- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതമേ ജീവിതം
അതീവ രസകരമാണ് മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലും ചലച്ചിത്രഗാനങ്ങൾക്കു കൈവന്ന സാംസ്‌കാരിക ജീവചരിത്രം. 1930കളിലാണല്ലോ ശബ്ദസിനിമയും അതിന്റെ ഭാഗമായി ചലച്ചിത്രഗാനങ്ങളും പ്രചരിച്ചുതുടങ്ങുന്നത്. എങ്കിൽപോലും 1950കളിലേ മലയാളത്തിൽ ഈ ഗാനകലാരൂപം ജനകീയമായി മാറുന്നുള്ളൂ. സിനിമയും അങ്ങനെതന്നെ. നിലനിന്നിരുന്ന ജനപ്രിയ-ജനകീയ കലാരൂപങ്ങൾ പലതും സ്വാംശീകരിച്ചും സമീകരിച്ചും നിലവിൽവന്ന സിനിമയുടെ സൗന്ദര്യകലയും സാമൂഹികതയും വലിയൊരളവിൽ പാട്ട്, നൃത്തം, നാടകം എന്നിവയുടെ തുടർച്ചയും സങ്കരവുമായിരുന്നു. സാങ്കേതികകലയെന്ന പദവി ഒഴിവാക്കിയാൽ ഇന്ത്യൻ ജനപ്രിയ കലാരൂപങ്ങളുടെ ഒരവിയലായിരുന്നു ഇന്ത്യൻ ഭാഷകളിലേതിലും, സിനിമ. ഇവയിൽ ഏറ്റവും പ്രധാനവും സിനിമക്കു വെളിയിൽ പൊതുസമൂഹത്തിലും ഇതര മാധ്യമങ്ങളിലും തനതുജീവിതം വെട്ടിപ്പിടിച്ചു സ്വതന്ത്രമായി നിലനിന്നതും പാട്ടുകളായിരുന്നു. സ്വകാര്യാനുഭവമെന്ന നിലയിൽ വ്യക്തികൾ മൂളുന്ന പാട്ടു മുതൽ ഭാവഗീതങ്ങളുടെ അപരമെന്ന പദവി കൈവരിച്ച ഗാനസ്വരൂപം വരെ; ഗാനമേളകളുൾപ്പെടെയുള്ള രംഗകലാപരിപാടികൾ മുതൽ റേഡിയോയുടെ ജ
അതീവ രസകരമാണ് മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലും ചലച്ചിത്രഗാനങ്ങൾക്കു കൈവന്ന സാംസ്‌കാരിക ജീവചരിത്രം. 1930കളിലാണല്ലോ ശബ്ദസിനിമയും അതിന്റെ ഭാഗമായി ചലച്ചിത്രഗാനങ്ങളും പ്രചരിച്ചുതുടങ്ങുന്നത്. എങ്കിൽപോലും 1950കളിലേ മലയാളത്തിൽ ഈ ഗാനകലാരൂപം ജനകീയമായി മാറുന്നുള്ളൂ. സിനിമയും അങ്ങനെതന്നെ. നിലനിന്നിരുന്ന ജനപ്രിയ-ജനകീയ കലാരൂപങ്ങൾ പലതും സ്വാംശീകരിച്ചും സമീകരിച്ചും നിലവിൽവന്ന സിനിമയുടെ സൗന്ദര്യകലയും സാമൂഹികതയും വലിയൊരളവിൽ പാട്ട്, നൃത്തം, നാടകം എന്നിവയുടെ തുടർച്ചയും സങ്കരവുമായിരുന്നു. സാങ്കേതികകലയെന്ന പദവി ഒഴിവാക്കിയാൽ ഇന്ത്യൻ ജനപ്രിയ കലാരൂപങ്ങളുടെ ഒരവിയലായിരുന്നു ഇന്ത്യൻ ഭാഷകളിലേതിലും, സിനിമ. ഇവയിൽ ഏറ്റവും പ്രധാനവും സിനിമക്കു വെളിയിൽ പൊതുസമൂഹത്തിലും ഇതര മാധ്യമങ്ങളിലും തനതുജീവിതം വെട്ടിപ്പിടിച്ചു സ്വതന്ത്രമായി നിലനിന്നതും പാട്ടുകളായിരുന്നു.
സ്വകാര്യാനുഭവമെന്ന നിലയിൽ വ്യക്തികൾ മൂളുന്ന പാട്ടു മുതൽ ഭാവഗീതങ്ങളുടെ അപരമെന്ന പദവി കൈവരിച്ച ഗാനസ്വരൂപം വരെ; ഗാനമേളകളുൾപ്പെടെയുള്ള രംഗകലാപരിപാടികൾ മുതൽ റേഡിയോയുടെ ജനപ്രീതിയെ ലാവണ്യാത്മകമായി പുനർനിർണയിച്ച 'ഇഷ്ട'ഗാനങ്ങൾ വരെ; ദേശീയ, പ്രാദേശിക ടെലിവിഷനിൽ ആഴ്ചയിലൊരിക്കൽ നടന്നുവന്നിരുന്ന ചിത്രഹാർ/ചിത്രഗീത് മുതൽ മ്യൂസിക് ടെലിവിഷൻ ചാനലുകളും എഫ്.എം. റേഡിയോ നിലയങ്ങളും പുനർനിർവചിച്ച ദൃശ്യ, ശ്രാവ്യ രൂപങ്ങൾ വരെ; മൊബൈൽ റിങ്‌ടോണുകളായി ചിട്ടപ്പെടുത്തപ്പെടുന്ന ആയിരക്കണക്കിനു പാട്ടുകൾ മുതൽ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചു പിൻവലിക്കപ്പെടുന്ന 'അഡാറു'കൾ വരെ - ചലച്ചിത്രഗാനങ്ങളുടെ സാമൂഹ്യ, മാധ്യമചരിത്രം മാറിവന്ന മുഴുവൻ സാംസ്‌കാരികമണ്ഡലങ്ങളിലും അതിന്റെ ജീവിതം തുടരുകതന്നെയാണ്.
ആധുനികതയുടെ വരേണ്യലാവണ്യയുക്തിയിൽ, ശാസ്ത്രീയസംഗീതമേ പാടുള്ളൂ, ജനപ്രിയസംഗീതം വേണ്ട എന്ന കാഴ്ചപ്പാടോടെ ജവഹർലാൽ നെഹ്രുവും പ്രക്ഷേപണമന്ത്രി ബി.വി. കേസ്‌കറും 1952-ൽ ആകാശവാണിയിൽ ചലച്ചിത്രഗാനങ്ങളുടെ പ്രക്ഷേപണം (ഒപ്പം ക്രിക്കറ്റ് കമന്ററിയും) നിർത്തിവയ്പിച്ചതും ശ്രീലങ്കൻ റേഡിയോ ചലച്ചിത്രഗാനങ്ങളിലൂടെ ശ്രോതാക്കളെ നേടുകയും ആകാശവാണിക്ക് ശ്രോതാക്കളും പരസ്യവും കുറയുകയും ചെയ്തതോടെ 1957-ൽ 'വിവിധ് ഭാരത്' ആരംഭിച്ചതും ചരിത്രം. നിശ്ചയമായും ചലച്ചിത്രഗാനങ്ങളെക്കാൾ ജനപ്രിയമായ ഒരു കലയും സംസ്‌കാരവും നാളിതുവരെ ഇന്ത്യൻ സമൂഹത്തിനു കണ്ടെത്താനായിട്ടില്ല. അത്രമേൽ അത് ഇന്ത്യക്കാരുടെ ആത്മലോകങ്ങളെ ഭാവബദ്ധമാക്കി നിലനിൽക്കുന്നുവെന്നതാണ് വസ്തുത.
