- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാളിന് ശേഷം യാത്ര പോയ മെഹ്നാസ് ആ വഴി മുങ്ങി; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറൽ; റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതോടെ കൊലപാതകം സംശയിച്ച് വീട്ടുകാർ; വ്ളോഗറുടെ മരണത്തിൽ ഭർത്താവിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: ദുബായിൽ, മലയാളി വ്‌ളോഗർ റിഫ മെഹ്‌നു ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നോട്ടീസ് നൽകിയതോടെ ഭർത്താവ് മെഹ്നാസ് മുങ്ങി. ഇയാൾക്കായി ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസിനു നോട്ടീസ് നൽകിയിരുന്നു. മെഹ്നാസിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
നിയമം പാലിക്കണമെന്നും ഹാജരായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മെഹ്നാസ് ഇത് വരെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. റിഫയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മെഹ്നാസിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിനായി കേസന്വേഷണം ദുബായിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്തുള്ള പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
കാസർകോട്ടുള്ള മെഹ്നാസിന്റെ വീട്ടിലെത്തി, കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും മെഹ്നാസിനെ കണ്ടത്താനായില്ല. വ്യാഴാഴ്ചക്കകം കോഴിക്കോട്ടെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസിന് സമയം നൽകിയിരുന്നു. എന്നാൽ പെരുന്നാളിന് ശേഷം യാത്ര പോയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന മറുപടിയാണ് മാതാപിതാക്കൾ നൽകിയത്.
മെഹ്നാസ് സഹകരിക്കാത്തതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസുൾപ്പെടെയുള്ള കടുത്ത നടപടികളേക്ക് കടക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. മെഹ്നാസ് രാജ്യം വിട്ടില്ലെങ്കിലും സംസ്ഥാനാതിർത്തി കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുൻകൂർ ജാമ്യത്തിന് മെഹ്നാസ് ശ്രമിക്കുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും കിട്ടിയ ശേഷം തുടർനടപടികളെടുത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ളാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. മെഹ്നാസിന്റെ അസ്വാഭാവിക പെരുമാറ്റം കൂടി ശ്രദ്ധയിൽ പെട്ടതോടെയാണ് റിഫയുടെ വീട്ടുകാർ പരാതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