കോഴിക്കോട്: യുട്യൂബറും വ്‌ളോഗറുമായി റിഫ മെഹനുവിന്റെ മരണത്തിലെ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. തലേ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിരുന്ന റിഫയുടെ അപ്രതീക്ഷിത ആത്മഹത്യയുടെ കാരണം ആർക്കും അറിയില്ല. റിഫയുടെ മരണകാരണം പുറത്തു കൊണ്ടു വരാൻ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു ദുബായിൽ പരാതി നൽകുമെന്ന് ബന്ധുവായ കമാൽ പറഞ്ഞു. ഭർത്താവ് മെഹനാസിനെ സംശയ നിഴലിൽ നിർത്തുകയാണ് റിഫയുടെ കുടുംബം.

റിഫയും ഭർത്താവ് മെഹനാസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന സൂചനകളാണു ബന്ധുക്കൾ നൽകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ പകിട്ടോടെയാണു റിഫയും മെഹനാസും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെ അല്ലായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭർത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല.

ജോലി കണ്ടെത്താനാണ് ഇരുവരും 3 മാസം മുൻപ് സന്ദർശക വിസയിലെത്തിയത്. ഇതിനിടയിൽ റിഫയ്ക്ക് പർദ കടയിൽ ജോലി ശരിയായി. മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടർന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സംസാരമുണ്ടായി. വീഡിയോകളിൽ വലിയ ഐക്യമുണ്ടായിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെയല്ലെന്നാണാണ് പുറത്തു വരുന്ന വിവരം. മെഹനാസിന്റെ ബന്ധുക്കൾ രാവിലെ കബറടക്ക ചടങ്ങിനെത്തിയിരുന്നെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്ന് മെഹനാസും കുടുംബവും കാസർകോട്ടേക്കു മടങ്ങി. റിഫയുടെ മാതാപിതാക്കൾക്കൊപ്പമാണ് രണ്ട് വയസ് തികഞ്ഞിട്ടില്ലാത്ത കുഞ്ഞ് ഇപ്പോഴുള്ളത്.

റിഫയ്ക്കു സോഷ്യൽ മീഡിയ പ്രമോഷനൽ വിഡിയോകൾ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നാണ് ആരോപണം. ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. റിഫയുടെ ഫോൺ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നാണു വിവരം. തലേദിവസം റിഫ വീട്ടിലേക്കു ഫോൺ ചെയ്തത് കടയിൽ നിന്നുള്ള ഫോണിലാണ്. റിഫയെ വിളിക്കണമെങ്കിൽ മെഹനാസിന്റെ ഫോണിൽ വിളിക്കണമായിരുന്നു.

റിഫ ജോലിയുമായി ബന്ധപ്പെട്ട് രാത്രി വിരുന്നിനു പോയിരുന്നു. തിരിച്ചെത്താൻ വൈകുമെന്നു ഭർത്താവിനെ അറിയിച്ചിരുന്നു. പിന്നീട് കൂട്ടുകാർക്കൊപ്പം പുറത്തു പോയ ഭർത്താവ് മെഹനാസ് തിരിച്ചെത്തുമ്പോഴാണ് റിഫ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദർശക വീസ തീർന്ന മെഹനാസ് റിഫയെയും നാട്ടിലേക്കു തിരിച്ചു വരാൻ നിർബന്ധിച്ചതിന്റെ മാനസിക സമ്മർദം ആത്മഹത്യയായോ എന്നതാണ് ഉയരുന്ന സംശയം. ഈ സാഹചര്യത്തിലാണ് ദുബായിൽ പരാതി നൽകുന്നത്. മരണ ശേഷം മെഹനാസ് ഇതു വിവരിക്കുന്നതു വിഡിയോ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇടപെട്ടു വിഡിയോ ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴിയാണ് റിഫയും കാസർകോട് നീലശ്വരം സ്വദേശിയായ മെഹനാസും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. എന്നാൽ ബന്ധുക്കളിൽ പലർക്കും അന്നേ വിവാഹത്തിന് എതിർപ്പായിരുന്നെന്നു. മാസം മുൻപാണ് ഇരുവരും സന്ദർശക വീസയിൽ ദുബായിലെത്തിയത്. ഇടയ്ക്ക് കുഞ്ഞിനെ നാട്ടിലാക്കാൻ റിഫ തനിച്ചു വന്നു. കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ചു തിരിച്ചു പോയി. മരണത്തിന്റെ തലേദിവസം മകനെയും മാതാപിതാക്കളെയും വിളിച്ചു സംസാരിച്ചതിനു ശേഷമാണ് റിഫ ആത്മഹത്യചെയ്തത്.

ഒരു മാസം മുൻപാണ് റിഫ ദുബായിലേക്കു തിരിച്ചു പോയത്. നല്ല രീതിയിലാണു കാര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. എന്താണു മരിക്കാൻ കാരണമെന്നുള്ളതു പുറത്തു വരണം. വിവാഹമൊക്കെ നല്ല രീതിയിൽ തന്നെയാണ്. ഇവിടെ അന്വേഷിച്ചിട്ടു കാര്യമില്ലെന്നു പൊലീസ് പറഞ്ഞു. കെഎംസിസിയുമായി ബന്ധപ്പെട്ട് ദുബായിൽ പരാതി നൽകാനാണ് തീരുമാനമെന്ന് കമാൽ പറഞ്ഞു.

റിഫയുടെ കബറടക്കത്തിന്റെയോ മൃതദേഹത്തിന്റെയോ ചിത്രങ്ങളോ വിഡിയോയോ പകർത്താൻ ബന്ധുക്കൾ ആരെയും അനുവദിച്ചിരുന്നില്ല. എന്നാൽ ചിലർ ബട്ടൺ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കിയിരുന്നു.