എന്നിട്ടും, ചലച്ചിത്രഗാനങ്ങൾക്ക് മുക്കാൽ നൂറ്റാണ്ടു പ്രായമായ കഴിഞ്ഞ പതിറ്റാണ്ടിലാണ് മലയാളി ഈ കലാരൂപത്തിന്റെ ഭാവലോകങ്ങളെക്കുറിച്ചെഴുതാനും ചിന്തിക്കാനും വായിക്കാനും തയ്യാറായത്. ഗാനരചന, സംഗീതം, ആലാപനം, ഉപകരണകല എന്നീ നാലു തലങ്ങളെയും മുൻനിർത്തിയുള്ള സാങ്കേതിക-സാംസ്‌കാരിക ചർച്ചകളായി അവ വികസിച്ചു. ജനപ്രിയസംസ്‌കാരപാഠങ്ങളും രൂപങ്ങളും എന്ന നിലയിൽ കണ്ട് ഈ കലയെക്കുറിച്ച് ലോകമെങ്ങുമുണ്ടായ സംഗീതപഠനങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഈ ചർച്ചകളെ മുന്നോട്ടുനയിച്ചു. അതിലുപരി, സിനിമ, റേഡിയോ, സ്റ്റുഡിയോ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു സമാന്തര കലാചരിത്രമായി അവ മാറുകയും ചെയ്തു. ചുരുക്കം ചിലർ ഈ കലാരൂപത്തിന്റെ ലാവണ്യചരിത്രത്തിനു സമാന്തരമായി രൂപംകൊണ്ട അനുഭവചരിത്രങ്ങൾ തേടിപ്പോയി. ചലച്ചിത്രഗാനങ്ങളെ കലാത്മകമായി വിലയിരുത്തുന്ന രചനകളെക്കാൾ വായനക്കാരെ നേടാൻ ചിലപ്പോഴെങ്കിലും ഇത്തരം ശ്രമങ്ങൾക്കു കഴിയുകയും ചെയ്തു. നേടിയവരും നഷ്ടപ്പെട്ടവരും വിജയിച്ചവരും പരാജയപ്പെട്ടവരും അതിജീവിച്ചവരും അഴിഞ്ഞുപോയവരുമായ മനുഷ്യരുടെ പച്ചജീവിതങ്ങൾ വെളിച്ചവും ഇരുട്ടും പോലെ ചലച്ചിത്രഗാനലോകത്തെ മൂടിനിൽക്കുന്നത് ഈ രചനകൾ മറനീക്കിക്കാണിച്ചു.
ഷാജൻ സി. മാത്യുവിന്റെ 'ഗ്രാമഫോൺ', സംഗീതത്തെ ആയുസ്സിന്റെ അർഥവും അപരവുമായി അനുഭവിച്ചറിഞ്ഞ കുറെ മനുഷ്യരുടെ ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത ഇത്തരം കുറെ ഏടുകളാണ്. സ്വാഭാവികമായും ഇവയുടെ വക്കിൽ ചോരപൊടിഞ്ഞിരിപ്പുണ്ട്. കാരണം ഇവയിൽ മിക്കവയും കലാമണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചവരുടെ ജൈത്രയാത്രാവിവരണങ്ങളല്ല. മറിച്ച്, സ്വപ്നങ്ങൾ നഷ്ടമായവരുടെ, തിരസ്‌കരിക്കപ്പെട്ടവരുടെ, പുറത്താക്കപ്പെട്ടവരുടെ, പരാജിതരുടെ, പിടിച്ചുനിൽക്കാൻ കഴിയാതെ പതറിപ്പോയവരുടെ കഥകളാണ്. അപ്പോഴും പക്ഷെ അവർ തങ്ങളുടെ ജീവിതത്തിന്റെ മിച്ചമൂല്യവും അവശിഷ്ടമൂലധനവുമായി കണ്ടത് സംഗീതത്തെത്തന്നെയായിരുന്നു.
മലയാളമനോരമ പത്രത്തിൽ ഷാജൻ വർഷങ്ങളായി എഴുതിവരുന്ന പംക്തിയിൽ നിന്നു തെരഞ്ഞെടുത്ത മുപ്പത്തിമൂന്നു രചനകളാണ് 'ഗ്രാമഫോണി'ന്റെ ഉള്ളടക്കം.
ഒറ്റപ്പാട്ടുകളുടെ കഥകൾ, ലോകമറിയാതെ പോയ പാട്ടുകാരുടെയും എഴുത്തുകാരുടെയും കഥകൾ, അപ്രതീക്ഷിതമായി ഉയർന്നുവന്ന ഭാഗ്യങ്ങളുടെ കഥകൾ, ചുഴിപോലെ വിഴുങ്ങിക്കളഞ്ഞ നിർഭാഗ്യങ്ങളുടെ കഥകൾ... ഗ്രാമഫോൺ അസാധാരണമാംവിധം ജീവിതനിരീക്ഷണപാടവവും ഹൃദയദ്രവീകരണ ശക്തിയും വായനാസുഖവുമുള്ള രചനകളുടെ സമാഹാരമാണ്.
തമിഴും മലയാളവും ഹിന്ദിയും; ഭക്തിഗാനവും ലളിതഗാനവും മാപ്പിളപ്പാട്ടും നാടൻപാട്ടും സിനിമാപ്പാട്ടും; പാട്ടെഴുത്തുകാരും സംഗീതസംവിധായകരും ഗായകരും; വിദേശികളും സ്വദേശികളും; ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും-കെട്ടുപോയ നക്ഷത്രങ്ങളാകട്ടെ, പട്ടുപോയ മാമരങ്ങളാകട്ടെ, 'ഗ്രാമഫോണി'ന്റെ ഊന്നൽ സംഗീതത്തിലാകുന്നു. ജീവിതത്തിന്റെ പര്യായവും പദവുമായി മാറുന്ന സംഗീതത്തിൽ. ദേശമോ ഭാഷയോ രൂപമോ ഗണമോ കാലമോ പദവിയോ ഒന്നും അതിനു പരിഗണനയേയല്ല. സംഗീതമേ ജീവിതം എന്ന പ്രമാണത്തിലുറച്ചുനിന്ന എത്രയെങ്കിലും മനുഷ്യരുടെ കെടാത്ത ഭാവാഗ്നിയുടെ കഥകൾ. ചിലതൊക്കെ നിസ്സാരവും ബാലിശവുമായിത്തോന്നിയേക്കാം, പക്ഷെ അവിടെയും ഒരു മനുഷ്യന്റെയോ കുടുംബത്തിന്റെയോ ജീവിതം തുലാസിലാടിയ സന്ദർഭങ്ങളെയും അനുഭവങ്ങളെയും സ്പർശിച്ചുപോകുന്നുണ്ട്, ഷാജൻ.
