കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാ അദ്ധ്യക്ഷൻ റിജുൽ മാക്കുറ്റി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ നേരത്തെ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് പ്രകാരമുള്ള വധശ്രമം ഒഴിവാക്കി കണ്ണൂർ ടൗൺ പൊലീസ് കോടതിയിൽ റിപ്പാർട്ട് നൽകി. കണ്ണൂരിലെ പൊലീസ് സിപിഎമ്മിന്റെ ഓഫീസിലെ ഭൃത്യന്മാരെ പോലെയാണ് പൊലിസ് പെരുമാറുന്നതെന്നും അതിനുള്ള തെളിവാണ് ഇതെന്നും ഇതിനെതിരനിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റിജിൽ മാക്കുറ്റി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

കണ്ണൂരിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ച മന്ത്രി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന കെ. റെയിൽ വിശദീകരണ യോഗത്തിലുണ്ടായ സംഘർഷത്തിൽ റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള ആറ് യൂത്ത് കോൺഗ്രസുകാരുടെ പേരിൽ മാത്രംകേസെടുത്ത കണ്ണൂർ ടൗൺ പൊലീസ് കോടതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് പ്രശോഭ് മൊഴാ റ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം.ഷാജർ , ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.പി ഷാജർ , റോബർട്ട് ജോർജ് , തുടങ്ങിയ ഡിവൈഎഫ്ഐ ക്കാരുടെ പേരിൽ കേസെടുത്തത്.

കോടതി നിർദ്ദേശ പ്രകാരം ഇവരുടെ പേരിൽ 308 വകുപ്പ് പ്രകാരം വധശ്രമ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.എന്നാൽ വധശ്രമ കുറ്റം നിലനിൽക്കില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കയാണ്.ഈയൊരു സാഹചര്യത്തിലാണ് കണ്ണൂരിലെ പൊലീസ് സിപിഎമ്മിന്റ ഓഫീസിലെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചത്.

പൊലീസിന്എ.കെ.ജി സെന്ററിൽ നിന്നാണ് ശമ്പളം കൊടുക്കുന്നതെന്നാണ് അവരുടെ വിചാരം. അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് വധശ്രമത്തിനുള്ള വകുപ്പ് ഒഴിവാക്കിയത്. തന്നെ ഡി.വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷാജർ ഉൾപ്പെടെ ആയുധം കൊണ്ടും കല്ലുകൊണ്ടും അക്രമിക്കുന്നത് വീഡിയോ ദൃശ്യത്തിലുണ്ടെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കെ. റെയിൽ വിശദീകരണ പരിപാടിയായ ജനസമക്ഷത്തിന്റെ യോഗസ്ഥലത്ത് അതിക്രമിച്ചു കടന്നുവെന്നാണല്ലോ ആരോപണമെന്ന് ചോദിച്ചപ്പോൾ ജയരാജന്റെ മകന്റെ കല്യാണം നടക്കുന്ന സ്ഥലത്തല്ല, തങ്ങൾ പോയതെന്നും ജനവിരുദ്ധമായ കെ. റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കല്ലാശേരി ഇരിക്കൂർ ബ്ലോക്ക് ഓഫീസുകൾക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ച മാർച്ച് നടത്തിയിരുന്നു.. വാഴാഴ്ച കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്താൻ തീരുമാനിച്ചതായും റിജിൽ മാക്കുറ്റി പറഞ്ഞു.