സിഡ്‌നി: പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററും ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ റിച്ചി ബെനൗദ് അന്തരിച്ചു. 84 വയസായിരുന്നു. ത്വക്കിലെ കാൻസറിനെ തുടർന്ന് ചികിത്സായിലായിരുന്ന അദ്ദേഹം സിഡ്‌നിയിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ചാനൽ 9ലെ കമന്റേറ്ററായിരുന്നു അദ്ദേഹം. 2013ൽ ഉണ്ടായ കാർ അപകടത്തിൽ ബെനൗദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

63 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള റിച്ചി ബെനൗദ് ക്രിക്കറ്റിന്റെ ശബ്ദം (വോയിസ് ഒഫ് ക്രിക്കറ്റ്) എന്നാണ് അറിയപ്പെട്ടിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 2000 റൺസും 200 വിക്കറ്റും തികച്ച ആദ്യതാരമാണ്. ബെനൗദിന്റെ നായകത്വത്തിന് കീഴിൽ ആസ്‌ട്രേലിയ ഒരു പരമ്പരയിൽ പോലും പരാജയപ്പെട്ടിട്ടില്ല. 28 മത്സരങ്ങളാണ് തുടർച്ചയായി ആസ്‌ട്രേലിയ ബെനൗദിന് കീഴിൽ ജയിച്ചിട്ടുള്ളത്. റിച്ചിയുടെ മരണത്തിൽ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബട്ട് അനുശോചനം രേഖപ്പെടുത്തി.

ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓരോ സംഭവങ്ങളുടെയും ആവേശം കളികാണാൻ കഴിയാത്ത എത്രയോ ലക്ഷം ജനങ്ങൾക്ക് അവർ നേരിട്ട് കളികാണുന്ന തരത്തിൽ അനുഭവം നൽകുന്ന തൽസമയവിവരണത്തിലും മികച്ച പ്രകടനമാണ് റിച്ചി കാഴ്ചവച്ചിരുന്നത്. റിച്ചിയുടെ വിയോഗം ഒരു കമന്ററി യുഗത്തിനു തന്നെ അവസാനംകുറിക്കുകയാണ്. കമന്ററിയുടെ ആവേശം വാരിവിതറിയ റിച്ചിയുടെ വേർപാട് ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടം തന്നെയാണ്.