കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അവസരമൊരുക്കിയ ഫ്‌ലാറ്റുടമയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരവിപുരം സുനാമി ഫ്‌ലാറ്റിലെ സിമിയോൺ എന്ന റിച്ചു (27) ആണ് പിടിയിലായത്. ഇയാളുടെ ഫ്‌ലാറ്റിൽ വച്ച് കുരീപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച വാവി എന്ന് വിളിക്കുന്ന വിഷ്ണുവിനായി അന്വേഷണം ശക്തമാക്കി.

പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് വിഷ്ണു. അമ്മയെ വിഷ്ണു വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ അവർ മകളെയും ഒപ്പം കൂട്ടി. ഇരുവരെയും രാത്രിയിൽ സിമിയോണിന്റെ ഫ്‌ലാറ്റിൽ താമസിപ്പിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അനുജത്തിയെയും മകളെയും കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ വലിയമ്മ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിമിയോൺ അറസ്റ്റിലായത്.

പരാതിയിൽ അസ്വാഭാവികത തോന്നിയ സിറ്റി പൊലീസ് കമ്മിഷണർ എസ്. അജിതാബീഗം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എ.സി.പി എ. അശോകന്റെ നേതൃത്വത്തിലാണ് സിമിയോണിനെ അറസ്റ്റ് ചെയ്തത്.