റുബോറൻ പടം എന്ന ഫേസ്‌ബുക്ക്, വാട്‌സാപ്പ് നിരൂപക വെളിച്ചപ്പാടുകളുടെ മൊഴി കേട്ട് തീരേ പ്രതീക്ഷയില്ലാതെയാണ് എം.എം പത്മകുമാർ സംവിധാനചെയ്ത മോഹൻലാൽ ചിത്രമായ 'കനലിന്' കയറിയത്. പക്ഷേ പടം കഴിഞ്ഞപ്പോൾ അമ്പരന്നുപോയി. ഇത്രയധികം ഭൽസിക്കാനും കുപ്രചാരണം നടത്താനും മാത്രമൊന്നുമില്ല. കണ്ടിരിക്കാവുന്ന, എല്ലാ കൊമേർഷ്യൽ ചേരുവകളുമുള്ള ഒരു ശരാശരി ചിത്രമാണിത്.

അണിയറപ്രവർത്തകർ അൽപ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്നാന്തരമൊരു സിനിമയാക്കാനുള്ള കഥാപരിസരം കനലിലുണ്ടായിരുന്നു.പക്ഷേ ഒരു പാട് വിഷയങ്ങൾ ഒറ്റയിടക്ക് പറയാനുള്ള തിരക്കഥാകൃത്ത് സുരേഷ്ബാബുവിന്റെ ശ്രമമായിരിക്കണം ചിത്രത്തെ ഈ രീതിയിലാക്കിയത്.
എന്നുവച്ച് തീർത്തും കൂതറയായ പടമൊന്നുമല്ല ഇത്. പലേടത്തും സിനിമ ത്രില്ലടിപ്പിക്കുന്നുണ്ട്. പക്ഷേ പടത്തിൽ മൊത്തമായി ആ മൂഡ് കൊണ്ടുവരാൻ സംവിധായകന് ആയിട്ടില്ല. 'ലോഹത്തിന'് ഒരു വള്ളപ്പാട് മുന്നിലും 'ഭ്രമരത്തിന്' രണ്ടു വള്ളപ്പാട് പിന്നിലുമായാണ് കനൽ ഫിനിഷ് ചെയ്യുന്നത്. പ്രതീക്ഷാഭാരമൊന്നുമില്ലാതെ സിനിമയുടെ സൗന്ദര്യശാസ്ത്ര തലങ്ങളിലേക്കൊന്നും പോവാതെ നിൽക്കുന്ന ഒരു സാധാരണ ആസ്വാദകനെ സംബന്ധിച്ച്, തട്ടിക്കൂട്ടിയ ഒന്ന് രണ്ട് പാട്ടുകൾ ഒഴിച്ചു നിർത്തിയാൽ ബോറടിയില്ലായെ കണ്ടിരിക്കാവുന്ന സിനിമയാണ് കനൽ.ഇതിനേക്കാൾ ബോറൻ പടങ്ങളെ ഹിറ്റാക്കിയവരാവണ് നമ്മൾ മലയാളികൾ എന്നോർക്കണം.

പക്ഷേ ആദ്യ ദിവസംതൊട്ട് തുടങ്ങിയ ഈ കുപ്രചാരണങ്ങൾ ചിത്രത്തെ ബാധിച്ചിട്ടുണ്ട്. പടമിറങ്ങി നാലാം ദിവസം ഒരു മോഹൻലാൽ പടത്തിന് ടിക്കറ്റ് ഒരു പ്രയാസവുമില്ലാതെ കിട്ടുകയെന്നത് മുമ്പൊക്കെ സങ്കൽപ്പിക്കാൻ കഴിയുമോ.അതും മൾട്ടിപ്‌ളക്‌സിലൊക്കെ 'എന്ന് നിന്റെ മൊയ്തീൻ' എല്ലാം ഷോക്കുള്ള ടിക്കറ്റുകളും തീർന്നെന്ന് വലിയ ബോർഡ് ഉയരുന്ന സമയത്ത്. ലാൽ അടക്കമുള്ള സൂപ്പർതാരങ്ങൾക്കുള്ള കൃത്യമായ സൂചനമാണിത്.ഇന്ന് ഏതെങ്കിലുമൊരു താരത്തിന്റെ തല കണ്ട് ജനം പടം കാണാൻ തയാറാവില്ല. നല്ല കഥയും സംവിധാനവുമാണ് അവർക്ക് പ്രധാനം.

