ബോറടിക്കുമ്പോൾ മിക്കവരും സിനിമ കാണുകയോ കൂട്ടുകാരൊടൊത്ത് പുറത്ത് പോയി കറങ്ങുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ലണ്ടനിലെ അതിസമ്പന്നരുടെ മക്കൾ ബോറടി മാറ്റാൻ 87 ലക്ഷം രൂപ വിലയിലുള്ള മെർസിഡസ് ജി വാഗൻ കാർ കത്തിച്ച് കളയുകയും 8 ലക്ഷം രൂപവിലയുള്ള റോളക്സ് വാച്ച് ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്ത് കളയുകയുമാണ് ചെയ്യുന്നത്. റിച്ച് കിഡ്സ് ഓഫ് ലണ്ടൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോകളിലൂടെയാണ് ധനാഢ്യരുടെ മക്കളുടെ വിലയേറിയ നേരമ്പോക്കുകൾ വെളിപ്പെട്ടിരിക്കുന്നത്. പുള്ളിപ്പുലി പോലുള്ള മൃഗങ്ങളെ തങ്ങളുടെ പെറ്റുകളാക്കി വളർത്തി അവയെ നിയന്ത്രിക്കാനായി സ്വർണംപൂശിയ ആയുധങ്ങൾ ഉപയോഗിക്കുന്നത് പോലുള്ള ചിത്രങ്ങളായിരുന്നു കുറച്ച് മുമ്പ് വരെ തങ്ങളുടെ പണവും പ്രതാപവും ആഢ്യത്തവും വെളിപ്പെടുത്താനായി അവർ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മേൽപ്പറഞ്ഞ രീതിയിൽ അതിൽ നിന്നും വ്യത്യസ്തമായ ഫോട്ടോകളാണ് ഇത്തരക്കാർ ഇപ്പോൾ പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്.

മെർസിഡസ് ജി വാഗെൻ എന്നാൽ പണക്കാരായ സെലിബ്രിറ്റികൾ തെരഞ്ഞെടുക്കുന്ന പ്രിയപ്പെട്ട വാഹനമാണ്. ഇക്കൂട്ടത്തിൽ പെട്ട ചില കാറുകൾക്ക് 88,800 പൗണ്ടിലാണ് വിലയാരംഭിക്കുന്നത്. പോർസ്ച്ചെ, അല്ലെങ്കിൽ ജാഗ്വർ എന്നിവയിൽ നിന്നുമുള്ള ഒരു ശരാശരി സ്പോർട്സ് കാറിനുള്ളതിനേക്കാൾ വളരെ കൂടുതലാണിതിന്റെ വില. ഇതിൽ ചിലതിന്റെ വില 150,000 പൗണ്ട് വരെ ഉയരാറുണ്ട്. കർദാശിയാൻ സഹോദരിമാർ,മൈലെനെ ക്ലാസ്, ജോർദാനിലെ റാണി രാജ്ഞി തുടങ്ങിയ നിരവധി സെലിബ്രിറ്റികളുടെ ഇഷ്ടകാറാണിത്. ഇത്തരത്തിൽ പണത്തിനെ ചവിട്ടി മെതിച്ച് കൊണ്ടുള്ള സമ്പന്നരുടെ മക്കളുടെ വീഡിയോ വൻ വിവാദം സൃഷ്ടിച്ചതിനെ തുടർന്ന് ഇത് നീക്കം ചെയ്യാൻ ഇൻസ്റ്റാഗ്രാം നിർബന്ധിതമാവുകയായിരുന്നു. ജി വാഗെൻ യാതൊരു കൂസലുമില്ലാതെ അഗ്‌നിക്കിരയാക്കുന്ന വീഡിയോ കണ്ട് ഇൻസ്റ്റാഗ്രാം ഫോളോവർമാർ ഞെട്ടിത്തരിച്ച് പോയെന്നാണ് റിപ്പോർട്ട്. തലമറച്ച ഒരു യുവാവ് വാഹനത്തിനടുത്ത് വന്ന് തീ കൊളുത്തുന്നതും അത് പെട്ടെന്ന് കത്തിയമരുന്നതുമായ വീഡിയോ ആണ് വൈറലായിരുന്നത്.

ആളുകൾക്ക് ഭക്ഷണം പോലും വാങ്ങാൻ കാശില്ലാതെ നട്ടം തിരിയുമ്പോൾ നിങ്ങൾ പണം വെറുതെ പാഴാക്കുന്നുവെന്നാണ് ഈ വീഡിയോയോട് നിരവധി പേർ പ്രതികരിച്ചിരിക്കുന്നത്.ഇത്തരക്കാർ നശീകരണത്തിന് പകരം ആ സമയത്ത് ചാരിറ്റികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടെന്ന് ചിലർ പ്രതികരിക്കുന്നു. എന്നാൽ ഇത്തരത്തിൽ അഗ്‌നിക്കിരയാക്കിയത് യഥാർത്ഥ ജി വാഗനല്ലെന്നും ഇത് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതിഷേധമൊന്നും പണക്കാരുടെ കുട്ടികളെ ബാധിച്ചിട്ടേയില്ല. ഇതിനെ തുടർന്ന് മറ്റൊരു സമ്പന്നസന്തതി ടോയ്ലറ്റിൽ നിറയെ 50 പൗണ്ട് നോട്ടുകൾ നിറച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് തനിക്ക് 10,000 ലൈക്കുകൾ ലഭിച്ചിട്ടില്ലെങ്കിൽ ഈ നോട്ടുകൾ ഫ്ലഷ് ചെയ്ത് കളയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തനിക്ക് ബോറടിച്ചതിനാൽ 400 പൗണ്ട് വിലയുള്ള മോഷിനോ ഷൂസ് കത്തിക്കുന്ന ഫോട്ടോ പുറത്ത് വന്ന ദിവസങ്ങൾക്ക് ശേഷമാണ് മെർസിഡസ് കത്തിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നത്.