- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തരേക്കാൾ 'ശരണം' വിളിച്ച് അധികൃതർ; ഭക്തരുടെ എണ്ണം വർധിപ്പിച്ചിട്ടും വരുമാനത്തിൽ പുരോഗതിയില്ലാതെ ശബരിമല;23 ദിവസത്തെ വരുമാനം 3.82 കോടി രൂപ മാത്രം; കഴിഞ്ഞ തവണ ഇത് 66 കോടി രൂപ; വരുമാനം വർധിപ്പിക്കാൻ വഴി കാണാതെ അധികൃതർ; ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ കണക്കെടുപ്പ് തുടങ്ങി ദേവസ്വം ബോർഡ്
ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുഖ്യമായ സാമ്പത്തിക സ്രോതസ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ ശക്തമാക്കിയപ്പോൾ സന്നിധാനത്ത് ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോൾ. ഇതോടെ ദേവസ്വം ബോർഡിന്റെ വരുമാനത്തിലും ഗണ്യമായ കുറവിന് കാരണമായി. ശബരിമല സന്നിധാനത്ത് ഈ വർഷം 23 ദിവസത്തെ വരുമാനം വെറും 3.82 കോടി രൂപ മാത്രമാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസം ലഭിച്ചത് 66 കോടി രൂപയായിരുന്നു.അയ്യപ്പ ദർശനവും നെയ്യഭിഷേകവും കഴിഞ്ഞാൽ സ്വാമി ഭക്തർ നേരെ പോകുക അപ്പം, അരവണ വഴിപാട് കൗണ്ടറുകളിലേക്കാണ്. ഭക്തരുടെ ഇഷ്ട വഴിപാട് പ്രസാദമാണ് അരവണയും അപ്പവും. ഇവയുടെ വിറ്റുവരവായിരുന്നു ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനവും.ഇത്തവണ ഇതിലൊക്കെ നിയന്ത്രണങ്ങൾ വന്നതോടെ കനത്ത തിരിച്ചടിയാണ് ബോർഡിനുണ്ടായിരിക്കുന്നത്. മറ്റൊരു വരുമാന മാർഗ്ഗമായിരുന്ന കടമുറികളുടെ ലേലവും ഇത്തവണ എങ്ങുമെത്തിയില്ല.
ഭക്തരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വരുമാനക്കുറവിന്റെ പ്രധാനകാരണമന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ മാസം ആദ്യം ഭക്തരുടെ എണ്ണത്തിലും വർധനവ് വരുത്തിയിരുന്നു.പ്രതിദിന തീർത്ഥാടകരുടെ എണ്ണം 1000 ത്തിൽ നിന്ന് 2000 ആക്കി ഉയർത്താനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി.ശനി, ഞായർ ദിവസങ്ങളിൽ ദർശനം നടത്താവുന്ന തീർത്ഥാടകരുടെ എണ്ണം നേരത്തെ 2000 ആയിരുന്നു. ഇത് 3000 ആയും വർധിപ്പിച്ചു. എന്നിട്ടും കാര്യമായ പുരോഗതിയൊന്നും വരുമാനത്തിൽ ഉണ്ടായില്ല. ഇതിനുപുറമെ ദർശനം വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്തവർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ബുക്ക് ചെയ്യാത്ത ഒട്ടേറെ ഭക്തർ ദിവസവും നിലയ്ക്കൽ എത്തുന്നു. ഇവരെ പമ്പയിലേക്ക് കടത്തിവിടാതെ പൊലീസ് മടക്കി അയയ്ക്കുകയാണ്.രണ്ടാംഘട്ട ബുക്കിങ്ങിൽ സംസ്ഥാനത്തിനു പുറത്തുള്ളവർക്കാണ് വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ കൂടുതൽ അവസരം കിട്ടിയത്. സെർവർ തകരാർ മൂലം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന മലയാളി ഭക്തരും ഗുരുസ്വാമിമാരും നിലയ്ക്കലിൽ എത്തുന്നുണ്ട്. ഇവരെ കടത്തി വിടാത്തതിന്റെ പേരിൽ തർക്കങ്ങളും പതിവാകുകയാണ്.
ശബരിമലയിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ മുണ്ട് മുറുക്കുവാനും പുതിയ വരുമാന മാർഗങ്ങൾ തേടുവാനും തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്തി പരിഹാരം കാണാനാകുമോ എന്നാണ് ബോർഡ് ആലോചിക്കുന്നത്. ഇതിനായി ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിത്യ പൂജയ്ക്കോ ചടങ്ങുകൾക്കോ ഉപയോഗിക്കേണ്ടാത്ത സ്വർണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. അറുന്നൂറോളം ക്ഷേത്രങ്ങളിലെ രജിസ്റ്ററുകളാണ് ഇതിനായി പരിശോധിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കപ്പെടാത്ത സ്വർണം റിസർവ് ബാങ്കിന്റെ സ്വർണബോണ്ടിൽ നിക്ഷേപിക്കാനാണ് പദ്ധതി. സ്വർണബോണ്ടിലൂടെ വരുമാനം ഉയർത്താൻ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും സൂചനയുണ്ട്. വഴിപാടിന്റെ നിരക്ക് വർദ്ധിപ്പിക്കുവാനാണ് മറ്റൊരു ആലോചന. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. കോവിഡ് കാലയളവിൽ ഓൺലൈൻ വഴിയുള്ള വഴിപാടുകൾ, കാണിക്ക എന്നിവ വർദ്ധിപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളും. അനുമതിയില്ലാതെ ക്ഷേത്രങ്ങളിൽ അനാവശ്യ ചടങ്ങുകൾക്ക് പണപ്പിരിവ് നടത്തുന്ന ഉപദേശകസമിതികൾക്കു തടയിടാനും തീരുമാനമായിട്ടുണ്ട്.
ക്ഷേത്രങ്ങളിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ഭക്തജനങ്ങളോട് കൂടുതൽ മര്യാദയോടെ പെരുമാറണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ബോർഡ്. ഇതിനായി മിന്നൽ പരിശോധന നടത്തും. ശബരിമലയിൽ നിന്നുള്ള വരുമാനക്കുറവാണ് മറ്റുവഴികൾ തേടാൻ ബോർഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്.