ടുത്ത മതനിയന്ത്രണങ്ങൾ ഉള്ള രാജ്യമെന്നാകും ഇറാനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തൽ. എന്നാൽ, ഈ ചിത്രങ്ങൾ ചിലപ്പോൾ ആ ധാരണ തിരുത്തിയേക്കാം. നീന്തൽക്കുളങ്ങളും നിശാപാർട്ടികളുമൊക്കെയുള്ള അടിപൊളി ജീവിതം നയിക്കുന്ന കൗമാരക്കാർ ഇറാനിലുണ്ടെന്ന് മനസ്സിലാക്കുക. ഇറാനിലെ ധനാഢ്യരുടെ മക്കൾ നിയന്ത്രണങ്ങളില്ലാതെ പാശ്ചാത്യ സമാനമായ ജീവിതം നയിക്കുന്നുവെന്ന് റിച്ച് കിഡ്‌സ് ഓഫ് ടെഹ്‌റാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ വിളിച്ചുപറയുന്നു.

ഇസ്ലാമിക രാഷ്ട്രമായ ഇറാനിലെ സമ്പന്നവർഗത്തിന്റെ ജീവിതം വെളിപ്പെടുത്തുന്ന അക്കൗണ്ടാണത്. 114,000 പേർ ഈ പേജിനെ പിന്തുടരുന്നു. ഇറാനെക്കുറിച്ച് നിങ്ങൾ കാണരുതെന്ന് അവരാഗ്രഹിക്കുന്ന കാര്യങ്ങളെന്നാണ് പേജിനെ അതിന്റെ അഡ്‌മിൻ വിശേഷിപ്പിക്കുന്നത്. അർധനഗ്നകളായ യുവതികൾ നീന്തൽക്കുളത്തിൽ തുടിക്കുന്നതും ഹുക്കയിൽനിന്ന് പുകവലിക്കുന്നതും പാർട്ടികളിൽ പങ്കെടുക്കുന്നതുമൊക്കെയായ ചിത്രങ്ങൾ ഈ പേജിൽ ലഭ്യമാണ്.

ഷാംപെയ്ൻ കുടിച്ച് തിമിർക്കുന്ന യുവാക്കളെയും യുവതികളെയും ഈ ചിത്രങ്ങളിൽ കാണാം. ലോകത്തെ ധനാഢ്യ കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതം വെളിപ്പെടുത്തുന്ന റിച്ച് കിഡ്‌സ് ഓഫ് ഇൻസ്റ്റഗ്രാം എന്ന പേജിന്റെ പ്രചോദനത്തിലാണ് റിച്ച് കിഡ്‌സ് ഓഫ് ടെഹ്‌റാൻ തുടങ്ങിയത്. റിച്ച് കിഡ്‌സ് ഓഫ് ഇൻസ്റ്റഗ്രാമിൽ അമേരിക്കയിലെയും യൂറോപ്പിലെയും ധനാഢ്യരുടെ മക്കളുടെ ജീവിതമാണ് വെളിപ്പെടുന്നത്.

മറ്റ് സൈറ്റുകളിൽനിന്നെടുത്ത ചിത്രങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഇറാനിലെ ജീവിതവുമായി ഇതിന് ബന്ധമില്ലെന്നും ഇടയ്ക്ക് ആരോപണമുയർന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് അന്വേഷിച്ച പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് തെളിവുസഹിതം ഇതിന്റെ പിന്നണിപ്രവർത്തകർ മറുപടി നൽകി. എന്നാൽ, ഈ ഫോട്ടോകളിലുള്ളവരുമായി ബന്ധപ്പെടാൻ മാദ്ധ്യമങ്ങളെ അവർ അനുവദിച്ചിട്ടില്ല. അവരുടെ സ്വകാര്യത വെളിപ്പെടുത്താനാവില്ലെന്ന മറുപടിയാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.