'ദൃശ്യ'ത്തിനുശേഷം മോഹൻലാൽ ഒന്നിനുപിറകേ ഒന്നായി മോശം പടങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് നിസ്സംഗത ബാധിക്കുന്നതും. ഈ മാനസികാവസ്ഥയിലുള്ള ജനത്തിന് അത്യാവശ്യം കാണാൻ കൊള്ളാവുന്ന പടമാണെങ്കിലും, കുബുദ്ധികൾ ശുദ്ധ വളിപ്പാണെന്ന് പ്രചരിപ്പിച്ചാൽ അവർ അത് വിശ്വസിക്കുന്ന അവസ്ഥവരും. മാത്രമല്ല ലാലിന്റെ മുൻകാല പ്രതിനായക സിനിമകളെ ബ്രേക്ക് ചെയ്യാവുന്ന രീതിയിൽ ഒരു പടമാണ് ഇനി ഇറങ്ങേണ്ടതും. അല്‌ളെങ്കിൽ സ്വാഭാവികമായി താരതമ്യത്തിൽ പുതിയ പടം മൂക്കും കുത്തി വീഴും.

പണ്ടൊക്കെ പടം ആവറേജാണെങ്കിലും മോഹൻലാലിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം അത് വിജയമാവുകമായിരുന്നു. തന്റെ താരസിംഹാസനത്തിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതും, പ്രേക്ഷകരുമായുള്ള വൈകാരിക ബന്ധം നഷ്ടമാവുന്നതിനെക്കുറിച്ചും മോഹൻലാൽ ഇനിയും ബോധവാനായിട്ടില്‌ളെന്ന് ഈ 'കനലനുഭവവും' ഓർമ്മിപ്പിക്കുന്നു. ഈ ചിത്രത്തിൽ ലാലിന്റെ കഥാപാത്രം, 'മസാല റിപ്പബ്‌ളിക്കിൽ' അഭിനയിച്ച അന്യസംസ്ഥാന നടനോട് പറയുന്നുണ്ട്, 'നീ വലിയ സൂപ്പർസ്റ്റാർ ആകട്ടെയെന്ന് ആശംസിക്കുന്നു, പക്ഷേ ഒരിക്കലും പാടരുതെന്ന്'. അത്രയും സ്വയം തിരച്ചറിവെങ്കിലും നല്ലത്.