മലയാളചലച്ചിത്രഗാനചരിത്രത്തിന്റെ പൊതുഭൂമികയിൽ, അജ്ഞാതമായി ഇന്നും തുടരുന്നവരോ അവിശ്വസനീയമാംവിധം തമസ്‌കരിക്കപ്പെട്ടുപോയവരോ ആയ ചില പ്രതിഭകളെക്കുറിച്ചുള്ള രചനകളാണ് ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രചനകൾ. അസാമാന്യമാംവിധം ജനപ്രീതി നേടിയ ചില ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്കു പിന്നിലെ വിസ്മയകരമായ ഭാവനാജീവിതങ്ങളെക്കുറിച്ചാണ് മറ്റൊരു വിഭാഗം. നാടകീയമായ ജീവിതവും ഭാവബന്ധങ്ങളും കൊണ്ട് വേറിട്ടുനിൽക്കുന്ന ചിലരെക്കുറിച്ചുള്ള രചനകൾ മൂന്നാമതൊരു വിഭാഗം. ഇപ്പറഞ്ഞവയിലൊന്നും പെടാത്ത, എന്നാൽ സംഗീതവും ജീവിതവും കൊണ്ട് തങ്ങളുടെ സാന്നിധ്യം സാർഥകമാക്കിയ ചിലരെക്കുറിച്ചുള്ളവ ഇനിയുമൊരു വിഭാഗം-ഇങ്ങനെ നാലായി വിഭജിക്കാം ഗ്രാമഫോണിന്റെ ഉള്ളടക്കം. ഓരോ വിഭാഗത്തിലുമുണ്ട് ഏഴോ എട്ടോ രചനകൾ വീതം. പാട്ടിനും ജീവിതത്തിനുമിടയിൽ പെട്ടും പട്ടും പോയ മനുഷ്യരുടെ കഥകൾ. ചിലതു കേൾക്കൂ: ......
തമിഴിലെ ഏറ്റവും ജനപ്രിയങ്ങളായ നിരവധി ചലച്ചിത്രഗാനങ്ങളൊരുക്കി, ഇന്നാരുമോർക്കാത്ത, ഒരു ഫോട്ടോ പോലും അവശേഷിക്കാത്ത, ആർ. സുദർശനമാണ് ഒരാൾ. 'കണ്ണാ കരുമൈനിറ വർണാ' എന്ന ഗാനം (നാനും ഒരു പെൺ) കൊണ്ടു മാത്രമല്ല സുദർശനം അനശ്വരനാകുന്നത്. 'പരാശക്തി' മുതൽ 'കുളത്തൂർ കണ്ണമ്മ' വരെയുള്ള ചിത്രങ്ങൾക്ക് സംഗീതം പകർന്നയാൾ, മലയാളത്തിൽ 'ചിത്രാപൗർണമി രാത്രിയിലിന്നലെ...' എന്ന ഗാനമുൾപ്പെടെയുള്ള നിരവധി പാട്ടുകൾ ചിട്ടപ്പെടുത്തിയയാൾ, എസ്. ജാനകി, പി. സുശീല തുടങ്ങിയവരുടെ ശബ്ദപരിശോധന നടത്തി പാട്ടുകാരാക്കിയ സൗണ്ട് മാനേജർ... പക്ഷെ സുദർശനത്തെ ഇന്ന് ആരുമോർക്കുന്നില്ല.
'ലൗലി'യിലെ, 'എല്ലാ ദുഃഖവും എനിക്കുതരൂ....' എന്ന ഗാനം സൂപ്പർ ഹിറ്റായിട്ടും രണ്ടാമതൊരു സിനിമക്കു പാട്ടെഴുതാൻ ആരും വിളിക്കാത്ത ടി.വി. ഗോപാലകൃഷ്ണൻ; യേശുദാസിനും ജയചന്ദ്രനുമൊപ്പം പ്രതിഭ തെളിയിച്ചിട്ടും പല കാരണങ്ങളാൽ തമസ്‌കരിക്കപ്പെട്ടുപോയ, മലയാളചലച്ചിത്രസംഗീതരംഗത്തെ ഏറ്റവും പ്രസിദ്ധമായ ദുരന്തകഥയുടെ ഉടമ, ബ്രഹ്മാനന്ദൻ; 'കാട്ടുകുറിഞ്ഞിപ്പൂവും ചൂടി', 'കന്നിപ്പൂമാനം' എന്നീ ഗാനങ്ങളുൾപ്പെടെ നൂറോളം പാട്ടുകളെഴുതിയിട്ടും അജ്ഞാതനായി തുടരുന്ന ദേവദാസ്; 'നിന്നേപ്പുണരാൻ നീട്ടിയ കൈകളിൽ.....', 'ഇനിയും ഇതൾ ചൂടിയുണരും' തുടങ്ങിയ ഹിറ്റ് ഗാനങ്ങളും നിരവധി തിരക്കഥകളുമെഴുതി മറവിയിലാണ്ടുപോയ വെള്ളനാട് നാരായണൻ; 'മൊഞ്ചത്തിപ്പെണ്ണെ നിൻചുണ്ട്' എന്ന ഗാനം പാടി ശ്രദ്ധേയനായെങ്കിലും പിന്നീട് സിനിമയിൽ കാര്യമായ അവസരങ്ങളൊന്നും കിട്ടാതെ പോയ അയിരൂർ സദാശിവൻ; നിരവധി നാടകഗാനങ്ങളും 'കാറ്റുവന്നൂ നിന്റെ കാമുകൻ വന്നൂ....' ഉൾപ്പെടെയുള്ള ചലച്ചിത്രഗാനങ്ങളുമെഴുതിയിട്ടും ഗാനചരിത്രത്തിൽ വിസ്മൃതനായിപ്പോയ ജി.കെ. പള്ളത്ത്; സ്റ്റേജിലും ആൽബങ്ങളിലുമായി കലാഭവന്മണി പാടി ഹിറ്റാക്കിയ ഇരുന്നൂറോളം നാടൻ പാട്ടുകളുടെ രചയിതാവായിട്ടും കൽപ്പണിക്കാരനായി തുടരുന്ന അറുമുഖൻ വെങ്കിടങ്ങ്ഷാജൻ വരച്ചിടുന്ന ജീവിതചിത്രങ്ങൾ അസാധാരണമായ ഒരുപാട് മനുഷ്യാനുഭവങ്ങളുടെയും കലാപ്രണയങ്ങളുടെയും കണ്ണീരും ചോരയും ഒരുപോലെ കലർന്നവയാണ്. ഈ പുസ്തകനിരൂപണത്തോടൊപ്പം നൽകിയിരിക്കുന്ന പാട്ടുകൾ മിക്കതും ഈ മനുഷ്യരുടേതാണ്. മലയാളി പാടിയും കേട്ടും ഹൃദിസ്ഥമാക്കിയ വാക്കുകളും വരികളും ഈണവും താളവും. പക്ഷെ അവയുടെ സ്രഷ്ടാക്കൾ മറവിയിലും നിന്ദയിലും നിത്യദാരിദ്ര്യത്തിലുമാഴ്ന്നുപോയത് മലയാളി അറിഞ്ഞിട്ടില്ല. അവയിലേക്കുള്ള, അവരിലേക്കുള്ള ഒരു ഓർമ്മച്ചാലാണ് ഷാജൻ വെട്ടിത്തുറക്കുന്നത്.
