പോത്തൻകോട്: ന്യൂജൻ കാലമാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. കാര്യത്തോടുക്കുമ്പോൾ പലരും പഴഞ്ചരാണ്. ന്യൂജൻ വേഷമൊക്കെ ധരിച്ചുവരുമ്പോൾ നാട്ടുകാർ കരുതും മോഡേണാണെന്ന്. വിവാഹത്തിന്റൈ പ്രത്യേകിച്ച് സ്ത്രീധനത്തിന്റെ കാര്യമൊക്കെ വരുമ്പോൾ ന്യൂജെൻ എല്ലാം ആർക്കുവേണം? സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതൊക്കെ പറയാൻ കൊള്ളാം. ജീവിച്ചുപോകണ്ടേ? കല്യാണം കഴിയുമ്പോൾ നല്ല പുതുപുത്തൻ കാറിൽ സവാരി പോകേണ്ടേ? ഇതൊക്കെ തരേണ്ട കടമ വധുവിന്റെ വീട്ടുകാർക്ക് ആണെന്ന് മാത്രം.

ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. തലസ്ഥാനനഗരിയിൽ ഇതിന് ചില ചിട്ടവട്ടങ്ങളൊക്കെ പണ്ടേയുണ്ട്. കല്യാണം കഴിയുമ്പോഴേക്കും സമ്മാനങ്ങൾ നൽകി പെൺവീട്ടുകാർ കുത്തുപാളയെടുക്കും. പോത്തൻകോട് നടന്ന സംഭവവും വ്യത്യസ്തമല്ല.
സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാർ ലഭിക്കാഞ്ഞതിനെ തുടർന്ന് വരന്റേയും വധുവിന്റേയും ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ അടി. ഒടുവിൽ വധുവിന്റെ വീട്ടുകാർ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. പോത്തൻകോട് കൊയ്ത്തൂർക്കോണം സുജ നിലയത്തിൽ ബാഹുലേയന്റെ മകനും ഐആർപിഎഫിൽ ഡ്രൈവറുമായ പ്രണവും കൊല്ലം പരവൂർ കുറമണ്ഡൽ പുത്തൻപുരയിൽ ചന്ദ്രബാബുവിന്റെ മകളുമായ നീന ചന്ദ്രനും തമ്മിലുള്ള വിവാഹം ഇന്നലെ പരവൂരിൽ വച്ചാണ് നടന്നത്.

വിവാഹം കഴിഞ്ഞ് എത്തിയ വധുവിനോട് സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാർ എവിടെയെന്ന് വരന്റെ വീട്ടുകാർ ചോദിച്ചു.വരന്റെ വീട്ടിൽ കാറിടാൻ സൗകര്യമില്ലാത്തതിനാൽ തന്റെ വീട്ടിലുണ്ടെന്ന് പെൺകുട്ടി മറുപടി പറഞ്ഞു.അപ്പോൾ കാറിന്റെ താക്കോൽ വേണമെന്നായി വീട്ടുകാർ.വധുവിന്റെ വീട്ടുകാർ സത്കാരത്തിന് വീട്ടിലെത്തിയപ്പോൾ, ഇക്കാര്യമറിഞ്ഞ് തർക്കമുണ്ടാവുകയായിരുന്നു.

ധുവിന്റെ വീട്ടുകാർ ഇന്നലെ വൈകിട്ടാണ് മറുവീട് കാണൽ ചടങ്ങിന് എത്തിയത്.. എന്നാൽ സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാർ കൊണ്ടു വരാഞ്ഞതിനെ ചൊല്ലി വരന്റെ പിതാവും സഹോദരനും വധുവിന്റെ വീട്ടുകാരുമായി തർക്കമായി. തുടർന്ന് തർക്കം മൂത്തതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും പോത്തൻകോട് പൊലീസെത്തി ഇരുവീട്ടുകാരെയും ശാന്തരാക്കി.

തുടർന്ന് വധുവിന്റെ വീട്ടുകാർ പെൺകുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നൽകുകയും പെൺകുട്ടിയുമായി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. വരന്റെയും പിതാവിന്റെയും സഹോദരന്റെയും പേരിൽ കേസെടുത്ത പൊലീസ് വരനെ അറസ്റ്റ് ചെയ്തു.