ഗംഭീര തുടക്കം; വ്യത്യസ്തമായ കഥാപരിസരം

പ്രതീക്ഷയും ആകാംക്ഷയും ഉയർത്തുന്ന ഗംഭീര തുടക്കമാണ് കനലിന്റെത്. നടൻ പ്രഥ്വീരാജിന്റെ വോയ്‌സ് ഓവറിൽ വന്ന ( ഇത് ഇപ്പോൾ ഇടക്കിടെ കാണുന്നുണ്ട്. രാജുവിന്റെ ശബ്ദം മലയാളത്തിന്റെ ഭാഗ്യചിഹ്നമായി മാറുകയാണോ) ആദ്യത്തെ മൂന്നാലുഷോട്ടുകൾ കണ്ടപ്പോൾ തന്റെ മുൻകാലത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്കാണോ പത്മകുമാർ പോവുന്നതെന്ന് തോന്നിപ്പോയി. 2009ൽ ലോകത്തുണ്ടായ വലിയ സാമ്പത്തിക മാന്ദ്യവും അത് ഗൾഫിൽ സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധിയും പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. ഓഹരി വിപണി തകർന്നതോടെ കോടീശ്വരന്മാർ ഒറ്റയടിക്ക് പിച്ചക്കാരായത് കെട്ടുകഥയല്ല.അങ്ങനെ പാപ്പരായ രണ്ടുപേരുടെ കഥ പറഞ്ഞുകൊണ്ടാണ് കനൽ ചൂടുപിടിക്കുന്നത്.അതുൽ കുൽക്കർണി അവതരിപ്പിച്ച കുരുവിളയെന്ന മുൻ കോടീശ്വരൻ എല്ലാം നഷ്ടപ്പെട്ട് ഇന്ന് അന്നത്തെ അന്നത്തിനായി ടാക്‌സി ഓടിക്കയാണ്. കടം വീട്ടനായി തന്റെ ഭാര്യയെ അറബിക്ക് കാഴ്ചവച്ച് തിരിച്ചുവരുന്ന കുരുവിളയെയാണ് അദ്യസീനുകളിൽ പടം കാണിച്ചുതരുന്നത്. അയാളൂടെ സുഹൃത്തായ രവിയേട്ടന്റെയും ( പ്രതാപ് പോത്തൻ) സ്ഥിതി ദയനീയമാണ്.ഇന്ത്യൻ എംബസി നാട്ടിലേക്കുമടങ്ങാനായി ഒരുക്കിയവർക്കുള്ള ഷെൽട്ടറിൽ ഒരു ഭിക്ഷക്കാരനെപ്പോലെ കഴിയുകയാണ് അയാളും കുടംബവും. ഒരു പക്ഷിക്കുഞ്ഞിനെപേലും കൊന്നിട്ടില്ലാത്ത അവരെ, ജീവിത ദുരന്തങ്ങൾ ക്രൂരന്മാരാക്കുകയാണ്. വിശക്കുമ്പോൾ നായാടുന്നത് തെറ്റെല്ലന്നാണ് കുരുവിളയുടെ വാദം.അതുകൊണ്ടുതന്നെ ഈ പ്രതികാര കഥയിൽ വില്ലന്മാരില്ല. ആ കഥാഘടനക്ക് സുരേഷ്ബാബു തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

തുടർന്നങ്ങോട്ട് ഒരു റോഡ് മൂവി പോലെയാണ് സിനിമയുടെ ആദ്യ പകുതി നീങ്ങുന്നത്. കൊങ്കൺ റെയിൽവേയിലുടെ ഒരു മനോഹര തീവണ്ടിയാത്ര. ആ ബോഗിയിലെ കുറെ കഥാപാത്രങ്ങൾ. അവിടെയാണ് ഗൾഫിൽ നിന്ന് ഇതേകാരണം കൊണ്ട് തന്റെ ചാനൽ അടച്ചുപൂട്ടി നാട്ടിലേക്ക് വെറും കൈയോടെ വരേണ്ടിവന്ന അനന്തരാമനും ( അനൂപ് മേനോൻ) ഉള്ളത്. അൽപ്പം തമാശയും ബഹളവുമായി, എത്രകണ്ടാലും കൊതിതീരാത്ത ആ ടിപ്പിക്കൽ ശരീരഭാഷയുമായി മോഹൻലാലിന്റെ ജോൺ ഡേവിഡ് എന്ന കഥാപാത്രവും ബോഗിയിലുണ്ട്. യാത്രക്കിടെ കൊങ്കണിൽ മണ്ണിടിയുന്നു. അടിയന്തിരമായി കാർവാറിൽ എത്തേണ്ട ഡേവിഡ് ജോണിന്റെ, കൂടെ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അലയുന്ന അനന്തരാമനെയും ഒപ്പം കൂടുന്നു.ഒരു ലോറിയിൽ കയറി അവർ കാർവാറിലേക്ക് നീങ്ങുമ്പോഴും ജോൺ ഡേവിഡിന്റെ നിഗൂഡ ലക്ഷ്യങ്ങളെക്കുറിച്ച് അനന്തരാമൻ അറിയുന്നില്ല. പ്രേക്ഷകർ അത് കണ്ടുതന്നെ അറിയട്ടെ. ഇവിടെയാക്കെ സസ്‌പെൻസ് നിലർത്തിക്കൊണ്ട് ഒരു ത്രില്ലർ മൂഡിൽ സിനിമയുടെ താളം നില നിർത്താൻ സംവിധായകൻ കഴിയുന്നുണ്ട്.എന്നാൽ ഫോക്കസില്ലാത്ത തിരക്കഥമൂലം രണ്ടാപകുതിയിൽ ഈ രസച്ചരട് നിലനിർത്താൻ കഴിയുന്നില്ല.



വെള്ളരിക്കാപ്പട്ടണത്തിലെ കൊലപാതകങ്ങൾ

ആഗോളസാമ്പത്തിക മാന്ദ്യം,പെയ്ഡ് ന്യൂസ്, വ്യക്തിപരമായ പ്രതികാരങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ തട്ടി ചിതറി, കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി എന്നു പറയുന്ന അവസ്ഥയാണ് തിരക്കഥാകൃത്ത് സുരേഷ് ബാബു ഉണ്ടാക്കിവച്ചത്. പടത്തിൽ അനൂപ്‌മേനാൻ ഉള്ളതുകൊണ്ട് ഇത്തിരി ഫിലോസഫി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കരുതിയില്ല. ലോക പ്രശസ്ത നോവലിസ്റ്റ് ഗബ്രിയൽ ഗാർസിയ മാർകേസിന്റെ 'കോളറക്കാലത്തെ പ്രണയം' തൊട്ട് ഓഷേയും, ഭൂപൻഹസാരികയുടെ സംഗീതവുമായി ഇടക്കിടെ രഞ്ജിത്ത് മോഡൽ സെമി ബുദ്ധിജീവി ടച്ച് ജോൺ ഡേവിഡിന്റെ കഥാപാത്രത്തിന് സുരേഷ്ബാബു കൊടുക്കുന്നുണ്ട്.മോഹൻലാലിന്റെ ഇമ്പമാർന്ന ശബ്ദത്തിൽ അതൊക്കെ കേൾക്കാൻ രസമുണ്ടെങ്കിലും, പലപ്പോഴും ഇത് കഥയുടെ പൊതുഘടനയുമായി പൊരുത്തപ്പെട്ട് പോകുന്നില്ല.

കൊലപാതകങ്ങളെന്നപേരിൽ മനുഷ്യന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന വങ്കത്തങ്ങളാണ് സുരേഷ്ബാബു എഴുതിവിട്ടിരിക്കുന്നത്.ഇതിൽ മോഹൻലാൽ ഒരു സ്ത്രീയെ കാറിലിട്ട് കഴുത്തു ഞെരിച്ച് കൊന്നശേഷം വണ്ടി ലോക്ക് ചെയ്ത് രക്ഷപ്പെടുകായാണ്്. പൊലീസ് ഇത് ആത്മഹത്യയായി കണക്കാക്കുന്നു. ഫോറൻസിക്ക് സയൻസിന്റെയോ കുറ്റാന്വേഷണത്തിന്റെയോ പ്രാഥമിക പാഠങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഇത് ഇങ്ങനെ വരില്ലായിരുന്നു. മരണം ശ്വാസംമുട്ടിയായിരുന്നെങ്കിൽ പിന്നെ ആ ശ്വാസകോശത്തിൽ കാർബൺമോണോക്‌സൈഡ് വിഷബാധ കാണില്ല. പോസ്റ്റുമോർട്ടത്തിൽ ഒറ്റയടിക്കുതന്നെ ഇതുകൊലപാതകമാണെന്ന് പറയും. പൊലീസാകട്ടെ കാറിന്റെ അടിയിൽ പരിശോധിച്ച് കൊലപാതകിയുടെ വാച്ചിന്റെ പൊട്ടിയ കഷ്ണംപോലും കണ്ടുപിടിക്കുന്നുമില്ല.