വിസ്മയകരമായ 'ദൗർഭാഗ്യങ്ങൾ കൊണ്ട് നമ്മെ അമ്പരപ്പിക്കും, ഇവരിൽ ചിലരുടെ അനുഭവങ്ങൾ. ഇതിൽ ബ്രഹ്മാനന്ദന്റെ ജീവിതം ഏറെ പറഞ്ഞും കേട്ടും പഴകിയ'താണ്. പക്ഷെ അയിരൂർ സദാശിവന്റെ ഒരനുഭവം കേൾക്കൂ:
'മലയാളത്തിന്റെ നിത്യവിരഹഗാനമായ 'സന്യാസിനി...' കൈവിട്ടുപോയതാണ് അയിരൂരിന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യം. 'രാജഹംസം' എന്ന ചിത്രത്തിൽ വയലാർ രചിച്ച് ദേവരാജന്റെ സംഗീതത്തിൽ ഈ ഗാനം പാടി റിക്കോർഡ് ചെയ്തത് അയിരൂരാണ്. സിനിമയിൽ ഗാനചിത്രീകരണം നടത്തിയതുപോലും അയിരൂർ പാടിയ ഗാനം ഉപയോഗിച്ചാണ്. എന്നാൽ പിന്നീട് ഗാനത്തിന്റെ വിപണനാവകാശം മറ്റൊരു കമ്പനിക്കു ലഭിക്കുകയും ഗാനം യേശുദാസിനെക്കൊണ്ടു മാറ്റി പാടിക്കുകയും ചെയ്തു'.
എൺപത്തിനാല് നാടകങ്ങൾക്കും പന്ത്രണ്ട് സിനിമകൾക്കും പാട്ടെഴുതിയിട്ടും ഒരു നയാപൈസപോലും പ്രതിഫലം കിട്ടാത്ത ജി.കെ. പള്ളത്തിന്റെ അനുഭവമാണ് മറ്റൊന്ന്.
സ്വന്തം ജീവിതാനുഭവങ്ങളും നിർധനത്വവും തന്റെ പാട്ടുകളുടെ വരികളും ഈണവുമാക്കി മാറ്റിയ അറുമുഖത്തെക്കുറിച്ച് ഷാജൻ എഴുതുന്നു:
'അറുമുഖൻ വെങ്കിടങ്ങിനു കലാഭവൻ മണിയോടാണോ അതോ മണിക്ക് അറുമുഖനോടാണോ കടപ്പാട്? നാടൻപാട്ടിനു മലയാളികൾക്കിടയിൽ അത്രയേറെ ജനപ്രീതിയുണ്ടാക്കി, പ്രശസ്തിയുടെ പടവുകൾ ചവുട്ടി കലാഭവൻ മണി കടന്നുപോയപ്പോൾ ആ ഗാനങ്ങളിൽ മിക്കതിന്റെയും സ്രഷ്ടാവ് അധികമാരുമറിയാതെ ഒരു കരിങ്കല്ല് പണിക്കാരനായി നമുക്കിടയിൽ കഴിഞ്ഞുകൂടുന്നുണ്ട്.
'തീർച്ചയായും മണി പാടിയതുകൊണ്ടാണ് എന്റെ പാട്ടുകളെല്ലാം ഇന്ന് ലോകമെങ്ങും അറിയപ്പെടുന്നത്. അതു മണിയുടെ കഴിവുതന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഞാൻ മണിയോടല്ലേ കടപ്പെട്ടിരിക്കുന്നത്?' അറുമുഖൻ വിനീതനാവുന്നു.
തൃശൂർ ജില്ലയിലെ വെങ്കടങ്ങ് നടുവത്ത് ശങ്കരൻ-കാളി ദമ്പതികളുടെ മകനായ അറുമുഖന് ചെറുപ്പം മുതലേ പാട്ടുകൾ ദൗർബല്യമായിരുന്നു. നാട്ടിൻപുറത്തെ യഥാർഥ ജീവിതങ്ങളെ കഥാപാത്രങ്ങളാക്കി പാട്ടുണ്ടാക്കാൻ ബഹുമിടുക്കൻ. വിനോദകൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഈ പാട്ടുകൾ ഹിറ്റായി നിൽക്കുമ്പോഴാണ് നാട്ടുകാരൻ തന്നെയായ സലിം സത്താർ (പ്രശസ്ത മാപ്പിളഗായകൻ കെ.ജി. സത്താറിന്റെ മകൻ) അറുമുഖന്റെ ഗാനങ്ങൾ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് 'കല്ലേം മാലേം പിന്നെ ലോലാക്കും' എന്ന കസെറ്റ് പുറത്തിറക്കിയത്.
അക്കാലത്തു ചാലക്കുടിയിൽ അൽപ്പം നാടൻപാട്ടും മിമിക്രിയുമായി നടന്നിരുന്ന കലാഭവൻ മണി എന്ന ചെറുപ്പക്കാരൻ ഈ കസെറ്റിലെ 'കണ്ടത്തീലോടണ മുണ്ടത്തീ...' എന്ന ഗാനം ശ്രദ്ധിച്ചു. ഈ എഴുത്തുകാരന്റെ പാട്ടുകൾ തന്റെ അഭിരുചിയുമായി ചേർന്നുപോകുമെന്നു മണി മനസ്സിലാക്കി. അടുത്ത ദിവസം തന്നെ മണിയുടെ കൂട്ടുകാർ അറുമുഖനെ കാണാൻ വരുന്നു. ഒന്നിച്ച് ഒരു കസെറ്റ് ഇറക്കണമെന്നായിരുന്നു ആവശ്യം. അറുമുഖന് എന്താണു തടസ്സം? അങ്ങനെ കേരളത്തിലെ സൂപ്പർ ഹിറ്റ് മിമിക്‌സ് കസെറ്റായ 'ആക്രാന്തം കാട്ടേണ്ട വിളമ്പിത്തരാം' ഇറങ്ങുന്നു. ഇതിലെ
'പകല് മുഴുവൻ പണിയെടുത്ത്
കിട്ടണ കാശിനു കള്ളും കുടിച്ച്
എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ'
കേരളമെന്നല്ല, എവിടെല്ലാം മലയാളികളുണ്ടോ അവിടെല്ലാം തരംഗമായി. മദ്യപാനശീലമുള്ള സ്വന്തം ചേട്ടൻ വേലായുധനെ ഓർത്ത് അറുമുഖൻ മുൻപേ പാടിനടന്നിരുന്ന ഈ ഗാനം അതേ പേരിൽ ചേട്ടനുള്ള മണിയുടെ ജീവിതവുമായി ആരാധകർ ചേർത്തുവായിച്ചു. മണി അതു നിഷേധിച്ചുമില്ല. വൻവിജയമായ ആ കൂട്ടുകെട്ട് അങ്ങനെ ആരംഭിച്ചു. നാടൻപാട്ടുകളുടെ ഉത്സവത്തിനാണ് ഈ കൂട്ടുകെട്ടു തിരികൊളുത്തിയത്.
'വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം
കിട്ട്യോടീ തങ്കമ്മേ...'
'വരിക്കച്ചക്കേടെ ചൊളകണക്കിനെ
തുടുതുടുത്തൊരു കല്യാണീ
കൊടകരയില് കാവടിയാടുമ്പോ
കണ്ടെടീ ഞാനൊരു മിന്നായം...'
'ഇക്കൊല്ലം നമുക്ക്
ഓണമില്ലെടി കുഞ്ഞേച്ചി
കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ...'
'മേലൂര് ഷാപ്പിലൊരിക്കല് കള്ളു കുടിക്കുവാ
നൊറ്റയ്ക്കു പോയതു നേരാണേ
കള്ളു കുടിച്ചു കുടിച്ചു ഞാൻ
കയ്യീന്നു പോയത് നേരാണോ...'
