- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധത്തിന്റെ പേരിൽ പൊതുസ്ഥലം ദീർഘകാലം കയ്യടക്കുന്നത് അംഗീകരിക്കാനാകില്ല; ഷഹീൻബാഗ് സംഭവത്തിൽ പുനഃപരിശോധന ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: പ്രതിഷേധത്തിന്റെ പേരിൽ പൊതുസ്ഥലം ദീർഘകാലം കയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന ഹർജി തള്ളിയാണ് കോടതിയുടെ വിധി പ്രസ്താവം. പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിലെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ആക്ടിവിസ്റ്റുകളുടെ ഹർജി സുപ്രീം കോടതി തള്ളി. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോൾ പ്രതിഷേധങ്ങൾ പൊടുന്നനേ ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തിൽ പൊതുസ്ഥലങ്ങൾ തുടർച്ചയായി കയ്യടക്കരുത്- സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചു.
സമരങ്ങൾക്കു വേണ്ടി പൊതുസ്ഥസലങ്ങൾ കയ്യടക്കരുതെന്നും പൊതുജന പ്രതിഷേധം നിർദ്ദേശിക്കപ്പെട്ട മേഖലകളിൽ മാത്രമേ നടത്താവൂ എന്നും കോടതി വ്യക്തമാക്കി. 2020 ഒക്ടോബറിലാണ് ഷഹീൻബാഗ് സമരത്തിന് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഫെബ്രുവരി ഒമ്പതിന് ഹർജി പരിഗണിച്ചുവെങ്കിലും കോടതി ഉത്തരവ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ച അർധരാത്രിയോടെയാണ്.
പുനപ്പരിശോധനാ ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശം തന്നെയാണെന്നും എന്നാൽ ചില കടമകൾ കൂടി അതിനൊപ്പമുണ്ടെന്നും മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ആ ഉത്തരവ് പുനപ്പരിശോധിക്കുന്നതിനു കാരണം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനായി നിശ്ചിത ഇടങ്ങൾ വേണമെന്നും അതിനു പുറത്ത് സമരങ്ങൾ നടത്തുന്നവരെ പൊലീസ് നീക്കം ചെയ്യണമെന്നുമാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറപ്പെടവിച്ച വിധിയിൽ സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരെ പന്ത്രണ്ടു പുനപ്പരിശോധനാ ഹർജികളാണ് സമർപ്പിക്കപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