- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിന്റെ യഥാർത്ഥ ചരിത്രവും പ്രശ്നവും നിങ്ങൾക്കറിയാമോ? കാശ്മീരി ജനതയുടെ അവകാശ നിഷേധങ്ങളുടെ നീണ്ട ചരിത്രം ബി ആർ പി ഭാസ്കർ എഴുതുന്നു...
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രദേശമാണ് കശ്മീർ. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ് എന്ന് കശ്മീർ കണ്ടപ്പോൾ ഒരു മുഗൾ ചക്രവർത്തി പറഞ്ഞത്രെ. കശ്മീരികളും അങ്ങനെ വിശ്വസിക്കുന്നവരാണ്. എന്നാൽ ചരിത്രവും ഭൂമിശാസ്ത്രവും അവരോട് കരുണ കാട്ടിയിട്ടില്ല. പല രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങൾ അപ്പുറത്തൊ ഇപ്പുറത്തൊ ആകാവുന്നവയാണ്. അവിടെ അപ്പുറത്താകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. അവരിൽ ചിലർ അതിനായി പരിശ്രമിക്കുന്നുമുണ്ടാകാം. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അവരുടെ ആഗ്രഹം സഫലമായെന്നിരിക്കും. സോവിയറ്റ് യൂണിയനിലായിരുന്നപ്പോൾ യൂക്രെയിന്റെ ഭാഗമായിരുന്ന ക്രിമിയയിലെ സമീപകാല സംഭവങ്ങൾ ഇതിനുദാഹരണമാണ്. റഷ്യയുടെ സഹായമാണ് യൂക്രെയിനിൽ നിന്നു വേർപെടാൻ ക്രിമിയയെ സഹായിച്ചത്. കശ്മീരിന്റെ ചരിത്ര പശ്ചാത്തലം മനസിലാക്കാതെ അതിന്റെ ഇന്നത്തെ അവസ്ഥ പൂർണ്ണമായി ഗ്രഹിക്കാനാവില്ല. രണ്ടാം നൂറ്റാണ്ടിൽ മഹാപണ്ഡിതന്മാർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കുന്ന പ്രശസ്ത ബുദ്ധമത കേന്ദ്രമായിരുന്നു അത്. ബുദ്ധമതം ക്ഷയിച്ച ശേഷം
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രദേശമാണ് കശ്മീർ. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ് എന്ന് കശ്മീർ കണ്ടപ്പോൾ ഒരു മുഗൾ ചക്രവർത്തി പറഞ്ഞത്രെ. കശ്മീരികളും അങ്ങനെ വിശ്വസിക്കുന്നവരാണ്. എന്നാൽ ചരിത്രവും ഭൂമിശാസ്ത്രവും അവരോട് കരുണ കാട്ടിയിട്ടില്ല. പല രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങൾ അപ്പുറത്തൊ ഇപ്പുറത്തൊ ആകാവുന്നവയാണ്. അവിടെ അപ്പുറത്താകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. അവരിൽ ചിലർ അതിനായി പരിശ്രമിക്കുന്നുമുണ്ടാകാം. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അവരുടെ ആഗ്രഹം സഫലമായെന്നിരിക്കും. സോവിയറ്റ് യൂണിയനിലായിരുന്നപ്പോൾ യൂക്രെയിന്റെ ഭാഗമായിരുന്ന ക്രിമിയയിലെ സമീപകാല സംഭവങ്ങൾ ഇതിനുദാഹരണമാണ്. റഷ്യയുടെ സഹായമാണ് യൂക്രെയിനിൽ നിന്നു വേർപെടാൻ ക്രിമിയയെ സഹായിച്ചത്.