താനെഴുതിയ നാടൻപാട്ടുകളിൽ അറുമുഖന് ഏറ്റവും ഇഷ്ടം 'തക്കാക്കിലോ മുക്കാളി' എന്ന ആൽബത്തിലെ
പണ്ടും പറഞ്ഞു ഞാൻ കുഞ്ഞാഞ്ഞോട്
ചന്തോളല പെണ്ണീനെ കെട്ടേണ്ടാന്ന്
ചന്തോള്ള പെണ്ണിനെ കെട്ടിയമൂലം
ആയുസ്സും പോയെന്റഴകും പോയി... എന്ന അർഥവത്തായ ഗാനമാണ്.
അങ്ങനെ എത്രയെത്ര മനോഹരഗാനങ്ങൾ ... കലാഭവൻ മണിയുടെ കസെറ്റുകൾക്കായി കേരളം കാത്തുനിന്ന നാളുകൾ. പക്ഷേ, അവയുടെ രചയിതാവിനെ ആരും അത്ര ശ്രദ്ധിച്ചില്ല. പല കസെറ്റിലും പേരില്ലായിരുന്നു. ചിലതിലൊക്കെ ചെറിയ ചിത്രം കൊടുക്കാൻ നിർമ്മാതാക്കൾ സൗമനസ്യം കാണിച്ചു. പാട്ടെഴുത്തു മാത്രം ആസ്വദിച്ചിരുന്ന അറുമുഖൻ ഇതൊന്നും ശ്രദ്ധിച്ചുമില്ല.
'എന്റെ പാട്ട് മറ്റു പലരുടെയും പേരിൽ അറിയപ്പെടുന്നതു കാണുമ്പോൾ സങ്കടമില്ലെന്നു പറഞ്ഞാൽ കള്ളമാവും. അവയൊക്കെ ഞാനെഴുതിയതാണ് എന്നറിയാവുന്ന കുറച്ചുപേരെങ്കിലും ഇവിടുണ്ട്. അവ പലതും കസെറ്റിൽ വരുന്നതിന് എത്രയോ വർഷം മുൻപേ ഞാൻ പാടി നടക്കുന്നത് എത്രയോ പേർ കണ്ടിട്ടുണ്ട്'. അറുമുഖൻ പറഞ്ഞു'.
അൾത്താരയിൽ മാത്രമല്ല ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പിറക്കുന്നത്. സിനിമയിലും ആൽബത്തിലും അവ രൂപംകൊള്ളും. മലയാളികളോ ക്രൈസ്തവരോ അല്ലാത്തവരെഴുതിയവയാണ് മലയാളത്തിലെ ഏറ്റവും പ്രസിദ്ധങ്ങളായ ഭക്തിഗാനങ്ങൾ പലതും.
1893-ൽ കേരളത്തിൽ സുവിശേഷപ്രവർത്തനത്തിനെത്തിയ വോൾ ബ്രീച്ച് നാഗേൽ എന്ന ജർമൻ മിഷനറി മലയാളം പഠിച്ചെഴുതിയ നാൽപ്പതുവരിയുള്ള കവിതയാണ് 'സമയമാം രഥത്തിൽ ഞാൻ....' കേരളത്തിലെ ക്രൈസ്തവരുടെ ഏറ്റവും ജനപ്രിയവും ഹൃദയാവർജ്ജകവുമായ ചരമഗീതം. വയലാർ രാമവർമ്മ 'അരനാഴികകനേരം' എന്ന സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയ പാട്ടാണ് പക്ഷെ ഏവർക്കുമറിയാവുന്നതെന്നുമാത്രം. ഷാജൻ എഴുതുന്നു:
'ഈ ഗാനത്തിന്റെ ഈണം ദേവരാജന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിനും ഉടമസ്ഥൻ നാഗേൽ തന്നെയാണ്. ഒരു ഇംഗ്ലീഷ് പ്രണയഗാനത്തിന്റെ ചുവടുപിടിച്ച് അദ്ദേഹം നൽകിയ ഈണത്തിൽ സിനിമാ ഗാനത്തിനു വേണ്ട ചില മെച്ചപ്പെടുത്തലുകൾ മാത്രമേ ദേവരാജൻ വരുത്തിയിട്ടുള്ളൂ.
കേരളത്തിൽ വന്നു മലയാളം പഠിച്ച് ഇവിടുത്തെ ക്രൈസ്തവസഭയ്ക്കായി മലയാളത്തിൽ നൂറുകണക്കിനു ഗാനങ്ങൾ രചിച്ച നാഗേൽ സായ്പിന്റെ വരികൾ പല ഭക്തിഗാനങ്ങളിലും വേഷം മാറി കടന്നുകൂടിയിട്ടുണ്ട്. വയലാറിനെപ്പോലെ അന്തസ്സുള്ളവർ അതു നാഗേലിന്റേതാണെന്നു തുറന്നു പറയുമ്പോൾ മറ്റു ചിലർ അതു തങ്ങളുടേതാണെന്ന് ഇന്നും മേനിനടിക്കുന്നു.
പുരോഗമന ചിന്താഗതിക്കാരനായിരുന്നു നാഗേൽ. കുന്നംകുളത്തെ നിക്കോൾസൺ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്ന ആംഗ്ലോ ഇന്ത്യൻ ഹാരിയറ്റ് സബീന മിഷലിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പിന്നീട് അൺഡിനോമിനേഷൻ ക്രിസ്ത്യൻ സെക്ട് പേരിൽ സഭ സ്ഥാപിച്ചു. ഈ സഭ ഇന്ന് ബ്രദറൺ ചർച്ചുകളിൽ പെടുന്നു.
തൃശൂരിലെ റഹബോത്ത് അനാഥശാല, സ്‌കൂൾ, ഇരിങ്ങാലക്കുടയിലെ ബെഥസ്ദ ബോയ്‌സ് ഹോം തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്.
1898-ൽ കുന്നംകുളത്ത് പകർച്ചവ്യാധി പടർന്നുപിടിച്ചപ്പോൾ നാഗേൽ സഹായവുമായി ഓടിയെത്തി. പലയിടത്തും ആളുകൾ മരിച്ചുവീഴുകയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻപോലും ആളില്ലാത്ത ഭീകരാവസ്ഥയുമായിരുന്നു. അക്കാലത്ത് ആളുകൾക്ക് ആശ്വാസമേകാൻ രചിച്ചതായിരുന്നു 'സമയമാം രഥത്തിൽ...' എന്നൊരു കഥയുമുണ്ട്. പ്രത്യാശാ ഗാനമെന്ന നിലയിലാണ് ഇത് എഴുതിയതെങ്കിലും 'അരനാഴികനേരം' എന്ന സിനിമയിൽ ഉൾപ്പെട്ടതോടെ ചരമഗീതമായി മാറുകയായിരുന്നു'.
ഇതേപോലെതന്നെ പ്രസിദ്ധമായ മറ്റൊരു പാട്ടാണ് 'ഗാഗുൽത്താമലയിൽനിന്നും....' കലാഭവൻ സ്ഥാപിച്ച ആബേലച്ചനാണ് ഈ പാട്ടിന്റെ രചയിതാവ്. സംഗീതം നൽകിയതാരാണ്? കെ.കെ. ആന്റണി എന്ന പേരാണ് പലരും പറയുന്നതും ആൽബങ്ങളിൽ പ്രചരിക്കുന്നതും. പക്ഷെ റാഫിജോസ് എന്നറിയപ്പെട്ട ഒരു കലാകാരനാണ് യഥാർഥത്തിൽ ഈ പാട്ടിന് സംഗീതം പകർന്നതെന്ന് ഷാജൻ പറയുന്നു.
