കൊല്ലം: റേഷനരിയോ, 17 രൂപ കിലോയ്ക്ക് ലഭിക്കുന്ന ആട്ടയോ...? അയ്യേ..ഇച്ചീച്ചി.. മലയാളിയുടെ പൊതുസ്വഭാവമാണിത്. ഇങ്ങനെ ഇച്ചീച്ചി വച്ച് നിരസിക്കുന്ന അതേ സാധനം ബ്രാൻഡഡ് ചാക്കിൽ നിറച്ച് മലയാളി തീറ്റിക്കുകയാണ് റേഷനരി കരിഞ്ചന്ത മാഫിയ. ഭക്ഷ്യഭദ്രതാ നിയമവും ഇ പോസ് മെഷിനും വിരൽ പതിപ്പിക്കലുമൊക്കെ കരിഞ്ചന്ത തടയാൻ കൊണ്ടു വന്നതാണ്. പക്ഷേ, ഒരു കാര്യവുമില്ല. അതിലും വെട്ടിപ്പ് നടത്തുകയാണ് നമ്മുടെ ചില റേഷൻ വ്യാപാരികളും ഉദ്യോഗസ്ഥരും ചേർന്ന മാഫിയ.

ഒരു കടയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കണക്കാക്കിയാണ് വാതിൽപടി വിതരണം സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നത്. വാങ്ങാൻ വരുന്നവർക്ക് വിരൽ പതിച്ച് സാധനം കൊടുക്കുന്നതോടെ കരിഞ്ചന്തയും തട്ടിപ്പും പൂർണമായും നിലച്ചുവെന്നാണ് കരുതിയത്. എന്നാൽ, അങ്ങനെയല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വസ്തുത. അധികൃതരുടെ കണ്ണുവെട്ടിച്ചോ ഒത്താശയോടെയോ റേഷനരി കടത്ത് വ്യാപകമാകുകയാണ്. കുറച്ചു ദിവസം മുമ്പ് പാരിപ്പള്ളിയിൽ നിന്ന് ബ്രാൻഡഡ് എന്ന പേരിൽ കടത്തിയ 790 ചാക്ക് റേഷനരിയും പാറശാല ഇഞ്ചിവിളയ്ക്ക് സമീപം സ്വകാര്യ ഗോഡൗണുകളിൽ നിന്ന് 11,700 കിലോ റേഷൻ സാധനങ്ങളും പിടിച്ചത് ഇതിന് തെളിവാണ്. തമിഴ്‌നാട്ടിൽ റേഷനരി കടത്ത് നടക്കുന്നുവെന്ന് ആക്ഷേപം ഉയരുമ്പോൾ തന്നെ കേരളത്തിലെ ചില റേഷൻ കടകളിൽ നിന്നും ചാക്കു കണക്കിന് സാധനങ്ങൾ കരിഞ്ചന്തയിലേക്ക് മറിയുകയാണെന്ന് പറയുന്നു.

കാർഡുടമകളെ കബളിപ്പിച്ചാണ് പലപ്പോഴും കരിഞ്ചന്തയിലേക്ക് മറിക്കൽ നടത്തുന്നത്. ഇവ രഹസ്യ ഗോഡൗണുകളിലെത്തിച്ച് ചാക്ക് മാറ്റി ബ്രാൻഡഡ് എന്ന പേരിൽ വിറ്റഴിച്ച് കൊയ്ത്ത് നടത്തുകയാണ് ഇടനിലക്കാർ. എഫ്‌സിഐ ഗോഡൗണുകളിൽ നിന്നു തന്നെ ലോഡു കണക്കിന് സാധനങ്ങൾ മറിച്ചുവിൽക്കുന്നതായിരുന്നു മുമ്പത്തെ രീതി. റേഷൻ കടകളിൽ നിന്ന് ചാക്കു കണക്കിന് സാധനങ്ങൾ ഇടനിലക്കാരുടെ സഹായത്തോടെ സംഭരിച്ച് കടത്തുന്നതാണ് ഇപ്പോഴത്തെ രീതി. കാർഡ് ഉടമകൾ അറിഞ്ഞും അറിയാതെയും ഇത് അരങ്ങേറുന്നു. റേഷൻ കടകളിൽ ഇ പോസ് മെഷീനിൽ വിരൽ പതിച്ചശേഷം അലോട്ട് ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തിൽ വെട്ടിപ്പ് നടത്തും.

ഇ പോസ് വന്നെങ്കിലും പലരും തങ്ങൾക്കുള്ള സാധനങ്ങളുടെ ബിൽ പരിശോധിക്കാൻ കൂട്ടാക്കാത്തത് ഇത്തരക്കാർക്ക് എളുപ്പമാകുന്നു. റേഷനരി വേണ്ടാത്ത ചില കാർഡുടമകൾ ഇ പോസിൽ വിരൽ പതിച്ചശേഷം സാധനം റേഷൻ കടയുടമയ്ക്ക് തന്നെ നൽകും. പകരം അഡ്ജസ്റ്റ്മെന്റിൽ ഗോതമ്പോ മണ്ണെണ്ണയോ ആട്ടയോ കടക്കാർ നൽകും. പലരിൽ നിന്നാകുമ്പോൾ വലിയ അളവ് വരും. ഇത് കരിഞ്ചന്തക്കാർക്ക് മറിച്ചുവിൽക്കും. ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടെങ്കിൽ ഈ തിരിമറി പെട്ടെന്ന് കണ്ടെത്താനുമാവില്ല.

ഇത്തരത്തിൽ സംഭരിക്കുന്ന അരി രഹസ്യ ഗോഡൗണുകളിലേക്കാണ് ചെല്ലുക. അവിടെ ഒരു പേര് നൽകി പുതിയ ചാക്കിൽ നിറയ്ക്കും. ചില ഹോട്ടലുകൾ, അരിമാവ് വിൽപ്പനക്കാർ തുടങ്ങിയവരൊക്കെ ഈ അരിയാണ് വാങ്ങുന്നതെന്നും വിവരമുണ്ട്.