- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കോത്തിക്കാവിലും കിലുക്കത്തിലും വിസ്മയിപ്പിച്ചെങ്കിലും അവസാന ലാപ്പിൽ കാലിടറി; ദേശീയ തലത്തിൽ വരെ അംഗീകരിച്ചപ്പോഴും സംസ്ഥാന പുരസ്‌കാരം മാത്രം അകന്നു; നാലൂപതിറ്റാണ്ട് നീണ്ട അഭിനയസപര്യക്ക് ഒടുവിൽ രേവതിക്ക് സംസ്ഥാന പുരസ്‌കാരം
തിരുവനന്തപുരം: 40 വർഷത്തോളമായല്ലോ സിനിമയിൽ, അപ്പോൾ മികച്ച രീതിയിൽ ചെയ്തില്ലെങ്കിലാവും പ്രശ്‌നമാവുക...53 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ നടി രേവതിയുടെ പ്രതികരണം ഇങ്ങനെയാണ്.തന്നെ ഇത്രയും കാലം തന്നെ തേടിയെത്താതിരുന്ന പുരസ്‌കാരത്തോടുള്ള പരിഭവവും കൂടിയുണ്ട് ആ വാക്കുകളിൽ.ദേശീയ തലത്തിൽ വരെ അംഗീകരിച്ചപ്പോഴും ഇക്കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയ്ക്ക് കേരളസംസ്ഥാന പുരസ്‌കാരം മാത്രം അകന്നുനിൽക്കുകയായിരുന്നു.അതിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' (1988), 'കിലുക്കം' (1991) എന്നിവയായിരുന്നു രേവതി ഗംഭീര പ്രകടനം കാഴ്ച പ്രധാന ചിത്രങ്ങൾ. ഈ വർഷങ്ങളിലെല്ലാം രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാര സാധ്യതയുണ്ടായിരുന്നു. എന്നാൽ, കടുത്ത മത്സരത്തിൽ 1988-ൽ 'രുഗ്മിണി' എന്ന ചിത്രത്തിലെ അഭിനയത്തിന് ബേബി അഞ്ജുവിനും 1991-ൽ 'തലയണമന്ത്ര'ത്തിലെ അഭിനയത്തിന് ഉർവ്വശിക്കുമായിരുന്നു പുരസ്‌കാര നേട്ടം.
വർഷങ്ങൾക്കിപ്പുറം 'ഭൂതകാല'ത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാര നേട്ടത്തിന്റെ നെറുകയിലാണ് രേവതി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ- ത്രില്ലറിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരു അമ്മയുടെ വേഷം രേവതി അതിഗംഭീരമാക്കി. ഷൈൻ നിഗമായിരുന്നു ചിത്രത്തിൽ രേവതിക്കൊപ്പം വേഷമിട്ടത്.ഒടിടിയിലെത്തിയ ചിത്രവും മികച അഭിപ്രായം നേടിയിരുന്നു.
നാല് പതിറ്റാണ്ടുകളാകുന്നു രേവതി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട്. ഭരതൻ സംവിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. മായാമയൂരം, പാഥേയം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങൾ ചെയ്തുവെങ്കിലും കേരളത്തിൽനിന്ന് ഒരു പുരസ്‌കാരം തേടിയെത്തിയിട്ടില്ല. അതേസമയം തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ 'കിഴക്കു വാസൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കും 'തലൈമുറൈ'യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും രേവതി നേടി.
ദേശീയതലത്തിൽ രേവതിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഭരതൻ സംവിധാനം ചെയ്ത 'തേവർമകനി'ലെ അഭിനയത്തിന്. അഭിനയത്തിന് പുറമേ സംവിധാനരംഗത്തും മികവ് തെളിയിച്ച രേവതി 'മിത്ര് മൈ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്‌കാരം നേടി.കാത്തിരിപ്പിനൊടുവിൽ ലഭിച്ച തന്റെ പുരസ്‌കാര തിളക്കത്തിന്റെ നേട്ടം സിനിമയിലെ സഹ പ്രവർത്തകർക്ക് സമർപ്പിക്കുകയാണ് രേവതി.
പുരസ്‌കാര നേട്ടത്തെക്കുറിച്ച് രേവതി പറയുന്നത് ഇങ്ങനെ...ഒരുപാട് നന്ദിയും അതിനോടൊപ്പം സന്തോഷവുമുണ്ട്. രാഹുലിന്റെ ആദ്യ പടമാണ്. എല്ലാവർക്കും രാഹുലിന് മേലെ ഒരു വിശ്വാസം ഉണ്ടായിരുന്നു.അതുകൊണ്ടാണ് ഈ സിനിമയുണ്ടായത്. അൻവർ റഷീദും ഷെയിനും ഉൾപ്പെടെയെല്ലാവരും ഒന്നിച്ചു ചെയ്തതുകൊണ്ടാണ് ഈ സിനിമയുണ്ടായത്.ഈ ചിത്രമൊരു ടീം വർക്കാണ്. 40 വർഷത്തോളമായല്ലോ സിനിമയിൽ, അപ്പോൾ മികച്ച രീതിയിൽ ചെയ്തില്ലെങ്കിലാവും പ്രശ്‌നമാവുക. എനിക്കിഷ്ടമുള്ള മേഖലയാണിത്. അതിനാൽ ഇത് ആസ്വദിച്ച് ചെയ്യുന്നു. എല്ലാ ജ്യൂറി അംഗങ്ങൾക്കും ജ്യൂറി ചെയർമാനും നന്ദി അറിയിക്കുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പേ തന്നെ രേവതിയാകും മികച്ച നടിയെന്ന് കരുതിയവരുടെ എണ്ണവും കുറവാകില്ല. അതെല്ലാം ശരിവയ്ക്കുന്നതായിരുന്നു ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം. രേവതിയുടെ ഗംഭീര പ്രകടനം മലയാള സിനിമയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നൽകി ജൂറിയും ശരിവച്ചു. 'വിഷാദ രോഗവും കടുത്ത ഏകാന്തതയും, വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺ മനസ്സിന്റെ വിഹ്വലതകളെ അതിസൂഷ്മമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിന്' മികച്ച നടിക്കുള്ള പുരസ്‌കാരം എന്നാണ് ജൂറി ഒറ്റ വരിയിൽ രേവതിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