കശ്മീരിന്റെ ചരിത്ര പശ്ചാത്തലം മനസിലാക്കാതെ അതിന്റെ ഇന്നത്തെ അവസ്ഥ പൂർണ്ണമായി ഗ്രഹിക്കാനാവില്ല. രണ്ടാം നൂറ്റാണ്ടിൽ മഹാപണ്ഡിതന്മാർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കുന്ന പ്രശസ്ത ബുദ്ധമത കേന്ദ്രമായിരുന്നു അത്. ബുദ്ധമതം ക്ഷയിച്ച ശേഷം വൈദികാധിപത്യം സ്ഥാപിച്ച ശങ്കരാചാര്യർ ഭാരതപര്യടനത്തിനിടയിൽ കശ്മീരിലുമെത്തിയെന്നും അവിടത്തെ പണ്ഡിതന്മാരെ വാദത്തിൽ തോല്പിച്ച് ജ്ഞാനപീഠം കയറിയെന്നും പറയപ്പെടുന്നു. ശ്രീനഗർ നഗരത്തിൽ ശങ്കരാചാര്യരുടെ പേരിൽ അറിയപ്പെടുന്ന ഒരു കുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകൾ എന്ന ബ്രാഹ്മണവിഭാഗത്തിന്റെ ഐതിഹ്യത്തിൽ ശങ്കരാചാര്യരെ അവർ തോൽപ്പിക്കുകയായിരുന്നു. എല്ലാ കഥകളും അവയുടെ സ്രഷ്ടാക്കളുടെ മഹിമ വിളംബരം ചെയ്യുന്നവയാകുമല്ലൊ. പിൽക്കാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്നു വന്നവർ കശ്മീർ കൈയടക്കി. അടിച്ചമർത്തലിന്റെ കാലമായിരുന്നു അത്. കശ്മീരികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ നടത്തുന്ന കുശലാന്വേഷണങ്ങളിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഒന്നൊന്നായെടുത്തു പറഞ്ഞ് ഓരോരുത്തർക്കും സുഖം തന്നെയല്ലേയെന്ന് ചോദിക്കാറുണ്ട്. ധാരാളം പേർ അപ്രത്യക്ഷമായ വിദേശാധിപത്യ കാലത്ത് ആരംഭിച്ച അന്വേഷണരീതിയുടെ തുടർച്ചയാണിതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് വലിയതോതിൽ മതപരിവർത്തനവും നടന്നു. ധാരാളം പണ്ഡിറ്റുകൾ പലായനം ചെയ്തു. ഇരുപതിൽപരം പണ്ഡിറ്റ് കുടുംബങ്ങൾ മാത്രമാണത്രെ അന്നവശേഷിച്ചത്. ഒരു പിൽക്കാല ഭരണാധികാരി പണ്ഡിറ്റുകൾക്ക് സുരക്ഷ വാഗ്ദാനം ചെയ്യുകയും മഹാരാഷ്ട്ര വരെ ആളെ അയച്ചു ഓടിപ്പോയ പണ്ഡിറ്റുകളെ മടക്കിക്കൊണ്ടു വരുകയും ചെയ്‌തെന്ന് ചരിത്രം..
പഞ്ചാബിലെ മഹാരാജ രഞ്ജിത്ത് സിങിനു അഫ്ഗാനികളെ തോല്പിക്കാനാകുമെന്ന് കണക്കു കൂട്ടിയ പണ്ഡിറ്റ് പ്രമാണികൾ അദ്ദേഹത്തെ സമീപിക്കുകയും കശ്മീർ പിടിച്ചടക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ കശ്മീർ സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായി. സിഖ് സേനയെ തോല്പിച്ച ബ്രിട്ടീഷുകാർ അവരുടെ സാമ്രാജ്യം ഏറ്റെടുക്കാൻ ആഗ്രഹിച്ചില്ല. യുദ്ധനഷ്ടപരിഹാരമായി 75 ലക്ഷം രൂപ നൽകിയാൽ മുഴുവൻ സ്ഥലവും വിട്ടുകൊടുക്കാമെന്ന് അവർ പറഞ്ഞു. ഖജനാവ് കാലിയായതുകൊണ്ട് പഞ്ചാബിനു പണം നൽകാനായില്ല. ആ ഘട്ടത്തിൽ പഞ്ചാബ് സേനയുടെ ജമ്മു, കശ്മീർ പ്രദേശത്തെ ചുമതലക്കാരനായിരുന്ന ഗുലാബ് സിങ് എന്ന ദോഗ്രാ സൈന്യാധിപൻ ബ്രിട്ടീഷുകാരെ സമീപിച്ച് തന്നെ അവിടത്തെ രാജാവായി അംഗീകരിച്ചാൽ ആവശ്യപ്പെട്ട പണം നൽകാമെന്ന് അറിയിച്ചു. അവർ പണം വാങ്ങി ഗുലാബ് സിങ്ങിനെ മഹാരാജാവാക്കി. ഇന്ത്യ സ്വതന്ത്ര രാജ്യമാകുമ്പോൾ ജമ്മു കശ്മീർ എന്ന നാട്ടുരാജ്യം നിലവിൽ വന്നിട്ട് 100 കൊല്ലം തികഞ്ഞിരുന്നില്ല. ദോഗ്രാ ഭരണത്തിൽ പണ്ഡിറ്റുകൾ നിർണ്ണായകശക്തിയായിരുന്നു. മഹാരാജാവ് ഏക ട്രസ്റ്റിയായുള്ള ധർമ്മാർത്ഥ് ട്രസ്റ്റ് അമ്പലങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചു. ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് ഭരണസംവിധാനത്തിൽ കാര്യമായ പങ്കുണ്ടായിരുന്നില്ല. അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് എം.എസ്സി ബിരുദം നേടി തിരിച്ചെത്തിയ ഷേഖ് മുഹമ്മദ് അബ്ദുള്ള ഈ അനീതിക്കെതിരെ ശബ്ദമുയർത്തി. അദ്ദേഹം 1931ൽ രൂപീകരിച്ച ജമ്മു കശ്മീർ മുസ്ലിം കോൺഫറൻസ് മുസ്ലിം യുവാക്കളെ ആകർഷിച്ചു. അദ്ദേഹം 'കശ്മീർ സിംഹം' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഷേഖ് അബ്ദുള്ള 1934ൽ സംഘടനയുടെ പേർ ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് എന്ന് മാറ്റാനും എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും അതിൽ അംഗത്വം നൽകാനും തീരുമാനിച്ചു. ''കശ്മീർ സിംഹത്തിന്റെ ലക്ഷ്യം എന്ത്? ഹിന്ദു മുസ്ലിം സിഖ് ഐക്യം'' എന്ന മുദ്രാവാക്യം സംസ്ഥാനത്താകെ അലയടിച്ചു. കശ്മീരിൽ പത്രപ്രവർത്തകനായിരുന്ന കാലത്ത് ഷേഖിനോട് ഈ ലേഖകൻ മതനിരപേക്ഷ പാത സ്വീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഒരിക്കൽ ചോദിച്ചു. പ്രശസ്ത ഉർദു കവി ഇക്ൾബാലാണു അതിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു തലമുറ മുമ്പു മാത്രം ഇസ്ലാം മതം സ്വീകരിച്ച ഒരു പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച ഇക്ൾബാൽ 'സാരെ ജഹാൻ സെ അച്ചാ ഹിന്ദുസ്താൻ ഹമാരാ' എന്ന് പാടി. പാക്കിസ്ഥാൻ രൂപീകരണം ആവശ്യപ്പെടുന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതും അദ്ദേഹമാണ്. അന്ന് ലീഗ് വിഭാവന ചെയ്തത് ഫെഡറൽ ഇന്ത്യയുടെ ഭാഗമായ, സ്വയംഭരണമുള്ള പാക്കിസ്ഥാൻ ആയിരുന്നു. എന്നാൽ ഏഴു കൊല്ലത്തിനുശേഷം പാക്കിസ്ഥാൻ പിറന്നത് പൂർണ്ണ സ്വതന്ത്ര രാജ്യമായാണ്. ഇക്ൾബാൽ അന്ന് ജീവിച്ചിരുന്നെങ്കിൽ, ഷേഖ് അബ്ദുള്ളയെയും വടക്കു പടിഞ്ഞാറൻ അതിർത്തി പ്രിവിശ്യയിലെ ഖാൻ അബ്ദുൾ ഗാഫർ ഖാനെയും പോലെ തീർത്തും അസന്തുഷ്ടനാകുമായിരുന്നു. പാക്കിസ്ഥാൻ വരുമെന്ന് വ്യക്തമാവുകയും ലീഗിൽ നിന്നു വിട്ടുനിന്ന മറ്റ് മുസ്ലിം നേതാക്കൾ അങ്ങോട്ടു ചേക്കേറുകയും ചെയ്തപ്പോഴും