കൊച്ചി: പാർട്ടി സമ്മേളനങ്ങൾക്കിടയിൽ എറണാകുളം ജില്ലയിലെ സിപിഎമ്മിൽ വ്യാപക പൊട്ടിത്തെറി. സി.പി.എം മുൻ മരട് ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ 25 ഓളം പേർ പാർട്ടി വിട്ട് സിപിഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച സമാപിച്ച ഏരിയ സമ്മേളനത്തിൽ സക്കീർ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറിയായി വീണ്ടും തിരെഞ്ഞെടുത്തതിലും ഒരു വിഭാഗം പാർട്ടി അംഗങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുകയാണ്. സക്കീർ ഹുസൈനെ വീണ്ടും ഏരിയ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് ഏതാനും ബ്രാഞ്ച് സെക്രട്ടറിമാരും സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ ചർച്ചനടത്തിവരുന്നതായും വിവരമുണ്ട്.

എറണാകുളം ജില്ലയിലെ മരട് ഭാഗത്ത് ഏറെക്കാലമായി നിലനിൽക്കുന്ന സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സിപിഐയിലേക്ക് കൂട്ടത്തോടെ നേതൃത്വം പോകാൻ തയ്യാറെടുക്കുന്നതെന്നാണ് മുൻ ലോക്കൽ സെക്രട്ടറി പിബി വേണുഗോപാലും സംഘവും വ്യക്തമാക്കുന്നത്. 2005 ലെ പഞ്ചായത്ത് ഭരണത്തിൽ മരട് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് മെമ്പർമാരും ഉണ്ടായ തർക്കമാണ് ഇവിടുത്തെ ആഭ്യന്തര പ്രശ്നങ്ങളുടെ തുടക്കം.

വിവിധ വിഷയങ്ങളിൽ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ ഉയർന്നുവന്ന നിലപാടുകളും, അതിൽ ഏരിയ കമ്മിറ്റി സ്വീകരിച്ച നിലപാടുകളും പ്രശ്നങ്ങളുടെ മൂർച്ച കൂട്ടി. പാർട്ടി ലോക്കൽ കമ്മിറ്റിയെ ഏകപക്ഷീയമായി വിഭജിച്ചതിൽ പാർട്ടി നേതൃത്വത്തിന് പരാതികൾ സമർപ്പിച്ചെങ്കിലും, യാതൊരുവിധ പരിഹാരവുമുണ്ടാകാത്ത സാഹചര്യത്തിലാണ് സിപിഐയിൽ ചേരുന്നതെന്നാണ് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെകെ വാസുദേവനും എസ് സിയാദും പറയുന്നത്.

ഇരുപക്ഷത്തിനും സ്വീകാര്യനായിരുന്ന മുജീബ് റഹ്മാന്റ് പേര് ഉയർന്നുവന്നെങ്കിലും ജില്ലാ സെക്രട്ടറി പി രാജീവിന്റെ താൽപര്യത്തിന് അനുസരിച്ചായിരുന്നു രണ്ടാം തവണയും സക്കീർ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറിയാക്കാൻ തീരുമാനമെടുക്കുന്നത്. ഒമ്പത് ലോക്കൽ കമ്മിറ്റികളിൽ നിന്നായ് 130 പേർ പങ്കെടുത്തതിൽ, നാല് ലോക്കൽ കമ്മിറ്റികൾ സക്കീർ ഹുസൈൻ സെക്രട്ടറിയാകുന്നതിനെ എതിർത്തിരുന്നുവെന്നാണ് വിവരം.

ഗുണ്ടാക്കേസിൽ അറസ്റ്റിലായ സക്കീർ ഹുസൈനെ വീണ്ടും, സമ്മേളനം സെക്രട്ടറിയായി തിരെഞ്ഞെടുത്തതിലൂടെ പാർട്ടിയുടെ സൽപേര് മോശമായി എന്നാണ് ഒരുകൂട്ടം പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ബ്രാഞ്ച് സമ്മേളനം ലോക്കൽ സമ്മളനത്തിനായി തിരെഞ്ഞെടുത്ത ജനാർദ്ദനൻ എന്ന പാർട്ടി മെമ്പറെ സക്കീർ ഹുസൈൻ ഇടപെട്ട്, പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായും ആരോപണമുണ്ട്. ഇയാൾ ബ്രാഞ്ച് സമ്മേളനത്തിൽ സക്കീർ ഹുസൈനെതിരായി ചർച്ച നടത്തിയെന്നതിനെത്തുടർന്നാണ് ഒഴിവാക്കിയതെന്നാണ് വിവരം. സംഭവത്തിൽ ജനാർദ്ധനൻ സംസ്ഥാന സമിതിയെ സമീപിച്ചിട്ടുണ്ട്.

സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും ജില്ലാ സെക്രട്ടറി പി രാജീവ് സക്കീർ ഹുസൈനെ സംരക്ഷിക്കുകയാണെന്നാണ് ഒരു വിഭാഗം പാർട്ടി അംഗങ്ങളും ആരോപണം. സക്കീറിനെ തൊടാൻ രാജീവിനും കോടിയേരിക്കും പേടിയാണെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. യുവവ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഡിസംബർ പതിനഞ്ചിനാണ് ഹൈക്കോടതി ജാമ്യത്തിൽ സക്കീർ ഹുസൈൻ ജയിൽ മോചിതനാകുന്നത്.

ക്രിമിനൽ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനാൽ പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ നീക്കിയെങ്കിലും അധികം താമസിയാതെ തിരിച്ചെത്തുകയായിരുന്നു. വെണ്ണല സ്വദേശിയായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. തന്റെ ബിസിനസ്സ് പങ്കാളിയായ ഷീല തോമസിന് വേണ്ടി സക്കീർ ഹുസൈൻ ക്വട്ടേഷൻ പണി ചെയ്തെന്നായിരുന്നു ജൂബ് പൗലോസിന്റെ പരാതി.

മരടിൽ സി.പി.എം വിട്ട് സിപിഐയിൽ എത്തുന്നവരെ സ്വീകരിക്കുന്നതിനായി വമ്പിച്ച പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നെട്ടൂർ ധന്യ ജംങ്ഷന് സമീപം സിപിഐ ജില്ലാ സെക്രട്ടറിയാണ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കുന്ന സ്വീകരണ സമ്മേളനത്തിലും പൊതുയോഗത്തിലും നൂറുകണക്കിന് സിപിഐ പ്രവർത്തകർ പങ്കെടുക്കുമെന്നാണ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സംഗീത അജിത്ത്, ബ്രാഞ്ച് കമ്മിറ്റി മുൻ സെക്രട്ടറിമാരായ ജയേഷ്, ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറി ജസു ബുഖാരി എന്നിവരടക്കം 25 സി.പി.എം പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമാണ് സിപിഐ സ്വീകരണം ഒരുക്കിയിരിക്കുന്നത്.