- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാന്തപുരം ഇടപെട്ട് എല്ലാം പറഞ്ഞുതീർത്തെങ്കിലും ഐഎൻഎല്ലിൽ വെടിനിർത്തൽ ഇല്ല; തീരുമാനങ്ങൾ കാസിം ഇരിക്കൂർ പക്ഷം അട്ടിമറിച്ചെന്ന് വഹാബ് പക്ഷം; വിവാദമായത് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്വന്തം നിലയിൽ മെമ്പർഷിപ്പ് ചേർതതത്; പരിപാടി ഐ എൻ എൽ വിമതന്റെ വീട്ടിൽ
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് ഐ എൻ എൽ നേതൃത്വം അവകാശപ്പെടുമ്പോഴും പുതിയ പ്രശ്നങ്ങൾ പാർട്ടിയിൽ ഉടലെടുക്കുന്നു. മധ്യസ്ഥ ചർച്ചയിലെ തീരുമാനങ്ങൾ കാസിം ഇരിക്കൂർ വിഭാഗം ബോധപൂർവ്വം അട്ടിമറിക്കുന്നുവെന്നാണ് എ പി അബ്ദുൾ വഹാബ് വിഭാഗത്തിന്റെ ആരോപണം.
പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പെയിന് പത്തംഗ സമിതിയെ നിശ്ചയിച്ചിരുന്നു. എന്നാൽ തീരുമാനം പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോൾ തന്നെ കാസിം വിഭാഗം ഈ തീരുമാനം അട്ടിമറിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. വഹാബ് വിഭാഗത്തെ അറിയിക്കാതെ മന്ത്രി അഹമ്മദ് ദേവർകോവിൽ നേരിട്ടെത്തിയാണ് പുതിയ മെമ്പർമാരെ ചേർത്തത്. ഇതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം.
പ്രാദേശിക ഐ എൻ എൽ, എൽ ഡി എഫ് നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് മഞ്ചേരിയിൽ 2003 ൽ എൽ ഡി എഫ് ഭരണം അട്ടിമറിച്ച് ചെയർമാനായ ഐ എൻ എൽ വിമതൻ കുറ്റിക്കാടൻ കുഞ്ഞി മുഹമ്മദിന്റെ വീട്ടിൽ വച്ചായിരുന്നു മന്ത്രിയുടെ മെമ്പർഷിപ്പ് വിതരണം. മലപ്പുറം മണ്ഡലത്തിലെ ഉനൈസ് തങ്ങൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ ഒരു കൊല്ലത്തേക്ക് പാർട്ടി പുറത്താക്കിയ ചേപ്പൂർ അസീസും പങ്കെടുത്തിരുന്നു.
മഞ്ചേരി നഗരസഭയിലെ പട്ടർകുളത്തെ കുടക്കല്ല് സന്ദർശനം എന്ന പേരിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയും വിമർശിക്കപ്പെടുന്നുണ്ട്. 2003 മഞ്ചേരി നഗരസഭയില ഐഎൻഎൽ - എൽ ഡി എഫ് ഭരണം കാലുമാറ്റത്തിലൂടെ അട്ടിമറിച്ച് ലീഗിന് ഭരണം നേടിക്കൊടുക്കാൻ അഹോരാത്രം പണിയെടുത്ത അന്നത്തെ ജില്ലാ പ്രസിഡന്റായ സാലാം കുരിക്കൾ, മുസ്ലിംലീഗ് ആറു വർഷത്തേക്ക് പുറത്താക്കിയ വല്ലാഞ്ചിറ നാസർ എന്നിവരാണ് മന്ത്രിയെ അനുഗമിച്ചത്. മഞ്ചേരി നഗരസഭയിലെ എൽഡിഎഫ് ഭരണം അട്ടിമറിച്ച കൗൺസിലറുടെ വീട്ടിലായിരുന്നു മന്ത്രിയുടെ ആദ്യ സന്ദർശനമെന്നും വഹാബ് വിഭാഗം ആരോപിക്കുന്നു.
ഐ എൻ എൽ മണ്ഡലം കമ്മിറ്റിയെയും എൽ ഡി എഫ് മഞ്ചേരി കമ്മറ്റിയെ അറിയിക്കാതെ യുള്ള മന്ത്രിയുടെ കുടക്കല്ല് സന്ദർശനത്തിൽ നിന്നും എൻഡിഎഫ്-ഐഎൻ എൽ നേതാക്കളും പ്രവർത്തകരും വിട്ടു നിന്നു. പരിപാടി മന്ത്രിക്ക് സൗകര്യമുള്ള മറ്റൊരു ദിവസമാക്കണമെന്ന് ഐ എൻ എൽ മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനയും മന്ത്രി നിരസിക്കുകയാണ് ചെയ്തത്. മന്ത്രിയുടെ തീരുമാനത്തിൽ ഐ എൻ എൽ മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
കാന്തപുരത്തിന്റെ മധ്യസ്ഥതയിൽ ചേർന്ന സമവായ ചർച്ചയിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. അതിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു കാസിം വിഭാഗം ഏകപക്ഷീയമായി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിൻ. ഇത് നിർത്തിവെക്കാനും റദ്ദാക്കാനും യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ മഞ്ചേരിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പരിപാടിയിൽ പങ്കെടുത്തു മെമ്പർഷിപ്പ് വിതരണം നടത്തുന്നത് സമവായ തീരുമാനങ്ങളുടെ ലംഘനമാണെന്ന് വഹാബ് വിഭാഗം വ്യക്തമാക്കുന്നു.
മന്ത്രി നടത്തുന്ന സ്വകാര്യ സന്ദർശനങ്ങളും പൊതുപരിപാടികളും ഐ എൻ എൽ- എൽ ഡി എഫ് നേതൃത്വങ്ങളെ അറിയിക്കാത്ത പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ. കാന്തപുരത്തിന്റെ മധ്യസ്ഥതയിലാണ് ഇന്നലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് നേതാക്കൾ അവകാശപ്പെട്ടത്. മധ്യസ്ഥ ചർച്ചയിലെ തീരുമാന പ്രകാരം ദേശീയ ദേശീയ നേതൃത്വം പുറത്താക്കിയ എ പി അബ്ദുൽ വഹാബ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരും.
ജൂലൈ 25 ന് ശേഷം പുറത്താക്കിയ നേതാക്കളേയും പ്രവർത്തകരേയും തിരിച്ചെടുത്തിട്ടുണ്ട്. പ്രശ്നങ്ങൾ തീർന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും എ പി അബ്ദുൽ വഹാബും മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചയിലെ പ്രധാന തീരുമാനങ്ങളിലൊന്നായ മെമ്പർഷിപ്പ് ക്യാമ്പയിന് പത്തംഗ സമിതിയെ നിശ്ചയിച്ച തീരുമാനം അട്ടിമറിച്ചതോടെ പ്രശ്നങ്ങൾ വീണ്ടും ഉടലെടുക്കുകയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.