കോട്ടയം: കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബു അറസ്റ്റിൽ. സംഭവത്തിനുശേഷം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ റിജേഷിനെ രാവിലെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിജേഷിനെ കൂടാതെ അയ്മനം പുല്ലാട്ട് ജയകുമാറിനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂർ തളിപ്പറമ്പ് രാജുഭവനിൽ പ്രിൻസ് ആന്റണി (23), ഇടുക്കി ദേവികുളം സ്വദേശി ജെയിൻ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിൻഘോഷ് (23) എന്നിവരെയാണു റിമാൻഡ് ചെയ്തത്. ചങ്ങനാശേരിയിൽ തിയറ്ററിൽ പൊലീസിനെ ആക്രമിച്ച കേസിലെകൂടി പ്രതിയാണു സിനുവെന്നും വെസ്റ്റ് എസ്ഐ എം.ജെ.അരുൺ പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 20പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10നാണ് കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വഞ്ചിയത്ത് പി.കെ. സുകുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. വീടിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുതവണയായി വീടാക്രമിച്ച് വാഹനങ്ങൾ അടിച്ചുതകർത്തുവെന്നാണ് വീട്ടുകാർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിനെ മദ്യപിച്ചെത്തിയ സാമൂഹിക വിരുദ്ധർ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനവും നടത്തി. പ്രതിഷേധയോഗം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അരുൺ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും കോട്ടയം വെസ്റ്റ് പൊലീസ് പറഞ്ഞു.റിജേഷിനെയും ജയകുമാറിനെയും വൈദ്യപരിശോദന പൂർത്തിയാക്കി വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.