ദുബായ്: മലയാളി വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്നു എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ആർക്കും അറിയില്ല. റിഫയെന്ന 21കാരിയുടെ മരണം ആർക്കും വിശ്വസിക്കാനും കഴിയുന്നില്ല. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫയെ പുലർച്ചെയാണു ദുബായ് കരാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്‌നങ്ങളൊന്നും റിഫയുടെ കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ആളുകൾക്ക് ആത്മഹത്യയിൽ സംശയം ഏറുന്നത്. നല്ല വരുമാനം റിഫയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്‌നങ്ങളും മരണ കാരണമാകുന്നില്ല.

ഇന്നലെ രാത്രി ഭർത്താവ് മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നു പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും പരസ്പരം പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. റിഫയുടെ മരണത്തിൽ ദുബായ് പൊലീസ് അന്വേഷണം നടത്തുന്നു.

റിഫയ്ക്ക് യു ട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററന്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു വിഡിയോയ്ക്ക് ആധാരം. റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബം നിർമ്മാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്‌നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.

ഭാര്യ മരിച്ച വിവരം മെഹ്നു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. ഒന്നര മാസം മുൻപാണ് റിഫ, വ്‌ളോഗറും ആൽബം താരവുമായ ഭർത്താവ് കാസർകോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നുവിനോടൊപ്പം യുഎഇയിലെത്തിയത്.

രണ്ട് മാസം മുൻപ് ഭർത്താവിനോടും ഏക മകൻ അസാനോടുമൊപ്പം സന്ദർശക വീസയിലെത്തിയ ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും പിന്നീട് മെഹ്നു മാത്രം തിരികെ എത്തി. മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെ നിർത്തുകയായിരുന്നു. അതിനു ശേഷം വീഡിയോ, സംഗീത ആൽബം നിർമ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. 2 ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതു തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ റിഫയുടെ മരണത്തിൽ ദുരൂഹത ഏറെയാണ്. യൂട്യൂബ്, ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലും വീഡിയോ ആൽബങ്ങളിലും സജീവമായിരുന്നു റിഫ. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് 'റിഫ മെഹ്നൂസ്' എന്നപേരിൽ വ്ളോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിവരെ സാമൂഹികമാധ്യമങ്ങളിൽ ഇവർ സജീവമായിരുന്നു. സ്വകാര്യകമ്പനിയിൽ ജോലിയും ഉണ്ടായിരുന്നു.

മൂന്നു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയത്തെത്തുടർന്നാണ് കാസർകോട് സ്വദേശിയും യൂട്യൂബറുമായ മെഹ്നാസിനെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച വിവരം നാട്ടിലറിഞ്ഞത്. കാക്കൂർ പാവണ്ടൂർ മാക്കൂട്ടം പറമ്പിൽ റാഷിദിന്റെയും ഷെറീനയുടെയും മകളാണ്. റിജുൻ സഹോദരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ദുബായിലെ സാമൂഹികപ്രവർത്തകർ അറിയിച്ചു.