ഇതേരീതിയിൽ തന്നെ ഗൾഫിൽ ഒരു കുടംബത്തെ കാറിലിട്ട് ഉന്മൂലനം ചെയ്യുന്നുമുണ്ട്.ലോക്ക് സിസ്്റ്റത്തിൽ പ്രത്യേകിച്ച് ഒരു തകരാറുമല്ലാതിരുന്നാൽ പിന്നെ എങ്ങനെ അവർ കാറിൽ കുടുങ്ങിയെന്ന, പ്രാഥമിക അന്വേഷണം പൊലീസ് നടത്തില്ലേ. സംഭവത്തിൽ മണിക്കുറുകൾക്ക് മുമ്പേതന്നെ മരിച്ച ഗൃഹനാഥന്റെ അക്കൗണ്ടിൽനിന്ന് കോടികൾ ട്രാൻസ്ഫർചെയ്യപ്പെട്ടത് സംശയമുണ്ടാക്കില്ലേ.മാത്രമല്ല തലേന്ന് അയാളുടെ വീട്ടിൽ താമസിച്ചവരെകുറിച്ച് ഒരു അന്വേഷണവും ഉണ്ടാവില്ലേ. മൈാബൈൽ ജി.പി.എസ് ട്രാപ്പിങ്ങിന്റെ കാലത്താണ് ഈ വിടൽസൊക്കെ അടിച്ചുവിടുന്നത്.

അതുപോലെതന്നെ ഒരാളെക്കൊണ്ട് ഭീഷണിപ്പെടുത്തി കത്തെഴുതിക്കുമ്പോഴും, സ്വമേധയാ കത്തെഴുതുമ്പോഴുമുള്ള കൈപ്പട വ്യത്യാസവും സൂക്ഷ്മ പരിശോധനയിൽ പ്രകടമാണ്. ഒരാൾ സ്വയം വെടിവച്ച് മരിക്കുമ്പോഴും, മറ്റൊരാൾ വെടിവെക്കുമ്പോഴുമുള്ള ബുള്ളറ്റിന്റെ ആഘാതം ഒരു ഫോറൻസിക്ക് എക്‌സ്‌പേർട്ടിന് നിഷ്പ്രയാസംണ്ടത്തൊൻ കഴിയും.( കോളിളക്കം സൃഷ്ടിച്ച എസ്.ഐ സോമൻ വധക്കേസിലടക്കം നിർണായകമായത് ഈ പരിശോധനയാണ്) എന്നാൽ വിരലടയാളം പതിയാതിരിക്കാൻ ഒരു കൈയുറ ധരിച്ചാൽ എന്തുമാകമെന്നാണ് ഈ പടത്തിന്റെ ബുദ്ധികേന്ദ്രങ്ങൾക്കുള്ള ധാരണ.

ദൃശ്യം മോഡൽ കൊലപോലെ ഇനി കനൽ മോഡൽ കവർച്ചവരുമോ?

ഇന്റർനെറ്റ് ബാങ്കിങ്ങിനെക്കുറിച്ചൊന്നും ഒരു ചുക്കും ഈ പടത്തിന്റെ ശിൽപ്പികൾക്ക് അറിയില്ല. ഒരു ലാപ്‌ടോപ്പ് കൈയിലുണ്ടെങ്കിൽ ആരെയും ഭീഷണിപ്പെടുത്തി കോടികൾ ട്രാൻസ്ഫർചെയ്യിക്കാമെന്ന് പടം കാണിച്ചുതരുന്നു. ഒരു നിശ്ചിത തുകയിൽ കൂടുതൽ ഒരു ദിവസം ട്രാൻസ്ഫർ ചെയ്യാൻ കഴിയില്‌ളെന്നും, കോടികളാവുമ്പോൾ അത് ബാങ്കിൽ അറിയിച്ച് വേണമെന്നുമൊക്കെ ഇക്കാലത്ത് നെറ്റിൽ അൽപ്പമൊന്ന് പരതിയാൽ മനസ്സിലാവുമായിരുന്നു. ഇനി ഇതുകണ്ട് ന്യൂജൻ തസ്‌ക്കരരും, കട്ടപ്പാരക്കുപകരം ലാപ്പ്‌ടോപ്പുമായി കോടീശ്വരന്മാരെ പടികൂടാതിരുന്നാൽ മതിയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക, പാസ്വേർഡ് എടുത്ത് അങ്കൗണ്ടിലെ പണം തങ്ങൾക്ക് സിങ്കപ്പുർ ബാങ്കിലോ മറ്റോ ഉള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുക. അഞ്ചുമിനുട്ടു് കൊണ്ട് പരിപാടി കഴിഞ്ഞു. ഈ കൊള്ള കേരളത്തിൽ ട്രെൻഡ് ആവാൻ ഇടയിയുണ്ട്. തമാശയല്ല. 'ദൃശ്യം'സിനിമക്കുശേഷം അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് എത്ര കൊലപാതകങ്ങൾ ഉണ്ടായി. 'ധൂം' സിനിമയിലെ കവർച്ച അനുകരിച്ചുകൊണ്ട്,നമ്മുടെ ചേലേമ്പ്രയിലെടക്കം ഒരു ഡസനിലേറെ ബാങ്ക് മോഷണങ്ങളാണ് രാജ്യത്തുണ്ടായത്.!