സത്യൻ അന്തിക്കാടെഴുതിയ 'വിശ്വം കാക്കുന്ന നാഥാ', ചിത്ര, ചലച്ചിത്ര പിന്നണി ഗായികയാകുന്നതിനു മുൻപേ പാടി ഹിറ്റാക്കിയ 'പൈതലാം യേശുവേ', കെ.ജെ. ജോയ് സംഗീതം നൽകിയ പ്രസിദ്ധ കരോൾഗാനം 'കാലിത്തൊഴുത്തിൽ പിറന്നവനേ', പത്തുലക്ഷം കാസറ്റുകൾ വിറ്റഴിഞ്ഞ 'തിരുനാമകീർത്തനം' (രാധികാ തിലക്) എന്നീ പാട്ടുകളുടെ പിന്നാമ്പുറക്കഥകളാണ് മറ്റുകുറിപ്പുകളുടെ ഉള്ളടക്കം. കൗതുകകരങ്ങളായ കണ്ടുമുട്ടലുകൾ, വഴിത്തിരിവുകൾ, പ്രതിഭയുടെ തിരിച്ചറിയലുകൾ, മഹാസങ്കടങ്ങൾ... ഓരോ പാട്ടിനും പിന്നിൽ ഒരുപാട് മനുഷ്യാനുഭവങ്ങൾ കണ്ടെത്തുന്നു, ഷാജൻ. ഇവയിൽ ഏറ്റവും ശ്രദ്ധേയം ആലപ്പുഴയിലെ പൂങ്കാവ് പള്ളിയിൽ 1958 മുതൽ 55 വർഷം തുടർച്ചയായി കുരിശിന്റെ വഴി എന്ന ഗാനപരിപാടിയെഴുതിയ ജോസ് പി. കട്ടികാടിന്റെ കഥയാണ് (ജോസിന്റെ മകനാണ് എഴുത്തുകാരനും പുരോഹിതനുമായ ബോബിജോസ് കട്ടികാട്).
നാടകീയമായ ജീവിതവും ഭാവനയും വെളിപ്പെടുത്തി സംഗീതചരിത്രത്തിന്റെ ഭാഗമായ ചിലരെക്കുറിച്ചാണ് ഇനിയൊരു വിഭാഗം രചനകൾ.
തലശ്ശേരിച്ചന്തയിലെ ചുമട്ടുകാരൻ എന്ന സ്ഥിതിയിൽനിന്ന് ലോകമറിയുന്ന പാട്ടുകാരനായി മാറിയ എരഞ്ഞോളി മൂസ, 'ദേവീ നിൻ ചിരിയിൽ' എന്ന ഒറ്റ പാട്ടിലൂടെ പ്രണയഗാനധാരയെ വഴിതിരിച്ചുവിട്ട അപ്പൻതച്ചേത്ത്, 'ദൂരേ, നീറുന്നൊരോർമ്മയായ്' ഉൾപ്പെടെയുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തി ഹിന്ദിസിനിമയിൽ ജിതിൻ ശ്യാം എന്ന പേരിൽ നൗഷാദിന്റെ അസിസ്റ്റന്റായി തുടങ്ങി സ്വതന്ത്ര സംഗീതസംവിധായകനായി വളർന്ന ആലപ്പുഴക്കാരൻ മുഹമ്മദ് ഇസ്മായിൽ, നൂറുകണക്കിനു പാട്ടുകൾകൊണ്ട് കല്യാണവീടുകൾ തൊട്ട് ആൽബങ്ങൾ വരെ കീഴടക്കിയ കെ.ജി. സത്താർ, നൂറിലേറെ പാട്ടുപകളെഴുതി, പലതും ഹിറ്റാക്കിയ തിക്കുറിശ്ശി തുടങ്ങിയവരെക്കുറിച്ചാണ് ഈ രചനകൾ. കെ.ജി. സത്താറിന്റെ കഥയിൽ നിന്നൊരു ഭാഗം വായിക്കൂ:
'സമ്പത്തിന്റെയും ഇല്ലായ്മയുടെയും ഔന്നത്യങ്ങൾ കെ.ജി. സത്താർ ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. ഗ്രാമഫോൺ റിക്കോർഡിൽ ആദ്യമായി മലയാളഗാനം പാടി ചരിത്രം രചിച്ച മഹാഗായകൻ ഗുൽ മുഹമ്മദിന്റെ മകനായിരുന്നു സത്താർ. ഒരു പവൻ സ്വർണത്തിന് 16 രൂപ ഉണ്ടായിരുന്ന കാലത്ത് ഒരു ആൽബത്തിന് 2300 രൂപവരെ പ്രതിഫലം വാങ്ങിയിട്ടുണ്ട് ഗുൽ മുഹമ്മദ്. അങ്ങനെ അതിസമ്പന്നമായ സാഹചര്യത്തിലേക്കാണു സത്താർ ജനിച്ചുവീണത്. പക്ഷേ, സമ്പത്തു ശോഷിക്കുന്നതിനും അദ്ദേഹം സാക്ഷിയായി. പ്രായപൂർത്തിയായപ്പോഴേക്കും തന്റെ കാര്യം താൻതന്നെ നോക്കേണ്ട അവസ്ഥയിൽ സത്താർ എത്തിച്ചേർന്നു.
1942-ൽ പിതാവിനൊപ്പം ചെന്നൈയിലായിരുന്നു സത്താറിന്റെ ആദ്യ ആൽബത്തിന്റെ റിക്കോർഡിങ്. 'ഭാരതമക്കൾ എല്ലോരും നാം മാതൃഭൂമിയെ രക്ഷിക്കാം' എന്നു തുടങ്ങുന്ന ദേശഭക്തി ഗാനമാണ് ആദ്യം പാടിയത്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മുംബെയിൽ ഹോട്ടൽ പണിക്കാരനായും ബസ് കണ്ടക്ടറായും ജോലി നോക്കിയ കാലത്തും സംഗീതത്തോടുള്ള കമ്പം ഉപേക്ഷിച്ചില്ല. മാൻഡലിൻ, സിത്താർ, ബുൾബുൾ, വയലിൻ എന്നിവ പഠിച്ചത് അക്കാലത്താണ്. ഇക്കാലത്തും ഇടയ്ക്കു ചെന്നൈയിൽപ്പോയി എച്ച്.എം വിക്കും കൊളംബിയയ്ക്കും വേണ്ടി റിക്കോർഡുകളിൽ പാടിക്കൊണ്ടിരുന്നു.
മുംബൈയിൽനിന്നു തിരികെ നാട്ടിലെത്തി ബുക്സ്റ്റാൾ നടത്തി. സ്വയം ഹാർമോണിയം പഠിക്കാൻ സഹായിക്കുന്ന 'ഹാർമോണിയം അദ്ധ്യാപകൻ' എന്ന പുസ്തകം ഇക്കാലത്ത് സത്താർ എഴുതി പ്രസിദ്ധീകരിച്ചതാണ്. ആത്മകഥയായ നെല്ലിക്ക, എന്റെ ഗാനങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്'.
