സൗദി അറേബ്യ: സൗദിയിൽ താമസിക്കുമ്പോൾ ഏതെങ്കിലും വിധത്തിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ അപകടത്തിൽ മരിക്കുകയോ ചെയ്യുന്നവരുടെ അവകാശികൾക്ക് ലഭിക്കുന്ന ബ്ലഡ് മണി നിയമത്തിൽ കാതലായ മാറ്റം വരുത്താൻ സൗദി അധികൃതരുടെ തീരുമാനം. കൊല്ല പ്പെടുന്ന വിദേശികളുടെ കുടുംബം യഥാ സമയം കോടതിയെ സമീപിച്ചില്ലെകിൽ അവരുടെ നഷ്ട പരിഹാരത്തിനുള്ള അവകാശം സ്വയം വേണ്ടെന്നു വച്ചതായി കണക്കാക്കപ്പെടുന്ന രീതിയിലാണ് പുതിയ നിയമമാറ്റം വരുക. കോടതി നടപടികളിൽ സമയത്തിന് ഹാജരാകാതിരി ക്കുകയോ ചെയ്താലും അവരുടെ നഷ്ട പരിഹാര അവകാശം സ്വയം നഷ്ടപ്പെടും.

കൊല്ലപ്പെട്ട വിദേശികളുടെ അവകാശികളുടെ സാന്നിധ്യത്തിന് കാത്തു നിൽക്കാതെ നിശ്ചിത സമയത്തിന് ശേഷം പൊതു നിയമ പ്രകാരം കുറ്റവാളികളെ ശിക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം വിദേശകാര്യ മന്ത്രാലയം എന്നിവയുടെ കൂട്ടായ തീരുമാനം. ഈ സാഹചര്യത്തിൽ കൊല്ലപ്പട്ട വിദേശികളുടെ അവകാശികൾക്ക് സ്വകാര്യ അവകാശ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടും.

സൗദി നിയമ പ്രകാരം പൊതു നിയമ പ്രകാരം കുറ്റവാളിക്ക് ശിക്ഷ വിധിച്ചാലും ദിയ(ബ്ലഡ് മണി) എന്ന നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനുള്ള സ്വകാര്യ അവകാശമുണ്ട്. ദിയ ലഭിക്കുകയോ അല്ലെങ്കിൽ ദിയ കൊല്ലപ്പെട്ടയാളുടെ അവകാശികൾ വേണ്ടന്നു വെക്കുകയോ ചെയ്താൽ മാത്രമേ കുറ്റവാളിക്ക് ജയിൽ മോചനം സാധ്യമാകൂ. വാഹൻ അപകട കേസുകളിലും ദിയ നൽകേണ്ടതുണ്ട്. ക്രിമിനൽ നടപടി നിയമം വകുപ്പ് 17 പ്രകാരം സ്വകാര്യ അവകാശം നടപ്പിലായി കിട്ടാനുള്ള നിയമ നടപടികൾ ആരംഭിക്കേണ്ടതുകൊല്ലപ്പെട്ടയാളുടെ അവകാശികളാണ്. അപ്രകാരമല്ലാതെ സ്വകാര്യ അവകാശം ഉൾപ്പെടുന്ന കേസുകളിൽ നടപടിക്രമങ്ങൾ തുടങ്ങരുതെന്ന് വകുപ്പ് 18 ഉം അനുശാസിക്കുന്നു.

സൗദിയിൽ വച്ച് കൊല്ലപ്പെടുന്ന വിദേശികളുടെ അവകാശികൾക്ക് അവരുടെ സ്വന്തം രാജ്യത്ത് നിന്ന് കൊണ്ടോ അല്ലെങ്കിൽ സൗദിയിൽ അധികാര പത്രം നൽകി അഭിഭാഷകനെ ഏർപ്പാടാക്കി കൊണ്ടോ നഷ്ട പരിഹാരത്തിനുള്ള അവകാശം ഉന്നയിക്കാനുള്ള അവസരം ലഭിക്കും.കൊല്ലപ്പെട്ട വിദേശികളുടെ കുടുംബാംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത്
വിദേശികൾ ഉൾപ്പെടുന്ന കൊലപാതക കേസുകളുടെ കുറ്റപത്രം ബ്യൂറോ ഓഫ് പബ്ലിക് ഇൻവെസ്റ്റിഗെഷനിൽ നിന്ന് ലഭിച്ചതിന് മൂന്നു മാസത്തിനുള്ളിൽ തന്നെ നടപടികൾ ആരംഭിക്കാൻ കോടതികൾക്ക് നിർദ്ദേശം നൽകാനും മൂന്നു മന്ത്രാലയങ്ങളും യോജിച്ച
തീരുമാനം എടുത്തിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ കൊല്ലപ്പെട്ട വിദേശിയുടെ രാജ്യത്തെ നയതന്ത്ര കാര്യാലയം വഴി വിചാരണ തിയ്യതിയും മറ്റു വിവരങ്ങളും വിദേശ കാര്യ മന്ത്രാലയം അറിയിക്കും.

അറിയിപ്പ് ലഭിച്ചതിനു ശേഷം കോടതിയുടെ വിചാരണ നടപടികളിൽ പങ്കെടുക്കുന്നതിനു കൊല്ലപ്പെട്ടയാളുടെ അവകാശികൾ നേരിട്ട് എത്തുകയോ അല്ലെങ്കിൽ അവരെ പ്രതിനിധീകരിക്കാനായി അഭിഭാഷകനെ ഏർപ്പാടാക്കുകയോ ചെയ്യണം. അത്തരത്തിൽ കോടതി നടപടികളിൽ പ്രതിനിധീകരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സ്വകാര്യ നഷ്ട
പരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ കോടതി പൊതു നിയമ പ്രകാരം കുറ്റവാളിയെ ശിക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും.