കോഴിക്കോട്: സിപിഐ(എം) വിട്ടവരെ പതുക്കെ തങ്ങൾക്കൊപ്പം ചേർക്കുകയെന്ന, ഉദയംപേരൂരിലടക്കം സിപിഐ നടപ്പാക്കിയ പദ്ധതി, റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി (ആർ എം പി)കാര്യത്തിൽ പാളി. ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയത്ത് രൂപീകരിച്ച ആർ എം പിയെ തങ്ങളുടെ പാർട്ടിയിൽ ലയിപ്പിക്കാനുള്ള സിപിഐ നേതാക്കളുടെ മോഹമാണ്, പ്രാഥമിക ചർച്ചകൾക്കുശേഷം അലസിപ്പോയത്.വിവിധ സംസ്ഥാനങ്ങളിൽ വിവിധ കാലങ്ങളിൽ സിപിഐ.എമ്മിൽ നിന്ന് പുറത്തുപോയവർ ചേർന്ന് രൂപീകരിച്ച പ്രദേശിക പാർട്ടികളും ആർ എം പിയും ചേർന്ന് ഒരു പാർട്ടിയാവാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം സെപ്റ്റംബർ 17 ന് പഞ്ചാബിലെ അമൃത് സറിൽ നടക്കും. ലയനം മുന്നിൽ കണ്ട് സിപിഐ നേതാക്കൾ ആർ എം പി നേതാക്കളുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. ഇത് പ്രകാരം ചില പത്രങ്ങളും ഓൺലൈൻ മാദ്ധ്യങ്ങളും 'ആർ എം പി സിപിഐയിലേക്ക്', എന്നെല്ലാം വാർത്തകൾ നൽകുകയും ചെയ്തു. മാദ്ധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ ചർച്ചകൾ നടക്കുന്നുണ്ട് എന്ന വിധത്തിൽ തന്നെയായിരുന്നു സിപിഐ നേതാക്കൾ മറുപടിയും നൽകിയത്. ആർ എം പി നേതാക്കളാവട്ടെ നിലവിലെ സാഹചര്യത്തിൽ യോജിച്ച് പോരാട്ടം നടത്താൻ തയ്യറാണെന്നുള്ള മറുപടി മാത്രമായിരുന്നു നൽകിയത്.

ലയനം അജണ്ടയിലല്ലന്നെും സഹകരണമാണ് ഉദ്ദശേിക്കുന്നതെന്നുമായിരുന്നു അവർ പറഞ്ഞത്. എന്നാൽ സിപിഐയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ആർ എം പിയുടെ പുതിയ നീക്കം. കുറേക്കാലമായി വിവിധ സംസ്ഥാനങ്ങളിലെ വിവിധ പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളുമായി ആർ എം പി ബന്ധം പുലർത്തിയിരുന്നു. ആർ എം പിയുടെ പരിപാടികളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കടെുക്കുകയും ചെയ്തിരുന്നു. ടി പി ചന്ദ്രശേഖരൻ ജീവിച്ചിരുന്ന കാലത്ത് തന്നെ അവരുമായെല്ലാം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഇതിനിടെ പാർട്ടി സിപിഐയിൽ ലയിക്കുകയാണെന്ന വാർത്ത പുറത്തു വന്നതോടെ പല ആർ എം പി പ്രവർത്തകരും ഏറെ വിഷമിക്കുകയും ചെയ്തു. ഇതേ സമയം സിപിഐ പ്രവർത്തകർ വലിയ സന്തോഷത്തിലായിരുന്നു.

വടകരയ്ക്ക് പുറത്തേക്ക് വളരാൻ കഴിയാത്ത അവസ്ഥ ആർ എം പി നേതാക്കൾ ഏറെ നിരാശരായിരുന്നു. ഈ സമയത്താണ് പുതിയ നീക്കം. പഞ്ചാബിലെ പഞ്ചാബ് മാർക്‌സിസ്റ്റ് പാർട്ടി, ബംഗാളിലെ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ബംഗാൾ, തമിഴ്‌നാട്ടിലെ തമിഴ്‌നാട് മാർക്‌സിസ്റ്റ് പാർട്ടി, മഹാരാഷ്ട്രയിലെ ഗോദാവരി പരിലേക്കർ മഞ്ച്, ആന്ധ്രാപ്രദേശിലെ ജനശക്തി എന്നീ പാർട്ടികളും ആർ എം പിയും ലയിച്ചാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. പാർട്ടിയുടെ നേതൃത്വത്തെക്കുറിച്ചും പാർട്ടിയുടെ ചിഹ്നത്തെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നുവരുകയാണ്.

സി പി എം കേന്ദ്ര കമ്മിറ്റിയിൽ നിന്നും പുറത്തു വന്ന മംഗത് റാ പസ്ല, ഒംപുരി എന്നിവർ ചേർന്ന് രൂപീകരിച്ചതാണ് പഞ്ചാബ് മാർക്‌സിസ്റ്റ് പാർട്ടി. 2006 ലാണ് സി പി എം വിട്ട് പുറത്തുവന്ന ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ എം പി രൂപീകരിച്ചത്. എന്നാൽ ആർ.എംപിക്ക് വടകരയിൽപോലും പ്രസക്തിയില്ലെന്നും ഇതിന്റെ തെളിവാണ് നിയമസഭാതെരഞ്ഞെടുപ്പിൽ കെ.കെ രമ നേരിട്ട മൽസരിച്ചിട്ടുപോലും വടകരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജയിച്ചതെന്നുമാണ് സിപിഐ(എം) കേന്ദ്രങ്ങൾ പറയുന്നത്.