ന്യൂഡൽഹി: സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി സഹോദരങ്ങൾക്കുനേരെ വെടിവയ്‌പ്പ്. പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിൽ ശനി വൈകുന്നേരമായിരുന്നു സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിർത്തിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഡൽഹിയിലെ കേശോപുർ മണ്ഡിയുടെ മുൻ ചെയർമാനായ അജയ് ചൗധരി, സഹോദരൻ ജസ്സ ചൗധരി എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ചികിത്സയിൽ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

തിഹാർ സ്വദേശികളായ സഹോദരങ്ങൾ ഇരുവരും ബന്ധുവിനെ സന്ദർശിക്കാൻ ആശുപത്രിയിലേക്കു പോകവെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗർ ഇന്റർസെക്ഷനിൽ എത്തിയപ്പോഴാണ് കാറിനു നേരെ വെടിയുതിർത്ത് മൂന്നുപേർ എത്തിയത്.

 

വെടിയ്‌പ്പിനെത്തുടർന്ന് സമീപമുള്ള ആളുകൾ രക്ഷപ്പെട്ടു. പിന്നാലെ വന്ന കാറുകൾ പെട്ടെന്ന് യൂടേൺ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. ചൗധരി സഹോദരങ്ങൾ സഞ്ചരിച്ച കാർ മുന്നോട്ടും യു ടേൺ എടുത്തും രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അക്രമികൾ പിന്നാലെ വെടിയുതിർത്തുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ തന്നെ അക്രമികൾ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.