- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമോ? റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും; റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; മെഹ്നാസിന് എതിരെ തങ്ങളുടെ പക്കൽ തെളിവെന്ന് പിതാവ്
കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യൂട്ഊബർ റിഫ മെഹ്നുവിന്റെ പോസ്റ്റ് മോർട്ടം ഇന്ന്. രാവിലെ പത്ത് മണിയോടെയാകും റിഫയുട പോസ്റ്റുമോർട്ടം നടക്കുക. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈ.എസ്‌പി ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇൻക്വസ്റ്റ് നടത്തും.
ഫോറൻസിക് മേധാവി ഡോ. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ് മോർട്ടം നടത്തുക. പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് റിഫയെ ഖബറടക്കിയത്. മാർച്ച് ഒന്നിന് രാത്രിയായിരുന്നു ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദുബൈയിൽവെച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.
ഖബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസിൽ നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് അറിയിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭർത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കൽ തെളിവുണ്ട്. ഭർത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തിൽ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിൽ മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. യൂട്യൂബിലെ ലൈക്കിന്റെയും സബ്ക്രിബ്ഷന്റെയും പേരിൽ മെഹ്‌നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.
റിഫ മെഹ്നൂസ് എന്ന പേരിലാണ് റിഫ വ്ളോഗിങ് ചെയ്തിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ, ട്രാവലിങ് എന്നിവയായിരുന്നു റിഫയുടെ വിഷയങ്ങൽ. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് പോലും സമൂഹമാധ്യമങ്ങളിൽ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
രണ്ട് മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങൾ റിഫയുടെ മനസ്സിലുണ്ടായിരുന്നു. ബന്ധുവീട്ടിൽ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു.
ദുബൈയിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