മതനിരപേക്ഷ പാതയിൽ ഉറച്ചുനിന്നവരാണ് ഗാഫർ ഖാനും ഷേഖ് അബ്ദുള്ളയും. ജിന്ന കശ്മീരിലെത്തി ഷേഖിനെ പാക്കിസ്ഥാനിൽ ചേരാൻ ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചപ്പോൾ ജിന്ന പറഞ്ഞു: ''ഇന്ത്യയിലെ ജയിലിൽ നരകിക്കാനാണ് അദ്ദേഹത്തിന്റെ വിധി.'' ആ ശാപവാക്കുകൾ ഫലിച്ചു. ഷേഖ് ഇന്ത്യയിലെ ജയിലിലും ഗാഫർ ഖാൻ പാക്കിസ്ഥാനിലെ ജയിലിലും നരകിച്ചു. വിഭജനം അവർക്കു നൽകിയത് ഏത് ജയിലിൽ നരകിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരം മാത്രമാണ്.
'രാജഭരണകൂടം ജയിലിലടച്ച ഷേഖ് അബ്ദുള്ള പുറത്തു വരുമ്പോൾ ബ്രിട്ടീഷുകാർ വിഭജന തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. രണ്ട് പുതിയ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന നാട്ടുരാജ്യമെന്ന നിലയിൽ ജമ്മു കശ്മീരിന് ഏതിൽ വേണമെങ്കിലും ചേരാനാകും. ഷേഖ് കോൺഗ്രസിനൊപ്പം പിടിച്ചു നിർത്തിയിരുന്ന കശ്മീരി മുസ്ലിങ്ങളിൽ പലരും പാക്കിസ്ഥാൻ അനുകൂലികളായി മാറി. പണ്ഡിറ്റുകളുടെ സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന പ്രേം നാഥ് ബജാജ് പോലും മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാവുകയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചു. ഷേഖ് കശ്മീരിന്റെ ഭാവി സംബന്ധിച്ച് ഇന്ത്യയുമായും പാക്കിസ്ഥാനുമായും ചർച്ച നടത്തി. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്തിന് സ്വയംഭരണാവകാശം നൽകാമെന്ന് പാക്കിസ്ഥാൻ ഉറപ്പു നൽകി. ഇക്കാര്യം നെഹ്രുവിനെ അറിയിച്ച്‌പ്പോൾ അദ്ദേഹം ചോദിച്ചു: ''താങ്കൾക്ക് അവരെ വിശ്വസിക്കാനാകുമോ?'' അതോടെ ഷേഖ് പിൻവാങ്ങി. പാക്കിസ്ഥാൻ പട്ടാളം ഗോത്രവർഗ്ഗക്കാരെ സംഘടിപ്പിച്ച് ബലപ്രയോഗത്തിലൂടെ കശ്മീർ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങുകയും കൊലപാതകങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുകയും ചെയ്തപ്പോൾ കശ്മീരിന്റെ രക്ഷക്കായി മുന്നോട്ടു വരാൻ ഷേഖ് ജനങ്ങളോടാവശ്യപ്പെട്ടു. മഹാരാജാവ് ഇന്ത്യയിൽ ലയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഷേഖ് അബ്ദുള്ളയുടെ സമ്മതം കൂടി വേണമെന്ന് നെഹ്രു നിർദ്ദേശിച്ചു. നാടിന്റെ രക്ഷക്കായി സംഘടിക്കാൻ ഷേഖ് കശ്മീരികളോട് ആവശ്യപ്പെട്ടു. ഇന്ത്യൻ സേന അക്രമികളെ കശ്മീർ താഴ്‌വരയിൽ നിന്ന് തുരത്തി. എന്നാൽ അവരെ പൂർണ്ണമായും പുറത്താക്കുന്നതിനു മുമ്പ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി വെടിനിർത്തലിന് ഉത്തരവിട്ടു. അങ്ങനെ ജമ്മു കശ്മീരിന്റെ ഏതാണ്ട് മൂന്നിലൊന്ന് പാകിസ്ഥന്റെ അധീനതയിലായി.
