- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നു സാറെ.. ഞങ്ങളെ കൊണ്ട് ഗുണ്ടാപ്പണി എടുപ്പിക്കരുത്! റവന്യു റിക്കവറി നടത്തുന്നതിലെ വീഴ്ച്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാൻ നീക്കത്തിൽ ജില്ലാ ജില്ലാ കലക്ടർമാർക്ക് തഹസിൽദാർമാരുടെ കത്ത്; ജീവനക്കാരുടെ പ്രതിഷേധത്തിൽ സർക്കാർ പിന്നോട്ട്
പാലക്കാട്: റവന്യു റിക്കവറി നടത്തുന്നതിലെ വീഴ്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാൻ സർക്കാർ നടപടിയിൽ ജീവനക്കാർക്ക് കടുത്ത പ്രതിഷേധം. ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചാൽ തങ്ങൾ ഗുണ്ടാപ്പണി ചെയ്യേണ്ട അവസ്ഥയാകും എന്നാണ് ജീവനക്കാർ പറയുന്നത്. വായ്പയോ നികുതിയോ അടയ്ക്കാതെ നിയമനടപടി നേരിടുന്ന വ്യക്തികളിൽ നിന്നു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാനായിരുന്നു സർക്കാർ ഒരുങ്ങിയത്. ഈ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കേരളത്തിലെ സാഹചര്യത്തിൽ റവന്യു റിക്കവറി എന്നു പറയുന്നത് തീർത്തും ശ്രമകരമായ കാര്യമാണെന്നും സർക്കാർ ജീവനക്കാർ പറയുന്നു.
സർക്കാർ നീക്കം ജീവനക്കാരുടെ അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെടുത്തുന്ന നടപടിയാകുമെന്ന് കാണിച്ച് ജില്ലാ കലക്ടർമാർക്കു തഹസിൽദാർ കത്തും അയച്ചിട്ടുണ്ട്. റവന്യു റിക്കവറി വീഴ്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കുന്നതിൽ അഭിപ്രായം തേടി ലാൻഡ് റവന്യു കമ്മിഷണർ കലക്ടർമാർക്കു കത്തയച്ച സംഭവത്തിലാണു പ്രതികരണം. വില്ലേജ് ഓഫിസ് ജീവനക്കാരെ മുതൽ കലക്ടർമാരെ വരെ ബാധിക്കുന്ന തരത്തിൽ പൊതുനിർദ്ദേശം പുറപ്പെടുവിക്കാനുള്ള കമ്മിഷണറുടെ നീക്കം നേരത്തെ വാർത്തയായിരുരുന്നു.
ലാൻഡ് റവന്യു കമ്മിഷണറുടെ കത്ത് നിലപാട് അറിയിക്കാൻ കലക്ടർമാർ തഹസിൽദാർമാർക്കു കൈമാറിയിരുന്നു. കുടിശിക പിരിവു കടുപ്പിക്കേണ്ട സാഹചര്യം വന്നാൽ വില്ലേജ് ജീവനക്കാർ ഗുണ്ടാപ്പണി ചെയ്യുന്നവരെപ്പോലെ പെരുമാറേണ്ട അവസ്ഥ വരുമെന്നാണ് ഇടുക്കി ജില്ലയിലെ ഒരു തഹസിൽദാർ കലക്ടർക്കു മറുപടി നൽകിയത്. തീരുമാനം നടപ്പാക്കിയാൽ റവന്യു റിക്കവറി വിഭാഗങ്ങളിലും താലൂക്ക് ഓഫിസുകളിലും ജോലി ചെയ്യാൻ ആരും തയാറാകില്ലെന്നും ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാകുമെന്നും പല തഹസിൽദാർമാരുടെയും മറുപടികളിലുണ്ട്.
തഹസിൽദാർമാർ, ഡപ്യൂട്ടി കലക്ടർമാർ എന്നിവരുടെ അഭിപ്രായം ക്രോഡീകരിച്ചാണു വിഷയത്തിൽ കലക്ടർമാർ മറുപടി നൽകുക. ജോയിന്റ് കൗൺസിൽ, എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ എന്നീ സംഘടനകളും പ്രതിഷേധിച്ചിരുന്നു. അതേസമയം, റവന്യു റിക്കവറി വീഴ്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാനുള്ള പൊതുനിർദ്ദേശം പുറപ്പെടുവിക്കുന്നതിന്റെ സാധ്യത തേടി കമ്മിഷണർ കത്തയച്ചത് തന്റെ അറിവോടെയല്ലെന്നു മന്ത്രി കെ.രാജൻ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് തീരുമാനത്തിൽ നിന്നു സർക്കാർ പിന്നാക്കം പോയേക്കും.
സർക്കാർ നിർദ്ദേശം നടപ്പാക്കാൻ റവന്യു ജീവനക്കാർ രംഗത്തിറങ്ങിയാൽ സംസ്ഥാനത്തു ജപ്തി നടപടി ഉൾപ്പെടെ കർശനമാകും. റവന്യു വകുപ്പിന്റെ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ ഒരുമിച്ചാണ് പ്രതിഷേധിക്കുന്നത്. റവന്യു ജീവനക്കാർ കുടിശിക പിരിവിന് ഇറങ്ങിയാൽ വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുമെന്നാണു പരാതി.
മറുനാടന് മലയാളി ബ്യൂറോ