ബാലുശ്ശേരി: വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ മന്ദലത്തിൽ അമ്പലപ്പറമ്പിൽ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണം കൊലപാതകമെന്ന് ഇപ്പോഴും വിശ്വസിച്ച് ബന്ധുക്കളും നാട്ടുകാരും. ദുബായ് ജാഫിലിയയിലെ ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസമാണ് റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് നാട്ടിൽ കബറടക്കും. ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. എന്നാൽ അടുത്ത ബന്ധുക്കൾക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.

ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിനു മുൻപ് രാത്രി ഒൻപതോടെ റിഫ വീഡിയോകോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നൽകിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം കടുംകൈ ചെയ്യാൻ വിധത്തിൽ മാനസികമായ തളർന്നത് എങ്ങനെ എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. അതുകൊണ്ടു തന്നെ കൊലപാതക സാധ്യതയാണ് അവർ കാണുന്നത്.

തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാൻ പോയ ഭർത്താവ് മെഹ്നാസ് തിരികെ ഫ്‌ളാറ്റിലെത്തിയപ്പോൾ, റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്. ഭർത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വീഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ പിന്നീട് നീക്കം ചെയ്തു.

വ്‌ളോഗറും ആൽബം അഭിനേതാവുമായിരുന്ന മെഹ്നാസിനെ റിഫ ഇൻസ്റ്റഗ്രാമിലൂടെയാണു പരിചയപ്പെട്ടത്. 3 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള മകനെ വീട്ടുകാരെ ഏൽപിച്ചാണു റിഫ ഗൾഫിലേക്കു പോയത്. റിഫയും ഭർത്താവും ഒരുമിച്ച് ബുർജ് ഖലീഫയ്ക്കു മുൻപിൽ നിന്ന് എടുത്ത വീഡിയോയാണു അവസാനമായി ഇവർ പോസ്റ്റ് ചെയ്തത്.

റിഫയുടെ മരണവാർത്ത ബന്ധുക്കൾക്കെന്ന പോലെ നാട്ടുകാർക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. യുവതിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് മെഹ്നൂവുമായി എന്തെങ്കിലും പ്രശ്‌നമുള്ളതായും അറിയില്ല. വ്ളോഗിൽ മൂന്ന് ലക്ഷം ഫോളേവേഴ്‌സും യുട്യൂബിൽ ഒരു ലക്ഷത്തോളം വരിക്കാരുമുള്ള റിഫയ്ക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി വരെ ഇവർ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.തിങ്കളാഴ്ച ബുർജ് ഖലീഫയ്ക്ക് മുന്നിൽ ഭർത്താവിനൊപ്പം നിന്ന് റിഫ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് അവസാനത്തേത്. സ്റ്റോറിയിൽ റിഫ സന്തോഷവതിയായാണ് കാണപ്പെട്ടതും. ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബായിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങൾ റിഫയുടെ മനസ്സിലുണ്ടായിരുന്നു. ബന്ധുവീട്ടിൽ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു.

കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹത്തിലെത്തി. വിവാഹ ജീവിതം ആസ്വദിച്ചു തീരുന്നതിനു മുമ്പേയാണ് മടക്കം. പാവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിനു ശേഷമാണ് വ്‌ലോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹനു ചാനൽ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്.

ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌ക്കാരങ്ങൾ, യാത്ര എന്നിവയായിരുന്നു റിഫയുടെ ഇഷ്ടവിഷയങ്ങൾ. ഭർത്താവ് മെഹനാസും നിരവധി സംഗീത ആൽബം ചെയ്തിട്ടുണ്ട്. മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പുവരെ റിഫ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രി ബുർജ് ഖലീഫയിൽ എത്തിയതിന്റെ വിഡിയോ റിഫ ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.