തിരുവിതാംകൂർ ഉൾപ്പെടെ പല നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിക്കുമ്പോൾ പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം, നാണയം എന്നിങ്ങനെ ഏതാനും വിഷയങ്ങളിൽ മാത്രമാണ് അധികാരം കേന്ദ്രത്തിന് കൈമാറിയത്. മറ്റ് വിഷയങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഉണ്ടാക്കാനുള്ള അവകാശവും അവയ്ക്ക് ഉണ്ടായിരുന്നു. മറ്റ് നാട്ടുരാജ്യങ്ങൾ ആ അവകാശം കയ്യൊഴിഞ്ഞെങ്കിലും ജമ്മു കശ്മീർ അത് തുടർന്നും നിലനിർത്തി. ഇന്ത്യയുടെ ഭരണഘടന തയ്യാറായപ്പോൾ ജമ്മു കശ്മീരിൽ ഭരണഘടനാ നിർമ്മാണം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് താത്കാലിക സംവിധാനമെന്ന നിലയിൽ ഇന്ത്യയുടെ ഭരണഘടനയിൽ കശ്മീരിനെ സംബന്ധിക്കുന്ന 370ആം വകുപ്പ് ചേർക്കപ്പെട്ടത്. അതനുസരിച്ച് പാർലമെന്റ് പാസാക്കുന്ന നിയമം ജമ്മു കശ്മീരിലേക്ക് നീട്ടുന്നതിന് പ്രസിഡന്റ് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. നെഹ്രുവും ഷേഖ് അബ്ദുള്ളയും 1952ൽ ഒപ്പിട്ട കരാർ ചില വിഷയങ്ങളിൽ സംസ്ഥാനത്തിനുള്ള സ്വയംഭരണാവകാശം അംഗീകരിച്ചു. ഭാരതീയ ജനസംഘവും അതിന്റെ പിൻഗാമിയായ ഭാരതീയ ജനതാ പാർട്ടിയും 370ആം വകുപ്പിനെ കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റി നിർത്തുന്ന ഒന്നായാണ് കാണുന്നത്. അത് റദ്ദാക്കണമെന്ന് ബിജെപി. ആവശ്യപ്പെടുന്നു. കശ്മീരിലെ വിഘടനവാദികളും ഈ വകുപ്പിനെ എതിർക്കുന്നു. അവരുടെ കണ്ണിൽ അത് ഇന്ത്യയിലെ നിയമങ്ങൾ കശ്മീരിലേക്ക് കടത്തിക്കൊണ്ടുവരാനുള്ള തുരങ്കമാണ്.
അമേരിക്കയുടെ സഹായത്തോടെ കശ്മീരിനെ സ്വതന്ത്രരാജ്യമാക്കാൻ ശ്രമിക്കുന്നെന്ന സംശയത്തെ തുടർന്ന് ഇന്ത്യാ ഗവണ്മെന്റ് 1953ൽ ഷേഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ബക്ഷി ഗുലാം മുഹമ്മദ് നാഷനൽ കോൺഫറൻസിന്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. ഇന്ത്യയിൽ ലയിച്ചപ്പോൾ നെഹ്രു വാഗ്ദാനം ചെയ്യുകയും ഐക്യരാഷ്ട്ര സഭ പിന്നീട് നിർദ്ദേശിക്കുകയും ചെയ്തതുപോലെ കശ്മീരിന്റെ ഭാവി നിശ്ചയിക്കാൻ ഹിതപരിശോധന നടത്തണമെന്ന ആവശ്യം ഷേഖ് അബ്ദുള്ളയുടെ അനുയായികൾ ഉന്നയിച്ചു. തുടർന്നുള്ള 22 കൊല്ലക്കാലം ഷേഖ് പ്ലെബിസൈറ്റ് ഫ്രന്റ് (Plebiscite Front) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് ഓരോരോ കാരണങ്ങൾ പറഞ്ഞു അദ്ദേഹത്തെ അറസ്റ്റു ചെയ്തും അദ്ദേഹത്തിന്റെ അനുയായികളുടെ നാമനിർദ്ദേശപത്രികകൾ തള്ളിക്കൊണ്ടുമാണ് കോൺഗ്രസ് ഭരണം നിലനിർത്തിയത്. ബഹുഭൂരിപക്ഷം ഭരണകകഷി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് വിശ്വാസ്യതയുണ്ടാക്കാൻ സർക്കാർ ജമാത്തെ ഇസ്ലാമിയെ മത്സരിക്കാൻ അനുവദിച്ചു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഏതാനും സ്വതന്ത്രരെ നിർത്തുകയും ചെയ്തു.
ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ൽ പാക്കിസ്ഥാൻ കശ്മീരിൽ കലാപം നടത്താൻ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. അവരെ ജനങ്ങൾ പിന്തുണക്കുമെന്ന് പാക്കിസ്ഥാൻ ഭരണാധികാരികൾ കരുതി. എന്നാൽ അതുണ്ടായില്ല. യുദ്ധം കശ്മീരിൽ ഒതുങ്ങുമെന്ന പാക്കിസ്ഥാന്റെ കണക്കുകൂട്ടലും തെറ്റി. ഇന്ത്യൻ സേന അന്താദ്ദേശിയ അതിർത്തി കടന്ന് ലാഹോറിന്റെ പടിവാതിൽക്കലിലെത്തി. ഇന്ത്യയും പാക്കിസ്ഥാനും 1971ൽ വീണ്ടും ഏറ്റുമുട്ടിയപ്പോഴും കശ്മീർ ജനത കലാപത്തിനു മുതിർന്നില്ല. ബംഗ്ലാദേശ് വേർപെട്ടതൊടെ പാക്കിസ്ഥാൻ ദുർബലമാവുകയും അതിന് കശ്മീർ പ്രശ്‌നം കുത്തിപ്പൊക്കാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. ഇന്ദിരാ ഗാന്ധി ഷേഖ് അബ്ദുള്ളയെ 1975ൽ വീണ്ടും അധികാരത്തിലേറ്റി. അതിന്റെ ഫലമായി രാജ്യമൊട്ടുക്ക് അടിച്ചമർത്തൽ നടന്ന അടിയന്തിരാവസ്ഥക്കാലത്ത് ജമ്മു കശ്മീർ ഏറെക്കുറെ ശാന്തമായിരുന്നു. അര നൂറ്റാണ്ടുകാലം കശ്മീരി യുവാക്കളുടെ ഹരമായിരുന്ന ഷേഖിന്റെ ചരമത്തിനുശേഷം കശ്മീരിലെ സ്ഥിതി വഷളായി. സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിസ്ഥാനിൽ ഒളിപ്പോരിന് അമേരിക്ക നൽകിയ സഹായം ഉപയോഗിച്ച് പാക്കിസ്ഥാൻ കശ്മീരിൽ ഭീകരപ്രവർത്തനം സംഘടിപ്പിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ഡൽഹിയിൽ നടന്ന അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ ജഗ്മോഹൻ ഗവർണർ എന്ന നിലയിലെടുത്ത ചില നടപടികൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ കൂടുതൽ മോശമാക്കി. ഭീകരവാദികൾ താഴ്‌വരയിലെ പണ്ഡിറ്റുകൾക്കെതിരെ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് അവർ കൂട്ടത്തോടെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിനു പുറത്തേക്കും പലായനം ചെയ്തു.
പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചിരുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്റ് വിമാനം റാഞ്ചൽ പോലുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അഫ്ഗാൻ യുദ്ധത്തെ തുടർന്ന് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തായിബ, ഹർക്കത്തുൾ മുജാഹിദീൻ, ജൈഷെ മുഹമ്മദ്, ഹർക്കത്തുൾ ഇസ്ലാം തുടങ്ങിയവ കശ്മീരിൽ സജീവമായി. അവ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സർക്കാർ സഹായത്തോടെ കശ്മീരി യുവാക്കൾക്ക് ഭീകരപ്രവർത്തനത്തിൽ പരിശീലനം നൽകുന്നുണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ള സാഹസികരും ഭീകരപ്രവർത്തകരുടെ കൂട്ടത്തിലുണ്ടെങ്കിലും പാക്കിസ്ഥാനിലാണ് റിക്രൂട്ടുമെന്റും പരിശീലനവും പ്രധാനമായും നടക്കുന്നത്. മതവികാരം ഉണർത്തിയാണ് ഭീകരർ ചാവേറുകളെ സംഘടിപ്പിക്കുന്നത്. വിഭജനത്തെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗ്ഗീയ കലാപമുണ്ടായപ്പോൾ കശ്മീർ ശാന്തമായിരുന്നുവെന്നത് ഈ ഘട്ടത്തിൽ അവശ്യം ഓർക്കേണ്ട വസ്തുതയാണ്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധം നടന്ന 1947ലും 1965ലും 1971ലും കശ്മീരിൽ പ്രകടമാകാഞ്ഞ ഇന്ത്യാവിരുദ്ധ വികാരം പിൽക്കാലത്ത് പടരാനുണ്ടായ സാഹചര്യം സത്യസന്ധമായി വിലയിരുത്തപ്പെടണം. കശ്മീരിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം വളരെയേറെ പണം അനുവദിക്കുകയുണ്ടായി. അതിലേറെയും ഇടനിലക്കാരുടെ കീശയിലാണ് പോയത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ കശ്മീരിലും തൊഴിലില്ലായ്മ ഗുരുതരമായ പ്രശ്‌നമാണ്. കശ്മീരിൽ, പ്രത്യേകിച്ചും അവിടത്തെ യുവാക്കളിൽ, നിലനിൽക്കുന്ന അസംതൃപ്തി മറ്റ് സംസ്ഥാനങ്ങളിലുള്ളതിൽ നിന്ന് വ്യത്യസ്തമല്ല. കശ്മീരിലെ സവിശേഷ സാഹചര്യങ്ങളിൽ അസംതൃപ്തി മതകേന്ദ്രീകൃതമായി പ്രകടിപ്പിക്കപ്പെടുന്നു എന്നതാണ് വ്യത്യാസം. അടിസ്ഥാനപരമായി ഇതിനെ ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും പ്രത്യേകം സംഘടിച്ച് പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതുപോലെ തന്നെയാണ്.
ജനങ്ങളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന ഭീകരപ്രവർത്തനത്തെ സർക്കാരിനു തീർച്ചയായും ലാഘവബുദ്ധിയോടെ സമീപിക്കാനാവില്ല. അതേസമയം അതിനെ നേരിടാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ വ്യാജ ഏറ്റുമുട്ടൽ കൊലകളും ബലാത്സംഗങ്ങളും നടന്നതായി ഔദ്യോഗിക അന്വേഷണങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്. സൈന്യത്തിനും അർദ്ധസൈനിക വിഭാഗങ്ങൾക്കും നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമം ഏതാനും കൊല്ലം മുമ്പ് ആദ്യമായി ജമ്മു കശ്മീരിലേക്ക് നീട്ടപ്പെട്ടു. ഭീകരപ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഈ നിയമം പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രം അതിനു തയാറായിട്ടില്ല. പട്ടാളക്കാർക്ക് കൈകൾ പിറകിൽ കൂട്ടിക്കെട്ടിക്കൊണ്ട് പ്രവർത്തിക്കാനാവില്ല എന്നതാണ് കേന്ദ്രം ഇതിനു നൽകുന്ന ന്യായീകരണം. അതേസമയം അതിക്രമങ്ങൾ സഹിച്ചുകൊണ്ട് ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കില്ലെന്ന് മനസിലാക്കാൻ സർക്കാരിനു കഴിയണം. കശ്മീർ പ്രശ്‌നം ആത്യന്തികമായി ഒരു രാഷ്ട്രീയ സമസ്യയാണ്. അതുകൊണ്ട് അതിന് രാഷ്ട്രീയമായിത്തന്നെ പരിഹാരവും കാണേണ്ടതുണ്ട്. നിർഭാഗ്യവശാൽ അതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ല.
