ന്യൂഡൽഹി: ജി.എസ്.ടിയിലെ നിരക്ക് ഘടന അഴിച്ചുപണിയണമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഇത്തരത്തിൽ മാറ്റം വരുത്താതെ ജനങ്ങൾക്കുമേലും താഴേത്തട്ടിലുള്ള വ്യാപാരികൾക്കുമേലും ഉണ്ടാവുന്ന നികുതിഭാരം കുറയില്ലെന്നും ആദിയ ചൂണ്ടിക്കാട്ടുന്നു.

ചെറുകിട- ഇടത്തരം വ്യാപാരികൾക്കു മേലുള്ള നികുതിഭാരം കുറക്കാൻ ജി.എസ്.ടി നികുതി നിരക്കിൽ മാറ്റങ്ങൾ വരുത്തണം. പന്ത്രണ്ടിലേറെ നികുതികളുടെ ഏകീകൃതരൂപമായ ജി.എസ്.ടി സാധാരണ നിലയിലാകാൻ ഒരു വർഷമെങ്കിലും സമയമെടുക്കുമെന്നും ആദിയ പറഞ്ഞു.

പുതിയ നികുതി ഘടന നടപ്പാക്കി നാലു മാസത്തിനിടെ തന്നെ നിരവധി ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. അവ ജി.എസ്.ടി കൗൺസിൽ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ജി.എസ്.ടി റിട്ടേണുമായി ബന്ധപ്പെട്ടും നികുതി അടക്കുന്നത് സംബന്ധിച്ചും ചെറുകിട- ഇടത്തരം വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും വ്യാപാരസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട് - ആദിയ ചൂണ്ടിക്കാട്ടി

ചെറികിടക്കാർക്കുണ്ടായ അധിക ബാധ്യത ഒഴിവാക്കിയാലേ ജി.എസ്.ടിക്ക് സ്വീകര്യത ലഭിക്കൂ. ഏതൊക്ക ഇനങ്ങൾക്കാണ് നികുതി മാറ്റം വരുത്തേണ്ടത് എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും റവന്യൂ സെക്രട്ടറി വ്യക്തമാക്കി. ജി എസ് ടി സമ്ബ്രദായം തിരക്കിട്ട് നടപ്പാക്കിയതോടെ ചെറുകിട വ്യവസായ മേഖലയിലും കയറ്റുമതി രംഗത്തും പ്രശ്‌നങ്ങൾ രൂക്ഷമായെന്ന് കഴിഞ്ഞ ജി.എസ്.ടി കൗൺസി ൽയോഗം വിലയിരുത്തിയിരുന്നു.

ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് റവന്യൂ സെക്രട്ടറിയുടെ പ്രതികരണം. അടുത്തമാസം 10ന് അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ് യോഗം.