തിരുവനന്തപുരം: മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എംഎൽഎമാർ, ഐഎഎസ്/ഐപിസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരിലുള്ള വിജിലൻസ് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തു നൽകുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ വിജ്ഞാപനത്തിനെതിരെ വ്യാപക പ്രതിഷേധം. വിജിലൻസ് ഡയറക്ടർ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷൻ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഈ കേസുകളിന്മേൽ ലോകായുക്ത തുടങ്ങിയ ഏജൻസികൾക്കോ സിബിഐക്കോ വിജിലൻസ് നൽകുന്ന രേഖകളുടെ വിശദാംശങ്ങളോ അതിന്റെ പകർപ്പുകളോ ഇനി ലഭ്യമാകില്ല.

മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഐ.എ.എസ്സുകാർ തുടങ്ങിയവരെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ മറുപടി ലഭിക്കില്ല. രഹസ്യവിഭാഗത്തിലേക്ക് വിജിലൻസിനെ മാറ്റിക്കൊണ്ട് സർക്കാർ വിജ്ഞാപനം അതീവ രഹസ്യമായി പുറത്തിറക്കി. മുൻ എംഎ‍ൽഎമാരെക്കുറിച്ചുള്ള വിവരങ്ങളും രഹസ്യവിഭാഗത്തിലേക്ക് മാറ്റി. രാഷ് ട്രീയക്കാരെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണ വിവരങ്ങളോ രേഖകളോ ഇനി മുതൽ പൊതുജനത്തിന് ലഭിക്കില്ല. അഴിമതികളുമായി ബന്ധപ്പെട്ട ചർച്ചകൾ മാദ്ധ്യങ്ങളിൽ നടക്കുന്ന സാഹചര്യം ഒഴിവാക്കാനാണിതെന്നാണ് ആക്ഷേപം.

വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മുൻ എംഎൽഎമാർ എന്നിവരുടെ പേരിലുള്ള അഴിമതി കേസുകളുടെ വിവരങ്ങളും പുതിയ നിയമമനുസരിച്ച് ഇനി ലഭിക്കില്ല. ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അഴിമതിക്കേസുകൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിച്ചിരുന്ന സാഹചര്യം ഇതോടെ പൂർണമായും ഇല്ലാതാകുകയാണ്. വിവാരവകാശ പ്രകാരമുള്ള വിവരങ്ങൾ ചോരുന്നത് പലപ്പോഴും സർക്കാരുകൾക്ക് തലവേദനയായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഉമ്മൻ ചാണ്ടി സർക്കാർ ഇത്തരമൊരു വിജ്ഞാപനം ഉറക്കിയതെന്നാണ് ആക്ഷേപം. ഫലത്തിൽ മാദ്ധ്യമ സെൻസർഷിപ്പിലേക്കാണ് ഈ വിജ്ഞാപനം കാര്യങ്ങളെത്തിക്കുക. അഴിമതി കേസുകളിലെ ചർച്ചകളും തെളിവുകളും പുറത്തുവരുന്നതിലെ അലോസരം തന്നെയാണ് ഈ ഉത്തരവിന് കാരണം.

എന്നാൽ ഈ വിജ്ഞാപനത്തെ കുറിച്ച് മുഖ്യ വിവരാവകാശകമ്മീഷണർ സിബി മാത്യുവിനും ഔദ്യോഗികമായ അറിയിപ്പൊന്നുമില്ല. സർക്കാരിന്റെ എല്ലാ ഉത്തരവും കമ്മീഷനെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഒരു വ്യക്തിക്ക് വിവരാവകാശ നിയമ പ്രകാരം വിവരങൾ ലഭിക്കാത്ത പക്ഷം മാത്രമേ അവർ കമ്മീഷനെ സമീപിക്കാറുള്ളുവെന്നും അത്തരം സാഹചര്യങളിൽ മാത്രമേ അതിന്റെ നിയമ വശത്തേയും പ്രായോഗികതേയും കുറിച്ച് സാധാരണ ഗതിയിൽ അന്വേഷിക്കാറുള്ളു എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത്തരം അന്വേഷണങ്ങൾ, അവയുടെ പകർപ്പുകൾ എന്നിവ രഹസ്യ സ്വഭാവമുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല എന്ന ഗവർണറുടെ ഉത്തരവ് നിലനിൽക്കുമ്പോൾ ഇതിൽ ഭേദഗതി വരുത്താനാകില്ലെന്ന് വിവരാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ മറുനാടനോട് പറഞ്ഞു. ഇത്തരം കേസുകളിൽ അപ്പീൽ ലഭിച്ചാൽ മാത്രമേ തങ്ങൾക്ക് ഇടപെടാനാകുവെന്നും ഗവർണറുടെ ഉത്തരവിനെ നിഷേധിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെങ്കിൽ അപ്പീൽ ലഭിക്കുന്ന മുറയ്ക്ക് നിയമവശങളെകുറിച്ച് പഠിക്കുമെന്നും സിബി മാത്യൂസും വിശദീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിലെ അവ്യക്തതയാണ് ഇവിടെ നിറയുന്നത്.

ഇത്തരത്തിലൊരു ഉത്തരവ് നിലനിൽക്കില്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതുപോലുള്ള ഗൗരവകരമായ ചില കാര്യങ്ങൾ മാത്രമേ വിവരാവകാശനിയമ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുള്ളുവെന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാർ ഭേദഗതി വരുത്തുകയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് മറുനാടനോട് പ്രതികരിച്ചു. ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിവരാവകാശ പ്രവർത്തകൻ ഡി ബി ബിനുവും മറുനാടനോട് പറഞ്ഞു.

വിവരാവകാശം എന്ന സംവിധാനത്തെതന്നെ അട്ടിമറിക്കാനാണ് ഇത്തരം ഭേദഗതികൾ എന്ന ആക്ഷേപം ഇതിനോടകം സജീവമായിട്ടുണ്ട്. ആരെ സംരക്ഷിക്കാന് വേണ്ടിയാണ് സർക്കാർ ഇത്തരത്തിലൊരു വിജ്ഞാപനം ഇപ്പോൾ പുറത്തിറക്കിയത് എന്ന ചോദ്യം ജനങ്ങൾക്കിടയിലും ഇതിനോടകം ഉയർന്നു കഴിഞ്ഞു.