ചുരുക്കപ്പറഞ്ഞാൽ സിഐഡി മൂസയും ,നസീറും വായിച്ച ഓർമ്മയിൽ യാതൊരു വായനയും പഠനവുമില്ലാതെ കഥ തട്ടികൂട്ടിയ സുരേഷ് ബാബു തന്നെയാണ് ഇതിൽ ഒന്നാം പ്രതി.എന്നാലും,സുരേഷ് അവസാനം എഴുതിയ 'സർ സി.പി'യൊക്കെ വച്ചുനോക്കുമ്പോൾ ഇത് മഹാദ്ഭുദമാണ്.( എസ്.എൻ സ്വാമിയൊക്കെ ധാരാളം വായനക്കും ഗവേഷണങ്ങൾക്കും ശേഷമാണ് തിരക്കഥ തയാറാക്കുന്നത് എന്ന് കേട്ടിരുന്നു. എന്നിട്ടും അതിൽപോലും വസ്തുതാപരമായ അബദ്ധങ്ങൾ വരുന്നു) തിരക്കഥാ ഡിസ്‌ക്കഷൻ എന്നുപറഞ്ഞ് സംവിധായകനൊപ്പമിരുന്ന് തിന്നും കുടിച്ചും ലക്ഷങ്ങൾ പൊടിക്കുന്ന ശിങ്കിടിപ്പട ഇതിലൊക്കെയായിരുന്നു ഇടപെടേണ്ടിയിരുന്നത്. അല്‌ളെങ്കിൽ ഇത്രയും കാലത്തെ സിനിമാ പരിചയവും ലോകപരിചയവുംവച്ച് 'ഈ പൊട്ട കൊലപാതകങ്ങളൊക്കെ മാറ്റിക്കൊണ്ടുവാടേയ്' എന്ന് ലാലേട്ടനും പറയാമായിരുന്നു. അല്ലാതെ സംഭവിക്കാനുള്ളത് സംഭവിക്കുമെന്ന് ഗീതയോതി ഇരുന്നിട്ട് വല്ല കാര്യവുമുണ്ടോ? പ്രഥ്വീരാജൊക്കെ ഈ രീതിയിൽ ഇടപെടുന്നതിന്റെ മെച്ചം അദ്ദേഹത്തിന്റെ അടുത്തകാലത്തെ പടങ്ങളിൽ കാണാം. ഇതേ പ്രമേയം എഴുതാനറിയാവുന്ന ആമ്പിള്ളേരുടെ കൈയിൽ കൊടുത്തിരുന്നെങ്കിൽ ഈ വർഷത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റാവുമായിരുന്നു 'കനൽ'.