നാടൻപാട്ടുകളിലൂടെ, ലോകമറിയുന്ന അനിത-കുപ്പുസ്വാമി ദമ്പതികളുടെ അതിസാഹസികമായ ജീവിതകഥയാണ് മറ്റൊന്ന്. എങ്കിലും ഈ ഭാഗത്തെ ഏറ്റവും ശ്രദ്ധേയമായ രചന 'താമര എന്ന തീ'യാണ്. പ്രതിഭയും ജീവിതവും കൊണ്ട് തമിഴ് ഗാനാസ്വാദകരെ അമ്പരിപ്പിച്ചുകൊണ്ടേയിരിക്കുന്ന താമര എന്ന യുവതിയുടെ കഥയാണിത്. 'സുബ്രഹ്മണ്യപുരം', 'മിന്നലേ' തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളെഴുതിയ താമരയുടെ വ്യക്തിജീവിതം ഏതുസിനിമയെയും തോല്പിക്കും-ഷാജൻ എഴുതുന്നു:
സംഗീതസംവിധായകരായ രഘുകുമാർ, കെ.ജെ. ജോയി, ഗാനരചയിതാക്കളായ ചുനക്കര രാമൻകുട്ടി, ഭരണിക്കാവ് ശിവകുമാർ, തമിഴ്‌സിനിമയിലെ വിഖ്യാത സംഗീതജ്ഞൻ വീരവാണി, പാട്ടിലും ഒരു കൈ പയറ്റിയ ജയലളിത എന്നിവരെക്കുറിച്ചാണ് ഇനിയുള്ള കുറിപ്പുകൾ.
'വെള്ളിത്തിര'യ്ക്കും 'താര'പ്പൊലിമയ്ക്കും 'അഭ്രപാളി'യ്ക്കും 'ഗന്ധർവ്വ'നാദത്തിനും 'പൊൻ'തൂലികക്കുമൊക്കെ പിന്നിൽ മനുഷ്യരുടെ കണ്ണീരും കിനാക്കളും ഒരു വൻകടലായി അലയടിക്കുന്നുണ്ട്. അതിൽ നിന്നുള്ള ചില തിരകളാണ് ഗ്രാമഫോൺ നിറയെ. ഏതു ചരിത്രത്തിലുമുണ്ടാകും, രേഖപ്പെടുത്താതെ പോകുന്ന ഒരുപാട് സ്വത്വങ്ങളുടെയും സാന്നിധ്യങ്ങളുടെയും നിശ്ശബ്ദസഹനങ്ങളുടെ കഥകൾ. അങ്ങനെയൊരു നിശ്ശബ്ദചരിത്രത്തിനു കൈവന്ന ജീവിതനാദങ്ങളാണ് ഗ്രാമഫോൺ.
പുസ്തകത്തിൽനിന്ന്:-
താമര എന്ന തീ
'സിനിമയിലെ സ്ത്രീപുരുഷ സമത്വം ഒരു മരീചികയാണെന്ന് കുറഞ്ഞപക്ഷം ഇന്ത്യൻ സാഹചര്യത്തിലെങ്കിലും പറയാം. സിനിമാസംഗീതത്തിലേക്കു വന്നാൽ, ഗായികമാരെ ഒഴിച്ചുനിർത്തിയാൽ മറ്റൊരു മേഖലയിലും വനിതകളെ കാര്യമായി കാണാനില്ല. ഉണ്ടെന്നു പറഞ്ഞു നാം ഉയർത്തിക്കാണിക്കുന്ന പല മുഖങ്ങളും ചില ഔദാര്യങ്ങൾ മാത്രമാണെന്നും നമുക്കറിയാം. എന്നാൽ ഇതിന് അപവാദമായി ഒരാളുണ്ട്. ഗാനരചനയിൽ. തമിഴ് സിനിമയിൽ ആണിനൊപ്പമോ അതിനപ്പുറമോ സ്വതന്ത്രവ്യക്തിത്വമുള്ളവൾ. തമിഴ് സിനിമാഗാനരംഗത്തെ അനുപേക്ഷണീയ രചയിതാവ് താമര. ഇവളുടെ രണ്ടുവരി കവിത കിട്ടാൻ തമിഴ് നിർമ്മാതാക്കൾ ക്യൂ നിൽക്കുന്നു.
ഒരുപക്ഷേ, ആരാണു രചയിതാവ് എന്നറിയാതെ നാമെല്ലാം നെഞ്ചോടു ചേർത്തുപിടിച്ച് ആസ്വദിക്കുന്നുണ്ട് താമര എഴുതിയ സൂപ്പർ ഹിറ്റ് പാട്ടുകൾ.
സുബ്രഹ്മണ്യപുരത്തിലെ 'കൺകൾ ഇരണ്ടാൽ....', കാക്കകാക്കയിലെ 'ഉയിരിൻ ഉയിരേ...', മിന്നലേയിലെ 'വസീഗരാ....', തെന്നാലിയിലെ 'ഇഞ്ചിറുങ്കോ ഇഞ്ചിറുങ്കോ....', വാരണം ആയിരത്തിലെ 'അവ എന്നൈയെന്നൈ തേടി വന്ത....', 'നെഞ്ചുക്കുൾ പെയ്തിടും ആ മഴൈ...', ഉന്നിടത്തിൽ എന്നൈക്കൊടുത്തേനിലെ 'മല്ലികപ്പൂവേ മല്ലികപ്പൂവേ പാർത്തായാ... അങ്ങനെ എത്രയെത്ര ഹിറ്റുകൾ...
സൂപ്പർ ഹിറ്റ് ആകണമെങ്കിൽ താമര എഴുതണം എന്ന നിലയിൽ വരെയെത്തി ഒരു കാലത്ത് കാര്യങ്ങൾ. സാക്ഷാൽ എ.ആർ. റഹ്മാനുപോലും കണ്ടില്ലെന്നു നടിക്കാനായില്ല ഈ എഴുത്തുകാരിയെ. 'തള്ളിപ്പോകാതെ...., രാസാലി...' തുടങ്ങിയ റഹ്മാന്റെ പുതിയ ഹിറ്റുകൾ (അച്ചം എൻപത് മടമയെടാ) എഴുതിയിരിക്കുന്നതും മറ്റാരുമല്ല.
ഒരുപാട് പ്രത്യേകതകളുള്ള ജീവിതമാണ് താമരയുടേത്. എക്കാലവും സ്വന്തം മനസ്സ് പറഞ്ഞതുപോലെ മാത്രമേ അവർ നടന്നിട്ടുള്ളൂ. ജയിൽപ്പുള്ളിയെ പ്രേമിച്ചു വിവാഹം കഴിച്ചതും ഭർത്താവ് വീട്ടിലേക്കു മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടു നിരാഹാരസമരം ചെയ്തതുമടക്കം സംഭവബഹുലം.
