മരണം ഉണ്ടാക്കിയ ചർച്ചകളൊന്നും കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് വ്യക്തമാക്കുന്നതാണ് രേവതിയുടെ ആത്മഹത്യയും. സ്ത്രീധന പീഡനം തന്നയാണ് ഈ മരണത്തിനും പിന്നിൽ. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. നാട്ടുകാർ ഉടൻതന്നെ കരയ്ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുരുതര ആരോപണങ്ങളാണ് രേവതി കൃഷ്ണന്റെ മരണത്തിൽ ഉയരുന്നത്. നിലമേൽ സൈജു ഭവനിൽ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30-ന് വധൂഗൃഹത്തിൽവച്ചായിരുന്നു വിവാഹം.

പെൺകുട്ടിയെ നേരത്തേ സൈജുവിന് പരിചയമുണ്ടായിരുന്നു. സൈജുവിന്റെ വീട്ടുകാരാണ് വിവാഹാലോചന നടത്തിയത്. കോവിഡ് കാലമായതിനാൽ നിർധന കുടുംബത്തിന് ആഭരണങ്ങൾ ഒന്നും നൽകാനായില്ല. വിവാഹം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്കു മടങ്ങി. ഇതോടെ പീഡനം തുടങ്ങി.

സ്ത്രീധനത്തെച്ചൊല്ലിയായിരുന്നു കഷ്ടപ്പെടുത്തൽ. ഭർത്തൃവീട്ടിൽനിന്നുള്ള നിരന്തര മാനസികപീഡനം രേവതി വീട്ടിൽ അറിയിച്ചിരുന്നു. കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്നു കളിയാക്കി ചോദിക്കുമായിരുന്നു. ഒടുവിൽ ബ്ലോക്ക് പഞ്ചായത്തിൽനിന്നു ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപകൊണ്ട് ശശികല മകൾക്ക് സ്വർണക്കൊലുസ് വാങ്ങി നൽകി. എന്നിട്ടും പീഡനം നിർത്തിയില്ല.

സ്വർണമാലയെച്ചൊല്ലിയായി മാനസികപീഡനം. രേവതി ഭർത്താവിന് അവസാനമായി അയച്ച വാട്‌സാപ്പ് സന്ദേശം ഭർത്തൃപിതാവിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നാണ് ആരോപണം. രണ്ടു ദിവസം മുൻപ് രേവതി കൂട്ടുകാരിയുമൊത്ത് കുടുംബവീട്ടിലെത്തിയിരുന്നു. ഭർത്തൃവീട്ടിലെ കാര്യങ്ങൾ സംസാരിച്ചിരുന്നില്ല. ഇതിനു ശേഷം അമ്മയെ ഫോണിൽ വിളിച്ചില്ല. വ്യാഴാഴ്ച രാവിലെ 10-ന് വിദേശത്തുനിന്ന് സൈജു രേവതിയുടെ അമ്മയെ വിളിച്ചു. രേവതി ഫോൺ എടുക്കുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ശശികല ഓട്ടോറിക്ഷയിൽ സൈജുവിന്റെ വീട്ടിലെത്തി. വീട്ടിൽനിന്നിറങ്ങി പുറത്തേക്കുപോയെന്നും എവിടെയാണെന്നറിയില്ലെന്നുമാണ് ഭർത്തൃവീട്ടുകാർ അറിയിച്ചത്. ഇവിടെനിന്ന് കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയെ കാത്തിരുന്നത് രേവതിയുടെ ആത്മഹത്യാ വിവരമാണ്. ഭർത്താവുമായുണ്ടായ വാക്കുതർക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭർത്താവിന്റെ മാതാപിതാക്കളുമായി യുവതിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികളും പൊലീസിന് വിവരം നൽകിയിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.