ഔസേപ്പച്ചന്റെ ഗാനങ്ങൾ ചിത്രത്തെ തീരെ സഹായിച്ചിട്ടില്ല. ഇവ വെട്ടിമാറ്റി ചിത്രത്തിന്റെ വേഗത അൽപ്പം കൂട്ടിയിരുന്നെങ്കിൽ 'കനലിന്റെ' ചൂടും ചൂരും ഒന്നുവേറെയാവുമായിരുന്നു.വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രാഹണ മികവ് , ടെയ്‌രിൻ തുരങ്കം കടക്കുന്ന ചില ഹെലിക്യം ഷോട്ടുകളിലൊക്കെ പ്രകടമാണ്. താരങ്ങളുടെ പ്രകടനവും പ്രതീക്ഷക്ക് ഒത്ത് ഉയർന്നിട്ടില്ല. അതുൽ കുൽക്കർണിയെയും മോഹൻലാലിനെയും പോലുള്ള രണ്ട് പ്രതിഭകൾ ഒന്നിക്കുന്ന കൈ്‌ളമാകസിനൊക്കെ പ്രക്ഷകർ പ്രതീക്ഷിക്കുന്ന ഗരിമ വേണമല്ലോ. ഹണിറോസിന്, ഈയിടെ പതിവായപോലെ അണിഞ്ഞൊരുങ്ങി ചിരിച്ച് നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. 'കൈയത്തും ദൂരത്ത്' എന്ന സിനിമയിൽ ഫഹദ്ഫാസിലിന്റെ നായികയായി വന്ന നികിതയാണ് തമ്മിൽ ഭേദം.മോഹൽലാൽ വിശ്വരൂപമെടുക്കുന്ന സീനുകളിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായി അനൂപ് മേനോൻ.

പക്ഷേ ഡയലോഗ് ഡെലിവറിയിലും സ്വതസിദ്ധമായ തന്റെ മാനറിസങ്ങളും വഴി തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്നുണ്ട് മോഹൻലാൽ. ജോൺ ഡേവിഡ് തീർച്ചയായും ലാലിന് ഒരു വെല്ലുവിളിയല്ല. അനായാസേന ആ കഥാപാത്രത്തിലേക്ക് ലാൽ കടന്നുപോവുന്നുണ്ട്. പക്ഷേ,'ലോഹത്തിലും' 'ഭ്രമരത്തിലും' 'ശിക്കാറിലുമൊക്കെ' ഇതേ ഭാവങ്ങൾ കടന്നുവരുന്നതുകൊണ്ട് , ഒരു സങ്കരസന്തതിയല്ലാതെ പുതിയൊരാളായി ജോൺഡേവിഡിനെ മാറ്റാൻ ലാലിനും കഴിഞ്ഞിട്ടില്ല.

വാൽക്കഷ്ണം: : കോടാനുകോടി വർഷം തിളങ്ങിനിന്ന നക്ഷത്രങ്ങൾ പ്രകാശമെല്ലാം കെട്ട് തമോഗർത്തങ്ങളായാണ് അപ്രത്യക്ഷമാവുകയെന്നത് ഒരു ശാസ്ത്ര സത്യമാണ്. മലയാളസിനിമയിലും അതേ തമോഗർത്തങ്ങൾ ഉണ്ടാവുകയാണോ. എത്രയോ നല്ല സിനിമകൾ എടുത്ത സിബിമലയിലും, കമലും, ഫാസിലും, സിദ്ദീഖും, ലാലും അടക്കമുള്ളവരുടെ അവസാനമിറങ്ങുന്ന പടപ്പുകൾ നോക്കുക.'വാസ്തവവും' 'വർഗവു'മെടുത്ത അതേ പത്മകുമാറാണ് 'തിരുവമ്പാടി തമ്പാനും', 'പോളിടെക്ക്‌നിക്കുമൊക്കെ' പടച്ചുവിട്ടത്.അതേ ഗ്രൂപ്പിലേക്ക് എരിഞ്ഞടങ്ങാനാണോ നമ്മൂടെ പ്രിയപ്പെട്ട ലാലേട്ടനും വിധി. പ്രമുഖ കളിക്കാർ റിട്ടയർ ചെയ്യുന്നതുപോലെ ഒരു ഓണററി എക്‌സിറ്റുപോലും കിട്ടാതെയാവുമോ ആ വിടവാങ്ങൽ.