പുറത്തു നിന്നുള്ളവർ ഭൂമിയും മറ്റ് വിഭവങ്ങളും കയ്യടക്കുന്നത് തടയുവാനായി രാജഭരണ കാലത്തുണ്ടാക്കിയ നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹിന്ദുത്വവാദികൾ ഇതിനെ എതിർക്കുന്നു. അവർ കരുതുന്നതുപോലെ ഈ നിയമങ്ങൾക്ക് മതവുമായി ബന്ധമില്ല. ജമ്മു കശ്മീർ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാവർക്കും, അവർ ഏതു മതത്തിൽ പെട്ടവരാണെങ്കിലും, അവ ഒരുപോലെ ബാധകമാണ്. ഇത്തരത്തിലുള്ള നിയമങ്ങൾ ഗോത്രവർഗ്ഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയൊട്ടുക്ക് നിലവിലുണ്ട്.
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴുണ്ടായിരുന്ന അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളിൽ ജമ്മു കശ്മീർ മാത്രമാണ് ഇന്നും അതേ പടി നിലനിൽക്കുന്നത്. ഇത്രമാത്രം വൈവിദ്ധ്യമുള്ള മറ്റൊരു സംസ്ഥാനം രാജ്യത്തില്ലെന്നുതന്നെ പറയാം. കശ്മീർ താഴ്‌വരയിലെ 90 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. എന്നാൽ ജമ്മു പ്രിവിശ്യയിൽ ഹിന്ദുക്കളാണ് കൂടുതൽ. ലഡാക്കിൽ ബുദ്ധമതസ്ഥരും. അതേസമയം ജമ്മു പ്രിവിശ്യയുടെ ഭാഗമായ പുഞ്ച്, രജൗരി, ഡോഡ എന്നീ ജില്ലകൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ലഡാക്കിന്റെ ഭാഗമായ കാർഗിൽ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. ജമ്മുവിലെയും കാർഗിലിലെയും മുസ്ലിങ്ങൾ താഴ്‌വരയിലെ മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്തരാണ്. അവർക്കിടയിൽ വിഘടനചിന്ത കടന്നിട്ടില്ല. കാർഗിലിൽ കൂടുതലും ഷിയ മുസ്ലിങ്ങളാണ്. കശ്മീർ താഴ്‌വരയിലെ ഹിന്ദുക്കളെല്ലാം ബ്രാഹ്മണരാണെന്നത് അബ്രാഹ്മണർ ജാതീയമായ അവശതകളിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടത്തോടെ മതപരിവർത്തനം ചെയ്തുവെന്ന് സൂചിപ്പിക്കുന്നു. മറ്റൊരു വിഭാഗങ്ങൾക്കുമിടയിലില്ലാത്ത സാംസ്‌കാരികമായ ഐക്യമാണ് കശ്മീരി മുസ്ലിങ്ങൾക്കും കശ്മീരി പണ്ഡിറ്റുകൾക്കുമിടയിലുണ്ട്. അവരെ വേർതിരിക്കുന്ന ഏക ഘടകം മതമാണ്. മതസ്പർദ്ധ ഇല്ലാതായാൽ -- ഇല്ലാതാകുമ്പോൾ എന്നു പറയുന്നതാവും നല്ലത് - നൂറ്റാണ്ടുകൾക്കു മുമ്പ് ചെയ്തതുപോലെ നാടുവിട്ട പണ്ഡിറ്റുകളെ തിരിച്ചുവിളിക്കാൻ കശ്മീരി മുസ്ലിങ്ങൾ തീർച്ചയായും മുൻകൈയെടുക്കും. അത്ര ശക്തമാണ് 'കശ്മീരിയത്ത്' എന്ന് വിവക്ഷിക്കപ്പെടുന്ന അവരുടെ സാംസ്‌കാരികത്തനിമ. (മുംബൈ കാക്ക)