എൻജീനിയറായ താമര സ്വദേശമായ കോയമ്പത്തൂരിൽ ആറുവർഷം നല്ലനിലയിൽ ജോലി ചെയ്തശേഷമാണ് പാട്ടെഴുത്തുകാരിയവണം എന്ന മോഹവുമായി ചെന്നൈയിലേക്കു വണ്ടികയറുന്നത്. സാധാരണ ഒരു പെണ്ണും ചെയ്യാൻ ധൈര്യപ്പെടാത്ത കർമം. ചെന്നൈയിലെ ആദ്യകാലം ഒട്ടും സുഖകരമായിരുന്നില്ല. ഫ്രീലാൻസ് ജേണലിസ്റ്റ് ആയി കഷ്ടിച്ചു കഴിഞ്ഞുകൂടവേയാണ് സംവിധായകൻ സീമാനെ പരിചയപ്പെടുന്നത്. അദ്ദേഹം തന്റെ 'ഇനിയവളേ' (1998) എന്ന സിനിമയിൽ 'തെൻട്രൽ എന്താൻ..' എന്ന ഗാനത്തിലൂടെ സിനിമാമേഖലയിലേക്ക് പ്രവേശനം നൽകി. ആ വർഷം തന്നെ 'ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ' എന്ന ചിത്രത്തിൽ എഴുതിയ 'മല്ലികപ്പൂവേ മല്ലികപ്പൂവേ...' ശ്രദ്ധിക്കപ്പെട്ടെങ്കിലും അടുത്തെങ്ങും അവസരം കിട്ടിയില്ല. കമൽഹാസന്റെ 'തെനാലി'യിൽ എഴുതിയ 'ഇഞ്ചിറുങ്കോ ഇഞ്ചിറുങ്കോ'യ്ക്ക് 2000ലെ സംസ്ഥാന പുരസ്‌കാരം ലഭിച്ചതോടെയാണ് താമര മാധ്യമശ്രദ്ധ ആകർഷിക്കുന്നത്. തൊട്ടുപിന്നാലെ വന്ന 'വസീഗര...' സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. പിന്നാട് ഹിറ്റുകളുടെ ഘോഷയാത്ര. താമര സംഗീതസംവിധായകൻ ഹാരിസ് ജയരാജ് സംവിധായകൻ ഗൗതം മേനോൻ കൂട്ടകെട്ട് തമിഴിൽ തരംഗം തീർത്തു. കാക്ക കാക്ക, വേട്ടയാടു വിളയാട്, വാരണം ആയിരം, പച്ചൈക്കിളി മുത്തുച്ചരം.. തുടങ്ങിയ വ്യത്യസ്ത സിനിമകളിലും ഹിറ്റ് ഗാനങ്ങളും. എ.ആർ. റഹ്മാന് ശക്തമായ വെല്ലുവിളി ഉയർന്ന കാലം.
ബോക്‌സ് ഓഫീസ് ഹിറ്റുകളായ ഗജിനി, സുബ്രഹ്മണ്യപുരം, മാട്രാൻ, വിണ്ണൈത്താണ്ടി വരുവായാ എന്നിവയിലും താമരയുടെ ഗാനങ്ങൾ വിജയമന്ത്രങ്ങളായപ്പോൾ കണ്ണദാസൻ, വാലി, വൈരമുത്തു തുടങ്ങിയ ഒന്നാം നിര എഴുത്തുകാരുടെ പരമ്പരയിലെ ഇളമുറക്കാരിയായി താമരയെ തമിഴ് സിനിമാലോകം അംഗീകരിച്ചു. ഇതിനിടെ സംസ്ഥാന അവാർഡിനു പുറമേ ഫിലിം ഫെയർ പുസ്‌കാരങ്ങൾ, വിജയ് അവാർഡുകൾ, ദേശീയ അംഗീകാരങ്ങൾ എന്നിവയും താമരയെ തേടി വന്നു.
പലരുടെയും നെറ്റി ചുളിപ്പിക്കുന്ന രീതിയിൽ ചൂടൻ വരികളാണ് താമരയുടെ തൂലികയിൽ പിറന്നുവീണത്.
'ഒന്റാ, രണ്ടാ ആസൈകൾ
എല്ലാം സൊല്ലവേ....' തുടങ്ങിയ പല വരികളും പശ്ചാത്തലമിട്ടതു ചൂടൻ രംഗങ്ങൾക്കാണ്.
എന്നാൽ അതിലും തപ്തവും ദീപ്തവും നാടകീയവുമായിരുന്നു താമരയുടെ ജീവിതം. ജയിലിൽ കഴിഞ്ഞിരുന്ന നക്‌സലൈറ്റ് നേതാവ് തോഴർ ത്യാഗുവിന്റെ സംഭവബഹുലമായ ജീവിതകഥ 1990കളിൽ ഒരു തമിഴ് വാരികയിൽ പ്രസിദ്ധീകരിച്ചുവന്നു. ഇതു വായിച്ച താമര ആ വിപ്ലവനേതാവിനു കത്തെഴുതുകയും ജയിലിൽ സന്ദർശിക്കുകയും ചെയ്തു. തോഴർ ത്യാഗുവിന്റെ സോഷ്യലിസ്റ്റ് വിപ്ലവചിന്തകളിൽ ആകൃഷ്ടയായ താമര ക്രമേണ ആ വ്യക്തിയുടെ ആരാധികയായി മാറി. ജയിൽമോചിതനായ ത്യാഗുവിനോട് താമര വിവാഹാഭ്യർഥന നടത്തി. ത്യാഗു ഒഴിഞ്ഞുമാറി. തന്റെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയും വലിയ പ്രായവ്യത്യാസവുമൊക്കെ അയാൾ നിരത്തിയെങ്കിലും പ്രണയത്തീയിൽ നീറിനിന്നിരുന്ന താമരയ്ക്ക് അതൊന്നും സ്വീകാര്യമായില്ല. ഒടുവിൽ അവർ വിവാഹിതരായി. ഒരു ആൺകുഞ്ഞും പിറന്നു.
കമ്പം തീരുമ്പോൾ പെണ്ണ് പിന്തിരിയുമെന്നു വാരികകളുടെ ഗോസിപ്പ് കോളങ്ങൾ എഴുതിയെങ്കിലും അവരെയൊക്കെ അദ്ഭുതപ്പെടുത്തിക്കൊണ്ട് താമര ബന്ധത്തിൽ ഉറച്ചുനിന്നു. കാര്യങ്ങൾ മറിച്ചാണു സംഭവിച്ചത്. 2014 പകുതിയോടെ ത്യാഗു താമരയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. വിടാൻ ഭാവമില്ലായിരുന്നു അവർക്ക്. ഭർത്താവ് വീട്ടിലേക്കു മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സംഘടനയായ തമിഴ് ദേശീയ വിടുതലൈ ഇയക്കത്തിന്റെ ഓഫിസിനു മുന്നിൽ 2015 മാർച്ചിൽ കുഞ്ഞുമായി നിരാഹാരമിരുന്നു. തങ്ങളുടെ ദാമ്പത്യത്തിൽ കഴിഞ്ഞ 20 വർഷമായി സംഭവിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിഷനെ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദാമ്പത്യം സാധാരണനിലയിലേക്കു മടങ്ങിയില്ലെങ്കിലും തന്റെ സ്‌നേഹം വീണ്ടെടുക്കാനുള്ള ഈ ഭാര്യയുടെ സമരം തമിഴ്‌നാട്ടിലെങ്ങും ചർച്ചചെയ്യപ്പെട്ടു.
അങ്ങനെ, തന്റെ ഹൃദയവികാരങ്ങളോടു താമര കാണിക്കുന്ന സത്യത്തിന്റെ ചൂടുമായി താരതമ്യം ചെയ്താൽ അവരുടെ പാട്ടുകളിലെ എരിവും പുളിയുമൊക്കെ എത്രയോ നിസ്സാരം. താമരയുടെ ഏറ്റവും നല്ല രചനകൾ വരാനിരിക്കുന്നതേയുള്ളൂ. ആ ജീവിതം നമ്മോടു പറയുന്നത് അതാണ്'.
ഗ്രാമഫോൺ
ഷാജൻ സി. മാത്യു
ജീവൻ ബുക്‌സ്
2017, വില: 180 രൂപ.