കോട്ടയം: റബ്ബർനടീൽവസ്തുക്കളുടെ വിതരണത്തിന് റബ്ബർബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു. റബ്ബർബോർഡിന്റെ ഉടമസ്ഥതയിലുള്ള കറിക്കാട്ടൂർ സെൻട്രൽ നഴ്‌സറിയിൽനിന്നും കടയ്ക്കാമൺ (പുനലൂർ), മഞ്ചേരി (മഞ്ചേരി), കാഞ്ഞിക്കുളം (പാലക്കാട്), ഉളിക്കൽ (ശ്രീകണ്ഠപുരം), ആലക്കോട് (തളിപ്പറമ്പ്) എന്നീ റീജിയണൽ നഴ്‌സറികളിൽനിന്നുമാണ് തൈകൾ വിതരണം ചെയ്യുക. ശാസ്ത്രീയമായി തയ്യാറാക്കിയ ആർ.ആർ.ഐ.ഐ. 105, 430, 414, 417, 422 എന്നീ ഇനങ്ങളുടെ കൂടത്തൈകളും കപ്പുതൈകളുമാണ് വിതരണത്തിന് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കപ്പുതൈകളുടെ വിതരണം ഏപ്രിൽമാസം തന്നെ ആരംഭിക്കും.

കപ്പുതൈകൾക്ക് 65 രൂപയും കൂടത്തൈകൾക്ക് 55 രൂപയുമാണ് വില. കപ്പുകൾ നഴ്‌സറികളിൽ തിരിച്ചുകൊടുത്താൽ കപ്പൊന്നിന് 5 രൂപ നിരക്കിൽ പണം തിരികെ ലഭിക്കും. തൈകൾ വാങ്ങാൻ താൽപര്യമുള്ളവർ റബ്ബർബോർഡിന്റെ ഏറ്റവും അടുത്തുള്ള റീജിയണൽ ആഫീസുകളിൽ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകൾ ബോർഡിന്റെ റീജിയണൽ ഓഫീസുകളിൽനിന്നു ലഭിക്കും. www.rubberboard.org.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. നടീൽവസ്തുക്കളുടെ ലഭ്യതയനുസരിച്ച് മുൻഗണനാക്രമത്തിലായിരിക്കും തൈകൾ വിതരണം നടത്തുക.

റബ്ബറുത്പാദകസംഘങ്ങൾ, സ്വാശ്രയസംഘങ്ങൾ, റബ്ബർബോർഡ്കമ്പനികൾ, ട്രൈബൽ പ്രൊജക്ടുകൾ, കുടുംബശ്രീയൂണിറ്റുകൾ തുടങ്ങിയ ഏജൻസികൾ 2500-ലധികം കപ്പുതൈകൾ വാങ്ങുമ്പോൾ തൈ ഒന്നിന് രണ്ടു രൂപ നിരക്കിൽ പ്രോത്സാഹനമായി തിരികെ നൽകും. ഇത്തരം ഏജൻസികൾ റബ്ബർബോർഡിലെ വികസനോദ്യോഗസ്ഥന്റെ ശുപാർശ സഹിതം വേണം അപേക്ഷ നൽകാൻ.